കണ്ണൂർ: വധശ്രമക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലിസ് ഉദ്യോഗസ്ഥൻ വിനോദയാത്ര നടത്തിയെന്ന് പരാതി. ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാനപൊലിസ് മേധാവിക്കും (ഡിജിപി) പരാതി നൽകിയത്.
ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലർക്കു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതികൾക്കൊപ്പം ജയേഷ് നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലിസ് അസോസിയേഷന്റെ മുൻ ജില്ലാ നേതാവുകൂടിയാണ് ജയേഷ്.
കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചത് ജയേഷിന്റെ സ്വാധീനം കൊണ്ടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.