കോഴിക്കോട്: സാക്ഷികളെ കോടതിയിൽ എത്തിക്കുന്നതാണ് കണ്ണൂരിലെ പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് മന്ത്രി കെ.എം.ഷാജി. അരിയിൽ ഷൂക്കൂർ വധക്കേസിലെ സാക്ഷികൾക്ക് വലിയ ഭീഷണിയുണ്ടായിരുന്നെന്നും ഷാജി പ്രതികരിച്ചു.
കേസിൽ വിധി വരുന്നതിന് തൊട്ടുമുന്പായിരുന്നു മന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ സാക്ഷി പറയൽ വലിയ വെല്ലുവിളിയാണ്. സാക്ഷിപറയുന്ന ഘട്ടമാകുമ്പോൾ ആളുകളെ കാണാൻ കഴിയില്ല. ഇത് കണ്ണൂരിലെ ഒരു പ്രശ്നമാണ്. ഷുക്കൂർ കേസിലും സമാന അനുഭവം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു.
സാക്ഷികൾക്ക് വലിയ ഭീഷണികളുണ്ടായിരുന്നു. സാക്ഷികളുടെ വീടുകളിൽപോയി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതൽതന്നെ വളരെ സൂക്ഷ്മതയോടെയാണ് തങ്ങൾ കേസ് കൈകാര്യംചെയ്തതും സാക്ഷികളെ ഹാജരാക്കിയതും.
അവസാന സാക്ഷിയെ പോലും ഹാജരാക്കാൻ തീവ്രയജ്ഞം നടത്തിയിരുന്നു. ഗൾഫിൽനിന്നുപോലും ആളുകളെ കൊണ്ടുവന്നിരുന്നു. പി.ജയരാജനും ടി.വി. രാജേഷിനും കൊലപാതക ഗൂഢാലോചനയിൽ നൂറു ശതമാനം പങ്കുണ്ടെന്ന് ഉറപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.