Kerala
കോഴിക്കോട്: ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂരിലെ ബാങ്കിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരേ പൊലിസ് കേസ്. ഗതാഗത തടസമുണ്ടാക്കിയതിനും പൊലിസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തത്.
ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിന് കണ്ടാലറിയുന്ന ആറ് പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജപ്തി ഭീഷണി ഭയന്ന് കൂത്താളി സ്വദേശിയായ കവിത ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തര മുതല്‍ നാല് മണിക്കൂറോളം നേരം കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ ജനകീയ പ്രതിഷേധം നടന്നിരുന്നു. കടം എഴുതിത്തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംഎല്‍എമാര്‍, സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരും ബാങ്ക് അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ ജപ്തി നടപടികള്‍ നിയമവ്യവസ്ഥ പാലിച്ചുകൊണ്ടാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. വായ്പാ തിരിച്ചുപിടിക്കല്‍ നടപടികള്‍ നിലവിലുള്ള നിയമവ്യവസ്ഥകളും കോടതി നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമാണെന്നും വായ്പാ കുടിശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) ഉള്‍പ്പെടെയുള്ള അവസരങ്ങളും സാവകാശവും നല്‍കിയിരുന്നുവെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക് സാധിക്കാതെ വരികയായിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ 15 വരെ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.
കൂത്താളി കുഞ്ഞോത്ത് കുയ്യോടന്കണ്ടി ബാബു നടുവണ്ണൂര്‍ ശാഖയില്‍നിന്ന് 2018ല്‍ 7,68,000 രൂപയും ഭാര്യ കവിത 16,80,000 രൂപയും പരിധിയുള്ള രണ്ട് ഭവന വായ്പകള്‍ എടുത്തിരുന്നു.19 സെന്റ് ഭൂമി ഈടായി നല്‍കിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മറ്റ് ബാധ്യതകളും ഉള്‍പ്പെടെ കുടിശിക 49.59 ലക്ഷം രൂപയായി.
2021 ഫെബ്രുവരി അഞ്ചിന് വായ്പാ അക്കൗണ്ടുകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സര്‍ഫാസി നിയമത്തിലെ വകുപ്പ് പ്രകാരം സ്വത്ത് ഏറ്റെടുക്കാന്‍ 2023 മാര്‍ച്ച് 14ന്അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി അഡ്വ. കമ്മിഷണര്‍ അഞ്ചുതവണ ഒഴിപ്പിക്കല്‍ നോട്ടീസ് നല്കി.
2024 സെപ്റ്റംബര്‍ രണ്ടിലെ നോട്ടീസിനെതിരേ കവിത നല്കിയ ഹര്‍ജി 2025 ജൂണ്‍ അഞ്ചിന് എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ തള്ളി. തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതിയില്‍ മൂന്ന് റിട്ട് ഹര്‍ജികളും നല്‍കിയിരുന്നു. ഇവ തീര്പ്പാക്കിയതല്ലാതെ നടപടികള്‍ക്ക് സ്റ്റേ ലഭിച്ചിട്ടില്ല.
2026 ജനുവരി ഏഴിലെ ഒഴിപ്പിക്കല്‍ നോട്ടീസിനെ തുടര്‍ന്ന് കുടിശിക തീര്‍ക്കാന്‍ വായ്പക്കാര്‍ രണ്ടുമാസത്തെ സാവകാശം തേടി. ഇതിനിടെ ബാബു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ വീട് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും തള്ളപ്പെട്ടു.
ജൂലൈ 15ന് നടന്ന വായ്പാ അദാലത്തില്‍ 37 ലക്ഷം രൂപയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) സൗകര്യം ബാങ്ക് അനുവദിച്ചു. ജൂലൈ 31നകം 7.5 ലക്ഷവും സെപ്റ്റംബര്‍ 25നകം ബാക്കി തുകയും അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വായ്പാ ഇടപാടുകാര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചില്ല. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നോട്ടീസ് വായ്പാ ഇടപാടുകാര്‍ക്ക് നേരിട്ട് കൈമാറുകയായിരുന്നുവെന്നും ബാങ്ക്അധികൃതര്‍ വ്യക്തമാക്കി.
Kerala
ഇരിട്ടി: പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ച കേസിൽ മാതാപിതാക്കൾക്ക് 25,000 രൂപ പിഴ ചുമത്തി വിരാജ്പേട്ട പ്രിൻസിപ്പൽ കോടതി. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മാതാപിതാക്കൾക്ക് ശക്തമായ താക്കീതും കോടതി നൽകി. വീരാജ്പേട്ട ടൗൺ പരിസരത്ത് പൊലിസ് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇരുചക്ര വാഹവുമായി പിടികൂടിയ കേസിലാണ് കോടതി നടപടി.
ഒരു കുട്ടിക്ക് വാഹനം നൽകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കും. അതിനാൽ, മാതാപിതാക്കൾ കുട്ടികൾക്ക് വാഹനങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വാഹനം നൽകിയാൽ, മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോടതി വിലയിരുത്തി. വീരാജ്പേട്ട റൂറൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പിഴ തുക മാതാപിതാക്കൾ അടച്ചതായി പൊലിസ് അറിയിച്ചു .
Kerala
കൊച്ചി: യുവതികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. നാലു യുവതികള്‍ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്വദേശി ഹരിക്കെതിരെയാണ് മരട് പൊലിസ് കേസ് എടുത്തത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തതായാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
പരാതിക്കാരായ യുവതികളും പ്രതിയും പ്ലസ്ടു പഠനകാലത്ത് ഒരേ ക്ലാസില്‍ പഠിച്ചവരാണെന്നാണ് വിവരം. ചിത്രങ്ങള്‍ എങ്ങനെയാണ് നിര്‍മിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നിലെ സാഹചര്യവും പൊലിസ് പരിശോധിച്ചു വരികയാണ്.
