കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടികയും (ഇൻവെന്ററി) തയാറാക്കണമെന്നു ഹൈക്കോടതി.
ക്ഷേത്രത്തിലെ സ്വർണവും രത്നങ്ങളും ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് നൽകിയ ഹർജിയിലാണു ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പട്ടിക വേണമെന്നാണ് ഗുരുവായൂർ ദേവസ്വത്തിന് നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ ഗുരുവായൂർ ദേവസ്വത്തിനു ലഭിക്കുന്ന സ്വർണാഭരണങ്ങൾ മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളിയൻ ബ്രാഞ്ചിലാണു നിക്ഷേപിക്കുന്നതെന്ന് ദേവസ്വം കോടതിയെ അറിയിച്ചു. റിസർവ് ബാങ്കിന്റെ കമ്മട്ടത്തിൽ എത്തിച്ചു ശുദ്ധീകരിച്ചശേഷമാണ് ഇവ നിക്ഷേപിക്കുന്നത്.
എന്നാൽ, രത്നങ്ങൾ പതിപ്പിച്ച കിരീടങ്ങൾ ഉൾപ്പടെയുള്ളവ ലഭിച്ച അതേപടി സൂക്ഷിക്കുകയാണെന്നും ഇവയുടെ തൂക്കം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ദേവസ്വം വ്യക്തമാക്കി. തുടർന്നാണ് ആസ്തിവിവര പട്ടികകൂടി തയാറാക്കണമെന്ന നിർദേശം കോടതി നൽകിയത്.
രത്നങ്ങളുടെ മൂല്യം പരിശോധിക്കാൻ സംസ്ഥാന -കേന്ദ്ര ഏജൻസികളുടെ സഹായം തേടാറുണ്ടെന്ന് ദേവസ്വം അറിയിച്ചു. ഹർജി വീണ്ടും 30ന് പരിഗണിക്കും.