x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ: പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് കേസ്, വിശദീകരണവുമായി ബാങ്ക്‌

കോഴിക്കോട് ബ്യൂറോ
Published: November 17, 2026 02:27 PM IST | Updated: November 17, 2026 02:27 PM IST

ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂരിലെ ബാങ്കിന് മുന്നില്‍ നടന്ന പ്രതിഷേധം

കോഴിക്കോട്: ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂരിലെ ബാങ്കിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരേ പൊലിസ് കേസ്. ഗതാഗത തടസമുണ്ടാക്കിയതിനും പൊലിസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തത്.

ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിന് കണ്ടാലറിയുന്ന ആറ് പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജപ്തി ഭീഷണി ഭയന്ന് കൂത്താളി സ്വദേശിയായ കവിത ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തര മുതല്‍ നാല് മണിക്കൂറോളം നേരം കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ ജനകീയ പ്രതിഷേധം നടന്നിരുന്നു. കടം എഴുതിത്തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംഎല്‍എമാര്‍, സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരും ബാങ്ക് അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.

അതിനിടെ ജപ്തി നടപടികള്‍ നിയമവ്യവസ്ഥ പാലിച്ചുകൊണ്ടാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. വായ്പാ തിരിച്ചുപിടിക്കല്‍ നടപടികള്‍ നിലവിലുള്ള നിയമവ്യവസ്ഥകളും കോടതി നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമാണെന്നും വായ്പാ കുടിശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) ഉള്‍പ്പെടെയുള്ള അവസരങ്ങളും സാവകാശവും നല്‍കിയിരുന്നുവെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക് സാധിക്കാതെ വരികയായിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ 15 വരെ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.

കൂത്താളി കുഞ്ഞോത്ത് കുയ്യോടന്‍കണ്ടി ബാബു നടുവണ്ണൂര്‍ ശാഖയില്‍നിന്ന് 2018ല്‍ 7,68,000 രൂപയും ഭാര്യ കവിത 16,80,000 രൂപയും പരിധിയുള്ള രണ്ട് ഭവന വായ്പകള്‍ എടുത്തിരുന്നു.19 സെന്‍റ് ഭൂമി ഈടായി നല്‍കിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മറ്റ് ബാധ്യതകളും ഉള്‍പ്പെടെ കുടിശിക 49.59 ലക്ഷം രൂപയായി.

2021 ഫെബ്രുവരി അഞ്ചിന് വായ്പാ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സര്‍ഫാസി നിയമത്തിലെ വകുപ്പ് പ്രകാരം സ്വത്ത് ഏറ്റെടുക്കാന്‍ 2023 മാര്‍ച്ച് 14ന്അനുമതി ലഭിച്ചു. ഇതിന്‍റെ ഭാഗമായി അഡ്വ. കമ്മിഷണര്‍ അഞ്ചുതവണ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി.

2024 സെപ്റ്റംബര്‍ രണ്ടിലെ നോട്ടീസിനെതിരേ കവിത നല്‍കിയ ഹര്‍ജി 2025 ജൂണ്‍ അഞ്ചിന് എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ തള്ളി. തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതിയില്‍ മൂന്ന് റിട്ട് ഹര്‍ജികളും നല്‍കിയിരുന്നു. ഇവ തീര്‍പ്പാക്കിയതല്ലാതെ നടപടികള്‍ക്ക് സ്റ്റേ ലഭിച്ചിട്ടില്ല.

2026 ജനുവരി ഏഴിലെ ഒഴിപ്പിക്കല്‍ നോട്ടീസിനെ തുടര്‍ന്ന് കുടിശിക തീര്‍ക്കാന്‍ വായ്പക്കാര്‍ രണ്ടുമാസത്തെ സാവകാശം തേടി. ഇതിനിടെ ബാബു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ വീട് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും തള്ളപ്പെട്ടു.

ജൂലൈ 15ന് നടന്ന വായ്പാ അദാലത്തില്‍ 37 ലക്ഷം രൂപയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) സൗകര്യം ബാങ്ക് അനുവദിച്ചു. ജൂലൈ 31നകം 7.5 ലക്ഷവും സെപ്റ്റംബര്‍ 25നകം ബാക്കി തുകയും അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വായ്പാ ഇടപാടുകാര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചില്ല. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നോട്ടീസ് വായ്പാ ഇടപാടുകാര്‍ക്ക് നേരിട്ട് കൈമാറുകയായിരുന്നുവെന്നും ബാങ്ക്അധികൃതര്‍ വ്യക്തമാക്കി.

Tags : PoliceCase Housewife Protest Bank

Recent News

Corehub Up