Kerala
കാട്ടാക്കട: പുലിയൂർക്കോണം മാടച്ചിറയിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പ്രദേശവാസിയായ ഗിരീഷിനെയാണ് രാവിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വിവരം കാട്ടാക്കട പൊലിസിൽ അറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ഗിരീഷ്. രണ്ട് പെൺമക്കളുണ്ട്. ഒരു മകൾ വീടിന് സമീപത്ത് തന്നെ താമസിക്കുന്നുണ്ട്. ഗിരീഷിന്റെ അമ്മയും വീടിനടുത്താണ് താമസം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.
Kerala
കൊച്ചി: കടവന്ത്രയില്‍ ഹരിതകര്‍മസേനാംഗമായ 70കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി യാസില്‍ അഫ്രീതിനെ (29) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മാലിന്യം ശേഖരിക്കാനായി പോയ വയോധികയെ ബൈക്കിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വയോധിക പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്, ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് ഞായറാഴ്ച രാത്രി പിടികൂടിയത്. സംഭവത്തില്‍ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Kerala
കണ്ണൂർ: തലശേരിയില്‍ 110 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. നേപ്പാള്‍ സ്വദേശി ഗോപാല്‍ (32), ആസാം സ്വദേശി ദെബോജിത് (35) എന്നിവരാണ് നഗരത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
പ്രതികളില്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ചെന്നൈയില്‍ മോഷണം നടത്തിയശേഷം സ്വര്‍ണം കേരളത്തില്‍ വില്ക്കാന് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പൊലിസ് വ്യക്തമാക്കി.
നഗരത്തില്‍ നടത്തിയ സാധാരണ പരിശോധനയ്ക്കിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ചാലയില്‍ സ്വര്‍ണ വ്യാപാരിയില്‍ നിന്നും 250 പവന് സ്വര്‍ണം കവര്‍ന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചാല വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാറിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ജ്വല്ലറി അടച്ച ശേഷം സ്വര്‍ണം ബാഗിലാക്കി വീട്ടിലേക്ക് പോകവെയായിരുന്നു കവര്‍ച്ച.
വലിയശാലയിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെ മരക്കട റോഡില്‍ വച്ച് ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം സ്വര്‍ണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞെന്നാണ് നന്ദകുമാര്‍ പൊലിസില്‍ മൊഴി നല്‍കിയത്. പതിനഞ്ച് പവന് സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ആദ്യം ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെയാണ് 250 പവന് സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് പോലീസില്‍ മൊഴി നല്‍കിയത്.
പഴയ സ്വര്‍ണം വാങ്ങി ഉരുക്കിയെടുത്ത് പുതിയ സ്വര്‍ണമാക്കുകയാണ് ഇവരുടെ പണിയെന്ന് പൊലിസ് പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലസ്ഥാന നഗരത്തില്‍ ഉണ്ടായ ഈ കവര്‍ച്ചയില്‍ പ്രദേശവാസികളും ആശങ്കയിലായിട്ടുണ്ട്.
Kerala
കോഴിക്കോട്: രാത്രിയുടെ മറവില്‍ കനാലില്‍ മാലിന്യം തള്ളുന്നത് കണ്ട് ഓടിയെത്തിയ യുവാവിനെ ഓട്ടോയിടിച്ച് പരിക്കേല്പിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെ വടകര ചോറോട് പഞ്ചായത്തിലെ മാങ്ങോട്ട്പാറക്കടുത്താണ് സംഭവം.
കുട്ടൂലിപ്പാലം കനാലില്‍ മാലിന്യം തള്ളുന്നത് കണ്ടാണ് സമീപവാസിയായ ഫസല്‍ (25) ഓടിയെത്തിയത്. അപ്പോഴേക്കും ഓട്ടോ ഡ്രൈവര്‍ മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളി തിരിച്ചുവന്ന ഓട്ടോയ്ക്ക് ഫസല്‍ കൈകാണിച്ചപ്പോള്‍ ഫസലിനെ ഇടിച്ചിട്ട് നിറുത്താതെ പോവുകയായിരുന്നു.
വീഴ്ചയില്‍ ഫസലിന് പരിക്കേറ്റു. മാലിന്യം തള്ളുന്നതും ഫസലിനെ ഓട്ടോ ഇടിച്ചിട്ട് പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാങ്ങോട്ടുപാറ ഭാഗത്തേക്കാണ് ഓട്ടോ പോയത്. സംഭവം ശ്രദ്ധയില്‍പെട്ട ചോറോട് പഞ്ചായത്ത് അധികൃതരടക്കം ഫസലില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഫസല്‍ വടകര പൊലിസില്‍ പരാതി നല്കി.
Kerala
വൈപ്പിന്‍: ബസ് യാത്രക്കിടെ പഴ്സ് തട്ടിപ്പറിച്ചതായി പരാതി. പള്ളിപ്പുറം ചെറായി വാച്ചാക്കല്‍ വീട്ടില്‍ വി.എല്‍. ജോണിയുടെ പക്കല്‍ നിന്നാണ് പണമടങ്ങിയ പഴ്സാണ് അജ്ഞാതനായ യുവാവ് തട്ടിപ്പറിച്ചത്. 1,160 രൂപ നഷ്ടമായി.
ബുധനാഴ്ച രാത്രി ഏഴര മണിയോടെ വൈപ്പിന്‍ ഭാഗത്തുനിന്നും ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ മാലിപ്പുറത്തായിരുന്നു സംഭവം. തുടര്‍ന്ന് ജോണി ഞാറക്കല്‍ പൊലിസില്‍ പരാതി നല്കി.
Kerala
കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത 24കാരി ചോദ്യം ചെയ്യലിന് ഹാജരായില്ല. യുവതിയുടെ മാതാപിതാക്കളെ പൊലിസ് ചോദ്യം ചെയ്തു.
മകള്‍ ഹലോവീന്‍ പാര്‍ട്ടിക്കാണ് പോയതെന്ന് അറിയില്ല എന്നാണ് കുടുംബം മൊഴി നല്‍കിയത്. പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലിസ് ശേഖരിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ പേര് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 31ന് നടന്ന പാര്‍ട്ടിയിലെത്തിയ 30 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇവരോടെല്ലാം മൊഴി നല്കാന് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തവരുടെ വീടുകളിലെത്തി മൊഴിയെടുക്കാനാണ് പൊലിസ് നീക്കം.
