ശാന്തൻപാറ: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശിനി റാണി (57) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചേരിയാറിൽ ആൾത്താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് റാണിയുടെ വീട്. പ്രദേശത്ത് താമസിച്ചിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രണ്ട് ദിവസമായി കാണാനില്ലെന്ന വിവരമുണ്ട്.
പൊലിസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു. വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വലതുകൈയിൽ അസ്ഥി മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടതായതോടെ വീട്ടിലും പരിസരത്തും അന്വേഷിക്കുകയായിരുന്നു. വീടിന് സമീപത്തെ നടപ്പാതയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.
ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
25 വർഷം മുൻപ് തേനിയിൽ വച്ച് ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റാണി. ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം കേരളത്തിലെത്തി ചേരിയാറിൽ സ്ഥലം വാങ്ങി താമസിച്ചുവരികയായിരുന്നു. ഇവരുടെ മക്കളായ റൂബൻ, ഡേവിഡ് എന്നിവർ മൂന്നാറിലാണ് താമസം.