Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട ശേഷം വാഹനവുമായി കടന്നുകളഞ്ഞ നാലംഗ സംഘം പിടിയിൽ. ശരത്, ചന്തു, അനീഷ്, ഗോകുൽ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് കോവളം കെഎസ് റോഡിൽ പൂങ്കുളത്തിനു സമീപത്തായിരുന്നു സംഭവം.
കാർ ഡ്രൈവർ പാച്ചല്ലൂർ സ്വദേശി രതീഷിനെ മർദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട ശേഷമാണ് സംഘം വാഹനം തട്ടിയെടുത്തത്. രതീഷിന്റെ മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തിരുന്നു. പ്രതികൾ തട്ടിയെടുത്ത വാഹനം തമിഴ്നാട്ടിലെ ഇരണിയലിൽ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഡ്രൈവറും പ്രതികളുമായി നേരത്തെയുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. കാർ രതീഷ് വാടകയ്ക്ക് എടുത്ത് ഓടിക്കുകയായിരുന്നു. പൂങ്കുളം ഭാഗത്തെ സിസിടിവിയിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വാഹനത്തിലെ ജിപിഎസ് പരിശോധിച്ചപ്പോൾ കാർ തമിഴ്നാട് ഭാഗത്ത് എത്തിയത് മനസിലായതോടെ തമിഴ്നാട് പൊലിസിനു വിവരം കൈമാറി. തമിഴ്നാട് പൊലിസ് വാഹനം കണ്ടെത്തിയപ്പോൾ കാറിനുള്ളിൽ ആരുമില്ലായിരുന്നു.
ഈ സമയം സമീപത്തെ ഹോട്ടലിൽ ആഹാരം കഴിച്ചെത്തിയ പ്രതികൾ കാറിനു സമീപത്ത് പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പ്രതികളിലൊരാളായ ശരത് മധുര ഭാഗത്ത് എത്തിയതറിഞ്ഞ് വിഴിഞ്ഞം പൊലിസ് അവിടെ എത്തി പിടികൂടുകയായിരുന്നു. പിടിയിലായ ശരത് കോവളം സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊല്ലം: കൊല്ലം ചടയമംഗലം കുര്യോട്ട് 13കാരനെ മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളിയിൽ നിന്ന് പ്രതി രാജേഷിനെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലെത്തിയ പ്രതി കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു.
മാധ്യമ വാർത്തകൾക്ക് പിന്നാലെ മുഖ്യമന്ത്രി കൊല്ലം റൂറൽ എസ്പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി എംഎസ് മൻസിലിൽ അൽ അസീം (43) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
നെയ്യാറ്റിൻകര ഭാഗത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് പ്രതി രാസലഹരിയുമായെത്തിയത്. വെള്ളായണി ജംഗ്ഷനിൽ വന്നിറങ്ങിയ പ്രതിയെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയിൽ നിന്ന് 27 ഗ്രാം എംഡിഎംഎ പൊലിസ് കണ്ടെടുത്തു. ഇയാൾ ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തു എത്തിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നടപടിക്രമങ്ങൾക്ക് ശേഷം കൂടുതൽ അന്വേഷണങ്ങൾക്കായി ഡാൻസാഫ് സംഘം ഇയാളെ നേമം പൊലിസിന് കൈമാറി.
Kerala
വിഴിഞ്ഞം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴിവെങ്കിടംഗ് ഹൗസിൽ വി.ബി. സതീഷ് ആണ് പിടിയിലായത്.
ഇയാളുടെ സഹോദരിയും കേസിലെ പ്രതിയാണ്. വിഴിഞ്ഞം സ്വദേശിനിയിൽ നിന്ന് ഇരുവരും ചേർന്ന് 1,65,700 രൂപ തട്ടിയെടുത്തതായാണ് പരാതി. ഫെബ്രുവരി മുതലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗൂഗിൾപേ വഴി പണം തട്ടിയത്.