പാര്‍ട്ടിയില്‍ 15കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന അലക്സിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പാര്‍ട്ടിയില്‍ ലഹരിവസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അലക്സ് രാസ ലഹരിയുപയോഗിച്ചിരുന്നോ എന്നതില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ലഭിച്ചിട്ടില്ല.
Kerala
കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പാര്‍ട്ടി ആസൂത്രണം ചെയ്തവരില്‍ ഒരാളായ 24കാരിയെ പൊലിസ് ചോദ്യം ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നുവോ എന്നറിയാനായി യുവതിയെ വിശദമായി ചോദ്യം ചെയ്യും.
എറണാകുളം സ്വദേശിയായ യുവതി റിമാൻഡില്‍ കഴിയുന്ന പ്രതി അലക്സിന്റെ സുഹൃത്താണ്. പാര്‍ട്ടിയില്‍ മദ്യം കൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലിസ് പരിശോധിച്ചു വരികയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30 ലേറെ പേര് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ഇവരുടെ വീടുകളിലെത്തി പൊലിസ് മൊഴിയെടുക്കും.
അതേസമയം, അലക്സിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി പൊലിസ് ഇന്ന് അപേക്ഷ നല്‍കും. പൊലിസിനെ അറിയിക്കാതെയാണ് സംഘം റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആളുകളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പൊലിസിനു പുറമെ എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 31ന് രാത്രിയില്‍ ആയിരുന്നു ഹാലോവീന്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ പിതാവ് മുന്‍കൂട്ടി അറിയിക്കാതെ റിസോര്‍ട്ടില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. പാര്‍ട്ടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി സംശയം തോന്നിയ ഇദ്ദേഹം വിവരം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
Kerala
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ മലയില്‍ ബസിനെതിരെ 154 കേസുകള്‍. സിഗ്നല്‍ തെറ്റിക്കല്‍, അമിതവേഗം, ഡോര്‍ തുറന്നിട്ട് സര്‍വീസ് നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അടക്കം 2022 മുതല്‍ 154 ഓളം കേസുകള്‍ ബസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ചുരുക്കം കേസുകളില്‍ മാത്രമാണ് പിഴ ഒടുക്കിയിട്ടുള്ളത്.
നിലവില്‍ മലയില്‍ ബസിന്റെ പെര്‍മിറ്റ് പത്തു ദിവസത്തേക്ക് എംവിഡി റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ നാലിന് ഉണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ അക്ഷര മരിച്ചത്. രാവിലെ എട്ടോടെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. അക്ഷരയുടെ മരണത്തിന് പിന്നാലെ ബസുകളുടെ അമിതവേഗത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
Kerala
വൈപ്പിന്‍: വല്ലാര്‍പാടം ഡിപി വേള്‍ഡിന്റെ ഗേറ്റിന് മുന്നില്‍ സമരം നടത്തിയ സംയുക്ത സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു. സമരത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.
സമരം ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി വര്‍ക്കിംഗ് പ്രസിഡന്റ് വിവേക് ഹരിദാസ്, സിഐടിയു നേതാവ് വി.എച്ച്. ശിഹാബുദ്ദീന്, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, ബിഎംഎസ് നേതാവ് റെജിമോന് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരു ദിവസം പലതവണ സ്കാനറിലൂടെ കടന്നുപോകേണ്ടി വരുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആശങ്ക ഉയര്‍ത്തിയാണ് ട്രേഡ് യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Kerala
കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ വിശദമായ അന്വേഷണത്തിന് പൊലിസ് നീക്കം. പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലിസ് ചോദ്യം ചെയ്യും.
പാര്‍ട്ടി നടന്ന റിസോര്‍ട്ടിന് നോട്ടീസ് നല്‍കും. പാര്‍ട്ടിയില്‍ മദ്യം എത്തിയതിനെ കുറിച്ചും മറ്റ് മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നും പൊലിസ് പരിശോധിക്കും. രണ്ടു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം കൊച്ചിയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ഇരുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
15കാരിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ കോട്ടയം സ്വദേശി അലക്സിനെ (20) പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ നാലിന് അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.
Kerala
കൊച്ചി: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ഡോ. ജോണ്സണ് കെ. വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുടെ കുടുംബ ഡോക്ടര്‍ ആണ് താനെന്നും ഡോക്ടര്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
പരാതിക്കാരി ദീര്‍ഘകാലമായി തനിക്ക് കീഴില്‍ ചികിത്സ നടത്തുന്നുണ്ടെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ആക്രമിച്ച ബന്ധുവായ യുവനടിക്കെതിരെയും ഡോക്ടര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
നടി തന്നെ കടവന്ത്രയിലെ ഫ്ലാറ്റില്‍ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്നു കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റ് ഉണ്ടെന്നും മര്‍ദനത്തിന് കടവന്ത്ര പൊലിസില്‍ പരാതി നല്കിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടര്‍ പറയുന്നു.
കേസ് നാളെ കോടതി പരിഗണിക്കും. അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടര്‍ വിദേശത്തേക്ക് കടന്നതായാണ് പൊലിസിന്റെ സംശയം.
Kerala
കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ റാലി ഗതാഗത കുരുക്കിന് കാരണമായതില്‍ പൊലിസ് കേസ് എടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകള്‍ക്കെതിരെയുമാണ് കേസ്.
എറണാകുളം ഗോശ്രീ പാലം മുതല്‍ മറൈന്‍ഡ്രൈവ് വരെയാണ് മുസ്ലിം ലീഗിന്റെ റാലി നടന്നത്. റാലിക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ഉള്ള പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസ് എടുത്തത്.
