'ദിവസവും മുപ്പതു ലിറ്റർ പാലു കറക്കുന്ന ഘടാഘടിയന്മാരായ രണ്ട് ആസ്ട്രേലിയൻ പശുക്കളെ ഞാൻ നിങ്ങക്കു തരാം...' മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായ 'നാടോടിക്കാറ്റിൽ' ഹൗസ് ഓണർ (ശങ്കരാടി) ദാസനോടും വിജയനോടും (മോഹൻലാൽ-ശ്രീനിവാസൻ) പറയുന്ന ഡയലോഗാണിത്. മലയാളികൾ ഒരിക്കലും മറക്കാത്ത ഡയലോഗ്. പറഞ്ഞുവരുന്നത് ആ ജനപ്രിയ ചിത്രത്തെക്കുറിച്ചോ, ഓസ്ട്രേലിയൻ പശുക്കളെക്കുറിച്ചല്ല. നമ്മുടെ താരങ്ങൾ ഘടാഘടിയന്മാരായ രണ്ട് ഓസ്ട്രേലിയൻ കാളകളാണ്; അവയുടെ ഉയരം 192 സെന്റിമീറ്റർ, തൂക്കം 1400 കിലോഗ്രാമിലേറെ!
ഹോൾസ്റ്റീൻ ഫ്രീസിയൻ ഇനത്തിൽപ്പെട്ട കാളകളുടെ പേര് ഫ്രാങ്ക്, ടൈനി ടിം എന്നാണ്. ഓസ്ട്രേലിയയിലെ ഉയരംകൂടിയ കാളകളുടെ പട്ടികയിൽ അവ ഇടംപിടിക്കാനൊരുങ്ങുകയാണ്. മൃഗലോകത്തെ സൂപ്പർസ്റ്റാറുകളായി മാറിയിരിക്കുകയാണ് ഫ്രാങ്കും ടൈനിയും. കാഴ്ചയ്ക്കു ഭീമനാണെങ്കിലും സ്വഭാവത്തിൽ സൗമ്യരാണെന്നു പരിപാലകർ പറയുന്നു.
തെക്കൻ ടാസ്മാനിയയിൽ കംപാനിയൻ കൗസ് എന്ന കന്നുകാലി ദത്തെടുക്കൽ സംഘടനയുടെ സഹസ്ഥാപകയായ ക്രിസ്റ്റൽ കാമിലേരിയാണ് ഫ്രാങ്കിന്റെ പരിപാലകൻ. ആറു വർഷം മുമ്പ് വടക്കൻ ടാസ്മാനിയയിലെ ഫാമിൽനിന്നാണ് ഫ്രാങ്കിനെ ലഭിക്കുന്നത്. കശാപ്പുശാലയിലേക്കു കൈമാറാൻ നിശ്ചയിച്ചിരുന്ന കാളയെ യഥാർഥത്തിൽ കാമിലേരി രക്ഷപ്പെടുത്തുകയായിരുന്നു.