പണം തിരികെ ആവശ്യപ്പെട്ടതോടെ പരാതിക്കാരിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കൾക്കും ജോലിചെയ്യുന്ന സ്ഥാപനത്തിലും അയച്ചുനൽകുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ സഹോദരിയും പരാതിക്കാരിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് വിഴിഞ്ഞം സ്വദേശിനി പരാതിയുമായി പൊലിസിനെ സമീപിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലത്ത് പരിപ്പുവടയിൽ ഉപ്പില്ലാത്തതിനാൽ ഹോട്ടൽ തല്ലിത്തകർത്തെന്നത് വ്യാജപ്രചരണമെന്ന് പൊലിസ്. ഗുണ്ടാസംഘങ്ങൾ വിവിധ കടകളിൽ കയറി ആക്രമണം നടത്തിയതാണെന്നും ഭക്ഷണത്തെ ചൊല്ലിയുള്ള പ്രശ്നമല്ലെന്നും പൊലിസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും പൊലിസ് അറിയിച്ചു. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകൾ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
ഇരുസ്ഥലങ്ങളിലുമുണ്ടായ ആക്രമണത്തിന് പിന്നിൽ ഒരേ സംഘം തന്നെയാണ്. നിരവധി കേസുകളിലെ പ്രതികളായ കൊള്ളി നിയാസും സുഹൃത്ത് ജാക്സണും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.
പെരുമ്പുഴയിലെ ഹോട്ടലിൽ പലഹാരം തയാറാക്കിയിരുന്ന ജീവനക്കാരനുനേരെ ആക്രമണമുണ്ടായി. ഇതേതുടർന്നാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ കട തല്ലിത്തകർത്തുവെന്ന വാർത്തകൾ പ്രചരിച്ചത്.
Kerala
തിരുവനന്തപുരം: ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ് അഭിജിത്ത് (23) ആണ് പിടിയിലായത്. ഇന്ന് വൈകിട്ടോടെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിൽ വച്ചായിരുന്നു പ്രതി പിടിയിലായത്.
പ്രതി ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നതായി പൊലിസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
രാവിലെ മുതൽ നിരീക്ഷിച്ച ശേഷമാണ് വൈകിട്ടോടെ പിടികൂടിയത്. ഫോർട്ട് എസി പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി പ്രതിയെ വിഴിഞ്ഞം പൊലിസിന് കൈമാറുകയായിരുന്നു. ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലിസ് പറയുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യയ്ക്ക് ആണ് പരിക്കേറ്റത്.
ഇതേതുടർന്ന് മകൻ സജീവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് സന്ധ്യയെ മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
സന്ധ്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ലോഡ്ജിലെ മുറിയിൽ എസിക്ക് തണുപ്പ് കുറവാണ് എന്ന് ആരോപിച്ചായിരുന്നു പ്രതികൾ ജീവനക്കാരനെ മർദിച്ചത്.
തോട്ടവാരം സ്വദേശികളായ ചിമ്മിനി അനി (40), ബിനു (55), കല്ലുവാതുക്കൽ സ്വദേശി ഗോപകുമാർ (60), ശ്രീകാര്യം സ്വദേശി കൃഷ്ണപ്രസാദ് (31) എന്നിവരാണ് അയ്യപ്പന് പുറമേ പിടിയിലായത്. ജീവനക്കാരനെ മർദിച്ച ശേഷം ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും മറ്റു പ്രധാന രേഖകളും പ്രതികൾ കൈക്കലാക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ അയ്യപ്പൻ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് അയ്യപ്പനെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിലെ രണ്ടാം പ്രതി ഉമർ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തനിക്ക് അഭിരാമിനെ അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും ഉമർ പറഞ്ഞു.
താൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല. തന്നെ പ്രതിയാക്കിയതാണെന്നും ഉമർ ആരോപിച്ചു. കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു ഉമറിന്റെ പ്രതികരണം.
കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും പൊലിസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് പ്രായപൂർത്തിയാകാത്ത പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
Kerala
ഇടുക്കി: ഇടുക്കിയിൽ പൊലിസ് സ്റ്റേഷന് മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. മറയൂർ പൊലിസ് സ്റ്റേഷന് മുന്നിലാണ് സംഭവം. മറയൂർ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ആക്രമണത്തെ തുടർന്ന് ഭർത്താവ് ശിവാനന്ദനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ ആണ് സംഭവം. ഭാഗ്യലക്ഷ്മിയും ശിവാനന്ദനും കുടുംബതർക്കത്തെ തുടർന്നാണ് പൊലിസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ചു. അതിനുശേഷം തിരിച്ചിറങ്ങുമ്പോഴാണ് പൊലിസ് സ്റ്റേഷന്റെ മുറ്റത്ത് വച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദൻ വാക്കത്തി കൊണ്ട് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ പൊലിസുകാർ ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. ശിവാനന്ദനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Kerala
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പിടിയിലായത്.
ഒക്ടോബർ 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വച്ച് ഇയാൾ പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർഥിനിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി.
ഭയന്നുപോയ കുട്ടിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. പൊലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാൽപതോളം സിസിടിവി ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.