Kerala
കൊച്ചി: ഹലോവീന്‍ പാര്‍ട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ആലുവയിലെ റിസോര്‍ട്ടിലെ ലഹരി ഉപയോഗത്തിലും അന്വേഷണം. പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്തിരുന്നോ, റിസോര്‍ട്ട് അധികൃതരുടെ അറിവോടെയാണോ പരിപാടി നടന്നത് തുടങ്ങിയ കാര്യങ്ങളില്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ പീഡനം നടന്നതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. ഒക്ടോബര്‍ 31ന് ആയിരുന്നു റിസോര്‍ട്ടില്‍ ഹലോവീന്‍ പാര്‍ട്ടി നടന്നത്. 15കാരിക്ക് നേരെ നടന്ന അതിക്രമത്തില്‍ കടവന്ത്ര സ്വദേശിയായ അലക്സ് (20) എന്ന യുവാവിനെ പോക്സോ നിയമപ്രകാരം ആലുവ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുമതി വാങ്ങിയത്. എന്നാല്‍ പാര്‍ട്ടിയില്‍ മറ്റ് യുവാക്കളും ഉണ്ടായിരുന്നതായാണ് വിവരം. മറ്റൊരു പെണ്‍കുട്ടിയുടെ പിതാവ് മുന്‍കൂട്ടി അറിയിക്കാതെ റിസോര്‍ട്ടില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
പാര്‍ട്ടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി സംശയം തോന്നിയ ഇദ്ദേഹം വിവരം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ റിസോര്‍ട്ടിലെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഉന്നത സാമ്പത്തിക-സാമൂഹിക പശ്ചാത്തലമുള്ളവരുടെ മക്കളടക്കം നിരവധി പേര് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് സൂചന. സംഭവം പുറത്തറിയാതിരിക്കാന്‍ ആദ്യ ഘട്ടത്തില്‍ ആരും പരാതി നല്കാന് തയ്യാറായിരുന്നില്ല. പിന്നീട് പീഡനം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പൊലിസ് നടപടി സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Kerala
കൊച്ചി: സ്വകാര്യ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാരെ പിടികൂടി പൊലിസ്. ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ എട്ടു വരെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച മൂന്നു ഡ്രൈവര്‍മാരെയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്. ബസിന്റെ അമിതവേഗവും മറ്റു നിയമലംഘനങ്ങളുമാണ് പൊലിസ് പരിശോധിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച കാക്കനാട് ഇടിച്ചിറയില് നടന്ന അപകടത്തില്‍ തൃശൂര്‍ സ്വദേശിനിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ ജീവന് നഷ്ടമായിരുന്നു. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നു പോവുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലിസിനെ സ്വകാര്യ ബസ് ഇടിച്ചിട്ടിരുന്നു. ആംബുലന്‍സ് കടത്തിവിടുന്നതിനിടെയാണ് കാക്കനാട് റൂട്ടിലോടുന്ന മഹാത്മ എന്ന ബസ് ട്രാഫിക് പൊലിസിനെ ഇടിച്ചിട്ടത്. സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാത്തതില്‍ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലിസ് നിലവില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് എതിരെയും പൊലിസ് പിഴ ചുമത്തുന്നുണ്ട്. തുറന്നിട്ട വാതിലിലൂടെ തെറിച്ചുവീണ കന്യാസ്ത്രീ മരിക്കുകയും വിദ്യാര്‍ഥികള്‍ അടക്കം പുറത്തേക്ക് തെറിച്ചുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിത വേഗത, അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധവും അപകടകരവുമായ ഓവര്‍ടേക്കിംഗ്, ലഹരി കേസുകളിലടക്കം പ്രതികളായവരെ ജീവനക്കാരായി നിയമിക്കുക, നിയമപരമായ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാതിരിക്കുക, നിശ്ചിത ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ വിവിധ പരിശോധനകളില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
ബസിലെ ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കെ ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ല. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരും, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും നിരവധിയാണ്. റോഡിലെ തിരക്കുമൂലം നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള മത്സരയോട്ടത്തിനിടെ ഫുട്പാത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാര്‍ക്ക് പലപ്പോഴും ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Kerala
കൊച്ചി: ആലുവയിലെ റിസോര്‍ട്ടില്‍ നടന്ന ഹലോവീന്‍ പാര്‍ട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കടവന്ത്ര സ്വദേശി അലക്സിനെ (21) ആലുവ പൊലിസ് അറസ്റ്റ് ചെയ്തു. 15കാരിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തത്.
ആലുവ യുസി കോളജിന് സമീപമുള്ള റിസോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ആഘോഷങ്ങള്‍ക്കിടെ മദ്യസല്‍ക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: കൊച്ചിയില്‍ യുവ നടി പ്രതിയായ കേസില്‍ വന്‍ ട്വിസ്റ്റ്. മര്‍ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലിസ് ബലാത്സംഗക്കേസ് എടുത്തു. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ ഡോ. ജോണ്സണ് കെ. വര്‍ഗീസിനെതിരേയാണ് (41) പൊലിസ് കേസെടുത്തത്. ഇയാളുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
യുവനടിയുടെ ബന്ധുവായ 50കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഡോക്ടറുടെ പരിചയക്കാരിയായ സ്ത്രീയെ ഇയാള്‍ മദ്യം നല്കിയ ശേഷം ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുത്തത്. യുവ ഡോക്ടറെ പ്രമുഖ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം.
അതേസമയം, അടുത്ത ബന്ധുവിനെ പീഡനത്തിന് ഇരയാക്കിയ കുടുംബ ഡോക്ടറെ തടങ്കലിലാക്കി മര്‍ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ നടിയും അഭിഭാഷകയുമായ എറണാകുളം ഹില്‍പാലസ് അന്‍സല്‍ സിറ്റി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിന്‍ പെരുമ്പിള്ളി (ബിബിന്‍ ബേബി 42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ ഒമ്പതുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് പുതിയ ട്വിസ്റ്റ് ഉണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ എസ്സെന്‍ സ്പ്രിംഗ് ഡേല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു ഡോക്ടര്‍ക്ക് മര്‍ദനം ഏറ്റത്. പ്രമുഖ യുവനടന് തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ എടുത്ത അപ്പാര്‍ട്ട്മെന്റാണിത്.
അടുത്ത ബന്ധുവിന് അസുഖം മൂര്ച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടര്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. എന്നാല്‍ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികള്‍ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ഡോക്ടറില്‍ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡോക്ടറെ കുടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്.
ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ കടവന്ത്ര പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍പോഡ് എന്നിവ പ്രതികള്‍ കവര്‍ന്നതായും പരാതിയിലുണ്ടായിരുന്നു.
Kerala
കോഴിക്കോട്: ടൗണ്‍ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ചാപ്പയില്‍ സ്വദേശി തലനാര്‍തൊടിക വീട്ടില്‍ കെ.ടി.അര്‍ഫാനെ (24) കാപ്പ ചുമത്തി ജയിലിലടച്ചു.
ചേവായൂര്‍, പന്നിയങ്കര, കസബ, വെള്ളയില്‍, ടൗണ്‍ പൊലിസ് സ്റ്റേഷനുകളില്‍ അര്ഫാനെതിരേ കേസുകളുണ്ട്. ഒറ്റയ്ക്കും സംഘം ചേര്‍ന്നും ആളുകളെ തടഞ്ഞു നിര്‍ത്തി സ്വര്‍ണവും മൊബൈല്‍ ഫോണുകളും വിലകൂടിയ വസ്തുക്കളും കവര്‍ച്ച ചെയ്തതിനും ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയതിനും, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് പണവും മറ്റും നല്കി അവരെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതിനും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനുമായി നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് ജയിലിലായ പ്രതി ഒരു പ്രാവശ്യം ആറ് മാസവും പിന്നീടൊരു തവണ ഒരു വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഒരു മോഷണകേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ കഴിഞ്ഞു വരികെയാണ് കാപ്പ ചുമത്തപ്പെട്ട് വീണ്ടും ജയിലിലാകുന്നത്.
ടൗണ്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ധനഞ്ജയ ദാസ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ പദം സിംഗ് സമര്‍പ്പിച്ച ശിപാര്‍ശയിലാണ് കോഴിക്കോട് ജില്ലാകളക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Kerala
കലവൂർ: ആലപ്പുഴയിൽ കോലുമിഠായിയിൽ നിന്ന് ലഭിച്ചത് സ്റ്റീൽ ബോൾ. വലിയകലവൂർ സ്വദേശിയായ നാല് വയസുകാരനാണ് മിഠായിൽ നിന്ന് സ്റ്റീൽ ബോൾ ലഭിച്ചത്.
യന്ത്രങ്ങളുടെ ബെയറിംഗിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബോളാണ് മിഠായിൽ കണ്ടെത്തിയത്. കൂടുതൽ മിഠായികളിൽ സ്റ്റീൽബോൾ ഉണ്ടോയെന്നാണ് സംശയം. വിഷയത്തിൽ പരിശോധന നടത്തണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Kerala
പള്ളുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയായ അജിത്ത് (28) അറസ്റ്റില്‍.
പ്രസവ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രായത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയ ഡോക്ടറുടെ ഇടപെടലിലാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: മണിയൂരിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായി വടകര ചങ്ങരോത്ത് റഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് ഇയാളെ കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ബുധനാഴ്ച പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. 2026 ജനുവരി 16ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും, പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29ന് ഇയാള്‍ നാട്ടിലെത്തി.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. പയ്യോളി പൊലിസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി പൊലിസ് മുന്നോട്ടുപോകുകയായിരുന്നു.
ഒക്ടോബര്‍ 24നാണ് കൊയിലാണ്ടി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിന് പിന്നാലെ ഇയാള്‍ വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങുകയായിരുന്നു. പ്രതിക്ക് പൊലിസ് ഒത്താശ ചെയ്തുവെന്ന ആരോപണം ശക്തമാണ്.
Kerala
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമക്കെതിരെയാണ് കേസെടുത്തത്. 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
സാമൂഹിക മാധ്യമത്തിലൂടെയാണ് യുവാവ് യുവതിയുമായി പരിചയത്തിലായത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്നുമാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ആകെ 20,81,450 രൂപ യുവതി വാങ്ങിയെന്നാണ് ആരോപണം. ഇതിനിടെ യുവതി നേരത്തെ വിവാഹിതയാണെന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് തട്ടിപ്പ് മനസിലാക്കിയതോടെയാണ് പൊലിസിനെ സമീപിച്ചത്. കേസെടുത്ത പോലീസ് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹമാണ് എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് മരണം എന്നാണ് പൊലിസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നും ലഹരി വസ്തുക്കളുടെ കുപ്പികളടക്കം ലഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മറ്റൊരു മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
അടുത്തിടെയായി പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ നാലില്‍ അധികം മൃതദേഹങ്ങള്‍ പെരുമ്പാവൂരിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ദിവസങ്ങളോളം പഴക്കമുള്ള നിലയില്‍ അഴുകിയ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
Kerala
വൈപ്പിന്‍: മദ്യലഹരിയില്‍ ബസ് ഓടിച്ചയാളെ മുളവുകാട് പൊലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ഡ്രൈവറായ കൊച്ചി വാഴക്കാല കുണ്ടുവേലി വീട്ടില്‍ ഹരീഷ് (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നോര്‍ത്ത് മുളവുകാട് ഓള്‍ഡ് ബോള്‍ഗാട്ടി റോഡിലെ ബസ്റ്റോപ്പില്‍ പൊലിസ് പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. ഇയാള്‍ ഓടിച്ച ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു.
Kerala
വൈപ്പിന്‍: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. മാലിപ്പുറം വളപ്പ് ആര്എംപിചിറ തൈവേലിക്കകത്ത് ടി.എസ്. വിഷ്ണുവിനാണ് (23) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് വളപ്പ് ഗ്യാസ് ഗോഡൗണിന് സമീപത്തായിരുന്നു സംഭവം.
പരിസരവാസിയും സുഹൃത്തുമായ കെ.കെ. അജിത്ത് എന്നയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. പ്രതിക്ക് കൊച്ചുകുട്ടികളെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാല്‍ കുറച്ചുനാള്‍ മുമ്പാണ് വിഷ്ണു ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചത്.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് ഞാറക്കല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. വിഷ്ണുവിന്റെ വയറിലാണ് പരിക്കേറ്റത്. വയറില്‍ കത്തി കൊണ്ട് വരയുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Kerala
കോഴിക്കോട്: മണിയൂരിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന കേസിലെ പ്രതി വടകര ചങ്ങരോത്ത് റഫീഖ് പൊലിസ് കസ്റ്റഡിയില്‍. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം പയ്യോളി പൊലിസ് സ്റ്റേഷനിലെത്തിച്ചു.
ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. 2026 ജനുവരി 16ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും, പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29ന് ഇയാള്‍ നാട്ടിലെത്തി.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. പയ്യോളി പൊലിസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി പൊലിസ് മുന്നോട്ടുപോകുകയായിരുന്നു.
ഒക്ടോബര്‍ 24നാണ് കൊയിലാണ്ടി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിന് പിന്നാലെ ഇയാള്‍ വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങുകയായിരുന്നു. പ്രതിക്ക് പൊലിസ് ഒത്താശ ചെയ്തുവെന്ന ആരോപണം ശക്തമാണ്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ അതിജീവിതയെ കൊല്ലാന്‍ ശ്രമിച്ച് പോക്സോ കേസ് പ്രതി. അറക്കപ്പടി സ്വദേശി അദ്നാന് ആണ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും പ്രതി ആക്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് എട്ടിനാണ് അദ്നാന് അറസ്റ്റിലാകുന്നത്. ഒക്ടോബര്‍ 18ന് ആണ് അദ്നാന് ജാമ്യത്തില്‍ ഇറങ്ങിയത്. പെരുമ്പാവൂരിന് അടുത്തുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കത്തി വീശുന്നതിനിടെ കുതറി മാറിയ പെണ്‍കുട്ടിയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചു മാറ്റുകയായിരുന്നു. പ്രതി ഓടിപ്പോയെങ്കിലും പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ സമീപത്ത് നിന്നും തന്നെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
വൈപ്പിന്‍: ബസ് സ്റ്റാന്‍ഡില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ഫോര്‍ട്ട് വൈപ്പിന്‍ പണിക്കരുപടി സ്വദേശി ശരത്ത് (28) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പണിക്കരുപടി ബസ് സ്റ്റോപ്പില്‍ സംശയകരമായി കണ്ട ഇയാളെ മുളവുകാട് പൊലിസ് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിനെതിരെ കേസ് എടുത്തശേഷം ജാമ്യത്തില്‍ വിട്ടു.
Kerala
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയില്‍ ആലുവ റൂറല്‍ സൈബര്‍ പൊലിസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെതിരെ കേസ് എടുത്തത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഹാദിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലിസ് രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഹാജരായിരുന്നില്ല.
ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലിസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നിഹാദ് എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ഇയാളുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ നിഹാദിന്റെ ഗ്യാംഗിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൽപറ്റ: വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. തനിക്കെതിരേ നടന്നത് രാഷ്ട്രീയ വിചാരണയാണെന്നും താൻ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അറിയിച്ചു.
തന്നെ സംബന്ധിച്ച് ഒന്നും മറയ്ക്കാനില്ല. തന്റെ കുട്ടികളെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവിടാനുള്ള ബാധ്യത തനിക്കുണ്ട്. ഒരുപാട് ചാനലുകാരെ വിളിച്ചുവരുത്തി ഒരു പ്രതിയെ ഇറക്കുന്നതു പോലെയാണ് തന്നെ ബസിൽ നിന്നിറക്കിയത്. രക്ഷിതാക്കളെക്കാൾ കൂടുതൽ പ്രാദേശിക രാഷ്ട്രീയക്കാരാണ് അവിടെ തടിച്ചുകൂടിയത്. അവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തന്റെ കുട്ടികളാരും തനിക്കെതിരേ സംസാരിച്ചിട്ടില്ലെന്നും ഷിവി കൃഷ്ണൻ കൂട്ടിച്ചേർത്തു.
ആരും പരാതിപ്പെട്ടില്ലെങ്കിലും രക്തം പരിശോധിക്കാൻ താൻ സന്നദ്ധനായി. തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. മാനസികമായി വളരെയേറെ തകർന്നുപോയി. ഒരു കാര്യവുമില്ലാത്ത കാര്യത്തിന് പൊതുസമൂഹത്തിനു മുന്നിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്ക് പോയി.
കുറേക്കാലമായി പിടിഎയെ ബന്ധപ്പെടുത്തി കുറേയാളുകൾ രാഷ്ട്രീയപരമായി തർക്കങ്ങളുമായി രംഗത്തുണ്ട്. എന്നോട് വ്യക്തിപരമായി എതിർപ്പ് സൂക്ഷിക്കുന്നയാളുകളുണ്ട്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരായ വിചാരണയെന്നും സത്യം തെളിയുമെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനു ടെലിഫോണിലൂടെ അജ്ഞാതന്റെ ഭീഷണി. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ച് അജ്ഞാതൻ കേട്ടാൽ അറയ്ക്കുന്ന വിധത്തിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.
മ്യൂസിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവേയാണ് ഭീഷണി സന്ദേശം.
Kerala
കൊച്ചി: എറണാകുളം കടവന്ത്രയിലെ പാര്‍ക്കില്‍ യുവാവ് മരിച്ചനിലയില്‍. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഫര്‍ഹാനാണ് (20) മരിച്ചത്. കടവന്ത്ര ഗ്രൗണ്ട് ഗാലറി പാര്‍ക്കിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഊഞ്ഞാലിലെ ചങ്ങല കഴുത്തിൽ കുരുക്കി ജീവനൊടുക്കുകയായിരുന്നു.
പെണ്‍സുഹൃത്തിനൊപ്പമാണ് യുവാവ് പാര്‍ക്കിലെത്തിയത്. പുലര്‍ച്ചെ പാര്‍ക്കിലെത്തിയ ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവാവ് ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുക്കുകയുമായിരുന്നു.
ഇത് കണ്ട യുവതി പുറത്തേക്ക് ഇറങ്ങി വഴിയാത്രികരോട് സഹായമഭ്യര്‍ഥിക്കുകയും ഹോസ്റ്റലില്‍ താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു. പിന്നാലെ പൊലിസ് എത്തി ചങ്ങല മുറിച്ച് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Kerala
വൈപ്പിന്‍: വായ്പയെടുത്തു കുടിശിക വരുത്തിയവര്‍ക്കെതിരെയുള്ള ആര്ബിട്രേഷന് നടപടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ രണ്ടംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തതായി പരാതി.
കൊച്ചി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സ്പെഷല്‍ സെയില്‍ ഓഫീസര്‍ തൊടുപുഴ കൈതക്കോട് ആലുങ്കല്‍ ഷിഹാബ് കരീം, എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ സിയാദ്, ആദിത്യ വിനോദ്, ഹര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൈയേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാബസാറിലായിരുന്നു സംഭവം.
ഈ ഭാഗത്ത് നോട്ടീസ് നല്കാന് വേണ്ടി എത്തിയ സംഘത്തിന്റെ കാര്‍ ബൈക്ക് കൊണ്ട് വട്ടം വച്ച് തടഞ്ഞ ശേഷം രണ്ടംഗസംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഞാറക്കല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍, തോട്ടുങ്കല്‍ ലിജേഷ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു.
Kerala
മീനങ്ങാടി: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് സ്കൂളിൽ പ്രതിഷേധം. പിടിഎ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവാദമായത്.
വിനോദയാത്രയ്ക്കു ശേഷം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർക്കാണ് അന്വേഷണച്ചുമതല. വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങൾ വിശദമായി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വിദ്യാർഥികളുടെ സുരക്ഷയും അധ്യാപകരുടെ ഉത്തരവാദിത്വവും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് രക്ഷിതാക്കളുടെയും പ്രതിഷേധക്കാരുടെയും ആവശ്യം.
Kerala
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിന് കണ്ണൂര്‍ റേഞ്ചിലെ പൊലിസ് ജില്ലകളില്‍ 27ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 51 കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്.
കോഴിക്കോട് റൂറല്‍-14, കാസര്‍ഗോഡ്-13, കണ്ണൂര്‍ സിറ്റി-12, കണ്ണൂര്‍ റൂറല്‍-ആറ്, കോഴിക്കോട് സിറ്റി-5,വയനാട്-ഒന്ന് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയ ആര്‍സി ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
Kerala
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂര്‍ റേഞ്ചിലെ പൊലിസ് ജില്ലകളില്‍ ഒക്ടോബര്‍ 27ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് റൂറലില്‍ (14) റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും, കണ്ണൂര്‍ റൂറലില്‍ ആറും, കോഴിക്കോട് സിറ്റിയിൽ അഞ്ചും , വയനാട് ഒരു കേസും കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന ആര്‍സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പൊലിസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
Kerala
കൊച്ചി: സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മട്ടാഞ്ചേരി-ചേരാനല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ അയ്യപ്പന്‍കാവ് സ്വദേശി അലനെതിരെ (18) പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു. 15കാരിക്ക് നേരെ തുടര്‍ച്ചയായി അതിക്രമം നടത്തിയ കണ്ടക്ടര്‍ ഇന്നും മോശമായി പെരുമാറിയിരുന്നു.
അസഭ്യമായി സംസാരിക്കുകയും പെണ്‍കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടറെ എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു.
Kerala
വൈപ്പിന്‍: മദ്യപിച്ച് ലൈസന്‍സ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച യുവാവ് പിടിയില്‍. നായരമ്പലം വെളിയത്തുപറമ്പ് തായാട്ടുപറമ്പ് ടി.കെ. ഷിനി (48) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഞാറക്കല്‍ പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Kerala
ചെറായി: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് 40കാരിയായ വീട്ടമ്മയില്‍ നിന്നും 48,500 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. മുനമ്പം ജനഹിത ബീച്ച് റോഡ് സ്വദേശിയായ വീട്ടമ്മ നല്കിയ പരാതിയില്‍ കുന്നുകര സ്വദേശി അലി കുഞ്ഞിനെതിരെ മുനമ്പം പൊലിസ് കേസ് എടുത്തു.
ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള ഒരു മാസത്തിനിടയില്‍ പല ഗഡുക്കളായി ഗൂഗിള്‍ പേ വഴിയാണ് വീട്ടമ്മ ഇയാള്‍ക്ക് പണം നല്‍കിയത്. ഖത്തറിലെ പാരീസ് ഫുഡ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
എന്നാല്‍ നാളിതുവരെയായി ജോലി തരപ്പെടുത്തുകയോ വാങ്ങിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയത്.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫിസിനു കല്ലെറിഞ്ഞ സംഭവത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരേ കേസ്. കെ.വി. ധനേഷിനെതിരേയാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. കല്ലേറിൽ ഓഫിസിന്റെ ജനൽചില്ലുകൾ തകർന്നിരുന്നു.
അസോസിയേഷൻ സെക്രട്ടറി കെ.വി. അശോക്കുമാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു ധനേഷിനെതിരേ കേസെടുത്തത്. സിഡിഎഫ്എ ഓഫിസിനു തൊട്ടു മുന്നിലുള്ള മിൽമ ബൂത്തിനു സമീപത്തുനിന്ന് കല്ലെറിയുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മേയിൽ നടന്ന ജില്ല സൂപ്പർ ഡിവിഷൻ ലീഗ് മത്സരത്തിനിടെ അസോസിയേഷനെയും സെക്രട്ടറിയെയും അസഭ്യം പറഞ്ഞതിന്റെ പേരിൽ കണ്ണൂർ യുണൈറ്റഡ് ക്ലബിന്റെ ഭാരവാഹികൂടിയായ ധനേഷിനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാകാം ആക്രമണത്തിനു കാരണമെന്നു പറയുന്നു. കൂടാതെ യുണൈറ്റഡ് ക്ലബിന്റെ ഒരു കളിക്കാരന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് കാരണം ജില്ലാ ടീമിൽ ഇടം കിട്ടിയിരുന്നില്ല. ഇന്റർസ്റ്റേറ്റ് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച് കളിക്കാരൻ ക്ലബ് അധികൃതരെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നിൽ സിഡിഎഫ്എ അധികൃതരാണെന്ന സംശയവും പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പറയുന്നു.
Kerala
പാലക്കാട്: കള്ളുഷാപ്പിലെ തൊഴിൽനിയമനവുമായി ബന്ധപ്പെട്ട തർക്കത്തെച്ചൊല്ലി മണ്ണാർക്കാട്ട് സിപിഎം-സിഎംപി പ്രവർത്തകർ ഏറ്റുമുട്ടി. വെള്ളിയാഴ്ച രാവിലെ ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലിസ് ലാത്തിവീശി.
വ്യാഴാഴ്ച ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ സിപിഎം പ്രവർത്തകർ പട്ടണത്തിൽ പ്രകടനം നടത്തി. ഇതിനിടെ സിഎംപി പ്രവർത്തകരും രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. തുടർന്ന് പൊലിസ് ലാത്തിവീശുകയായിരുന്നു.
വിരമിച്ച ജീവനക്കാരനു പകരം ജോലിക്കെത്തിയ ആളെ ഷാപ്പിന്റെ കരാറുകാരൻ തിരിച്ചയച്ചെന്നാരോപിച്ചാണ് സിഎംപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പ്രതിഷേധമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറിയത്.
Kerala
കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് കേസുകളിലാണ് എബിൻ പോളിനെതിരെ പൊലിസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിൽ ഇയാൾ ആക്രമണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊച്ചി മാർക്കറ്റിന് സമീപമുള്ള സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലാണ് എബിൻ പോളിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രതിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ എൻഐഎ സംഘം എബിൻ പോളിനെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. സിനഗോഗ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എബിൻ പോൾ ആക്രമണം നടത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ മേക്കപ്പാടത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ടായിരുന്നു ഇയാൾ ആദ്യ ആക്രമണത്തിന് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ബോസ് എന്നയാളുടെ നിർദേശപ്രകാരമാണ് തീയിട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രതിക്ക് പണം ലഭിച്ചിരുന്നു. ആക്രമണത്തിനുള്ള അഡ്വാൻസായി ഏകദേശം 5,000 രൂപ ക്രിപ്റ്റോകറൻസിയായി ലഭിച്ചെന്നാണ് വിവരം.
ടെലഗ്രാം ഐഡി വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചതായാണ് പൊലിസിന്റെ കണ്ടെത്തൽ. ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന, നിർദേശങ്ങൾ നൽകിയവരുടെ പങ്ക്, സാമ്പത്തിക ഇടപാടുകൾ, പ്രതിയുടെ തീവ്രവാദബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്ഐ. സംഭവദിവസം റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ മുൻ എസ്ഐ ദീപ്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.
ബഹളമുണ്ടായപ്പോൾ മന്ത്രിയെ എത്രയും പെട്ടെന്ന് സ്ഥലത്തുനിന്ന് നീക്കാനാണ് ശ്രമിച്ചത്. ഇതിനിടെ കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് എസ്ഐ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയത്. കെഎസ്യു പ്രവർത്തകരുടെ ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് ആദ്യ അന്വേഷണസംഘം തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തിയതാണെന്നും ദീപ്തി പ്രത്യേക അന്വേഷണ സംഘത്തോട് മൊഴി നൽകിയതായാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് ജയിലിലടച്ചത്. എന്നാൽ ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കൻ ശ്രമിച്ചെന്ന ആദ്യം നൽകിയ മൊഴി ഗൺമാൻ ഇപ്പോൾ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ തിരുത്തിയെന്നാണ് വിവരം.
മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് അത്തരത്തിൽ മൊഴി നൽകിയതെന്നും ഗൺമാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. അതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട കെഎസ്യു പ്രവർത്തകരായ സി.എച്ച്. മുബാസ്, എം.സി. അതുൽ, വിതുൽ ബാലകൃഷ്ണൻ, മൂഹമ്മദ് യാസീൻ, അക്ഷയ് മാടായി എന്നിവർ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നൽകി.
ആരോഗ്യമേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയിൽ പ്രതിഷേധിച്ച് മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുക മാത്രമാണ് തങ്ങൾ ചെയ്തെന്നും എന്നാൽ രാഷട്രീയ ഗൂഢാലോചനയുടെ ഭാഗമായി വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്.
Kerala
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പത്ത് വിദ്യാർഥികൾക്കെതിരെ പൊലിസ് കേസെടുത്തു. പാലക്കാട് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്.
എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പൊലിസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
കണ്ണൂർ: പൊലിസ് ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും കൈയാങ്കളിയുമുണ്ടായ സംഭവത്തിൽ നടപടിയുമായി ആഭ്യന്തരവകുപ്പ്. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലുണ്ടായ സംഭവത്തിൽ എസ്ഐയോടും ഹവിൽദാറിനോടും ക്വാർട്ടേഴ്സ് ഒഴിയാൻ നിർദ്ദേശം നൽകി. ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് കെഎപി അസിസ്റ്റന്റ് കമാൻഡിന്റെ നിർദ്ദേശം.
ഒരു പൊലിസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നും സംഘടിപ്പിച്ചത്. എന്നാൽ ആഘോഷം അതിരുവിട്ടതോടെ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായി. സംഭവത്തിൽ എസ്ഐയും എഎസ്ഐയും ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരോട് നേരത്തേ വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു.
ഉദ്യോഗസ്ഥർ നൽകിയ വിശദീകരണങ്ങൾ പരിശോധിച്ച ശേഷമാണ് തുടർനടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരോട് ക്വാർട്ടേഴ്സ് ഒഴിയാൻ നിർദേശിച്ചത്. പകരം താമസസൗകര്യം കണ്ടെത്തുന്നതിനായിട്ടാണ് ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.