Kerala
തൃശൂർ: എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അധികാരത്തിലെത്തിയാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് നേരത്തെ വാഗ്ദാനം നൽകിയവർ ഇപ്പോൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. സമരം ചെയ്യുന്ന വളർമതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്.
എൽപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി വാങ്ങലിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി അധികവില നൽകി വാങ്ങിയതിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് ഗോവിന്ദന്റെ ആരോപണം.
ആരുടെയും അനുമതിയില്ലാതെയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയും ടെൻഡർ നടപടികൾ സ്വീകരിക്കാതെയുമാണ് വൈദ്യുതി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതു അപകടകരമായ നിലപാടാണെന്നും ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പരസ്യമായതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ കൂട്ടത്തല്ലാണ് നടക്കുന്നത്. ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കളവുപറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ ഫീൽ ഇല്ല, ആറു മാസമായിട്ടും കോൺഗ്രസിനു പദവികളൊന്നുമില്ല, രൂക്ഷവിമർശനവുമായി കെപിസിസി യോഗം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണു വെള്ളിയാഴ്ച രാത്രി യോഗം ചേർന്നത്. പരിഗണന മുസ്ലിം ലീഗിനു മാത്രമാണെന്നും കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു.
ബോര്‍ഡ്/കോര്പറേഷൻ പദവി വൈകുന്നതിലും വിമര്‍ശനമുയർന്നു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസത്തെ ഒച്ചിന്റെ വേഗമെന്നും യോഗത്തിൽ പരിഹസിച്ചു. ലീഗിൽനിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറു മാസമായിട്ടും കോണ്‍ഗ്രസിനു പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണു പരാതി.
രാജ്മോഹൻ ഉണ്ണിത്താനെതിരേ കാസർഗോഡ് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹീ യോഗത്തിലാണു രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരേയാണു വിമർശനം.
കെപിസിസി ഭാരവാഹീ യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്കു പിന്തുണയും ലഭിച്ചു. ബോർഡ്/കോർപറേഷൻ വിഭജനം വൈകിയെന്നു സണ്ണി ജോസഫ് കെപിസിസി ഭാരവാഹീ യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരേയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണു രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.
ജിഎൻഎ കരാറിൽ വ്യക്തത വേണമെന്നും കോൺഗ്രസ് വക്താക്കൾ ആവശ്യപ്പെട്ടു. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ഇക്കാര്യം ഉന്നയിച്ചത്. മാധ്യമചർച്ചകളിൽ പങ്കെടുക്കുന്നത് പ്രതിസന്ധിയാകുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചാനൽ ചർച്ചകൾക്കായി പാനലിസ്റ്റുകളെ നിയോഗിക്കാൻ കഴിയുന്നില്ലെന്നാണു വിശദീകരണം. മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ നിലപാട് സ്വീകരിക്കേണ്ടതെന്ന് ചോദിച്ച അംഗങ്ങളുമുണ്ട്.
മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിലെ വോട്ടർപട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരേയും സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: ബോര്‍ഡ് കോര്പ്പറേഷന് നിയമനം വൈകുന്നതില്‍ എ ഗ്രൂപ്പിന് മാത്രമല്ല, എല്ലാവര്ക്കും അതൃപ്തിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ബോര്‍ഡ്-കോര്പ്പറേഷന് വിഭജനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് മാത്രം അതൃപ്തിയുണ്ടോ എന്ന് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കോണ്‍ഗ്രസില്‍ എല്ലാവര്ക്കും അതൃപ്തിയുണ്ടെന്നും ഹസന് പറഞ്ഞു.
നിയമനങ്ങളില്‍ എത്രയും വേഗം തീരുമാനമുണ്ടാകണം. മുസ്ലിം ലീഗിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന അഭിപ്രായം തനിക്കില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. അവര്‍ക്ക് അര്‍ഹമായത് കിട്ടണം. സര്‍ക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും മന്ത്രിസഭയിലുള്ളവരോടുമാണ് ചോദിക്കേണ്ടതെന്നും ഹസന് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:-
സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി.
തുടക്കം മുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്-കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്.
രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ വാദിച്ചു എന്ന നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി തുടർച്ചയായി പ്രചരിപ്പിക്കുകയാണ്.
ജിഎൻഎ (GNA) കരാർ വഴി നടത്താൻ ശ്രമിച്ച അതിഭീകരമായ പകൽക്കൊള്ളയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, നിരക്കിന്റെ കാര്യത്തിൽ ‘അതിനേക്കാൾ ഭേദമാണ് ഹിമാചൽ വൈദ്യുതി’ എന്ന് താരതമ്യം ചെയ്തതിനെയാണ് വളച്ചൊടിക്കുന്നത്. അത് എങ്ങനെയാണ് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി വാദിക്കലാകുന്നത്? ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
മുഖ്യമന്ത്രിക്ക് എന്തെങ്കിലും വെല്ലുവിളിക്കാൻ ഉണ്ടെങ്കിൽ അത് ആദ്യം ചെന്ന് നടത്തേണ്ടത് സ്വന്തം വൈദ്യുതി മന്ത്രിയുടെ മുന്നിലാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, ഹിമാചലിൽ നിന്നുള്ള ദീർഘകാല വൈദ്യുതി കരാറാണ് ലാഭകരമെന്ന മുൻ കെഎസ്ഇബി ചെയർമാന്റെ ശുപാർശ തികച്ചും ശരിയാണെന്നും മാതൃഭൂമി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത് വകുപ്പ് മന്ത്രി സണ്ണി ജോസഫാണ്. ആ മന്ത്രിയാകട്ടെ കെപിസിസി പ്രസിഡന്റുമാണ്.
കൃത്രിമ ക്ഷാമം എന്ന വാദം കെഎസ്ഇബി രേഖകൾക്ക് വിരുദ്ധമാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി തന്നെയല്ലേ ചെയർമാൻ വ്യാജ കുറിപ്പുണ്ടാക്കിയെന്ന് പറഞ്ഞ് അങ്ങോട്ട് ഒത്തുകളി അന്വേഷണം പ്രഖ്യാപിച്ചത്? റെഗുലേറ്ററി കമ്മീഷന്റെ കർശന മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, നിയമസാധുതയില്ലാത്ത ജിഎൻഎ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പിടിവാശി കാണിച്ചതും അതിനായി സ്വന്തം ഇഷ്ടക്കാരനായ ഊർജ്ജ സെക്രട്ടറിയെ അവരോധിച്ചതുമെല്ലാം ആരുടെ താല്പര്യപ്രകാരമായിരുന്നു? കൊള്ളയ്ക്കുള്ള വഴിവിട്ട നീക്കങ്ങൾ പ്രതിപക്ഷം കൈയോടെ പിടികൂടിയപ്പോൾ ജിഎൻഎ കരാർ റദ്ദാക്കിയതും, മുൻ ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതുമെല്ലാം വകുപ്പ് മന്ത്രിയറിഞ്ഞത് പത്രവാർത്ത കണ്ടാണ്.
മുഖ്യമന്ത്രി അങ്ങോട്ടോ താൻ ഇങ്ങോട്ടോ സംസാരിച്ചിട്ടില്ലെന്നും എവിടെയും താൻ സത്യമേ പറയൂ എന്നും ഒരു വകുപ്പ് മന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് കേരള ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ നാണക്കേടാണ്. മുന്നണി കൺവീനർ അടൂർ പ്രകാശ് പോലും തുറന്നുപറയുന്നത് തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന്.
എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 5 രൂപ 18 പൈസ നിരക്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്ന ന്യായം പറഞ്ഞ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കേണ്ട. എൻടിപിസിയിൽ നിന്നുള്ള കേന്ദ്രവിഹിതവും വൈദ്യുതി ലഭ്യതയും ഏതെങ്കിലും ഫയലിൽ മുഖ്യമന്ത്രി ഇന്നലെ രാത്രി കണ്ടെടുത്തതാണോ? വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള ഈ വിവരങ്ങളും റെഗുലേറ്ററി കമ്മീഷൻ ഉത്തരവും മറച്ചുവച്ച്, ജിഎൻഎ എന്ന ട്രേഡർ പോലുമല്ലാത്ത പ്ലാറ്റ്ഫോമിന് മുന്നിൽ ഓച്ഛാനിച്ച് നിന്നത് ആർക്കുവേണ്ടിയായിരുന്നു? എന്തിനു വേണ്ടിയായിരുന്നു? ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിട്ട് കാര്യങ്ങൾ ആലോചിച്ചതും തീരുമാനിച്ചതുമെല്ലാം മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നതെന്നും വകുപ്പ് മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കെ, ആർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഹസന അന്വേഷണം? ഇവിടെ അന്വേഷണം നേരിടേണ്ടത് താഴെയുള്ള ഉദ്യോഗസ്ഥരല്ല, സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ഈ ദുരൂഹ ഇടപാടുകൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്.
തനിക്ക് കിട്ടിയ ഫയലിൽ തീരുമാനമെടുക്കാൻ 'വേണ്ട ആളുകളുമായിട്ടൊക്കെ ഡിസ്കസ് ചെയ്തു' എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രിയോ, ചീഫ് സെക്രട്ടറിയോ, പവർ സെക്രട്ടറിയോ പോലുമല്ലാതെ സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ നിഴൽസംഘം ആരാണ്? ഔദ്യോഗിക ഫയലിലെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് തിരികെ അയച്ച് നടപടിക്രമം പാലിക്കുന്നതിന് പകരം, റൂൾസ് ഓഫ് ബിസിനസ് ചവറ്റുകൊട്ടയിലെറിഞ്ഞ് പുറത്തുള്ള സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്.
റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ, നിയമപരമായ ടെൻഡറില്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാൻ എൽഡിഎഫ് സർക്കാർ കരാറുണ്ടാക്കിയിട്ടില്ല. ഉണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്കാവുമോ? അങ്ങനെ ഒരൊറ്റ കരാറെങ്കിലും തെളിയിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ. ജിഎൻഎയുമായി കരാറുണ്ടാക്കി വൻ കൊള്ള നടത്താൻ പദ്ധതിയിട്ടത് പൊളിഞ്ഞപ്പോൾ, അതിന്റെ പഴി മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ ചാരേണ്ടതില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് (2011–2016) ഡിബിഎഫ്ഒഒ (DBFOO) മാതൃകയിൽ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ 865 മെഗാവാട്ടിന്റെ വിവാദ താപവൈദ്യുതി ദീർഘകാല കരാറുകൾ കടുത്ത സാമ്പത്തിക ബാധ്യതയും റെഗുലേറ്ററി തടസ്സങ്ങളും സൃഷ്ടിച്ചപ്പോൾ, ആഭ്യന്തര ഉൽപ്പാദന ശേഷിയിൽ (Installed Capacity) തുച്ഛമായ വർദ്ധനവ് മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായത്. എന്നാൽ എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് പുതിയ പദ്ധതികളിലൂടെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെയും കേരളത്തിന്റെ ഇൻസ്റ്റാൾഡ് കപ്പാസിറ്റിയിൽ കുതിച്ചുചാട്ടം സാധ്യമാക്കി.
ഒപ്പം, സൗരോർജ്ജവും കാറ്റും ബാറ്ററിയും ഉൾപ്പെടെ യൂണിറ്റിന് 2 രൂപ 44 പൈസ മുതൽ 3 രൂപ 83 പൈസ വരെ കുറഞ്ഞ നിരക്കിലുള്ള ഹരിതോർജ്ജത്തിനും സിഇആർസി മാനദണ്ഡപ്രകാരമുള്ള കൽക്കരി വൈദ്യുതിക്കുമായി ആകെ 2,122 മെഗാവാട്ടിന്റെ സുതാര്യമായ 12 ദീർഘകാല കരാറുകൾ (PPA) ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭാവി ഊർജ്ജസുരക്ഷ അടിത്തറയിട്ടു ഭദ്രമാക്കുകയാണ് ചെയ്തത്.
സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഈ നിഗൂഢ നീക്കങ്ങളിലെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളിലെയും പൂർണ്ണ സത്യം പുറത്തുവരുന്നതുവരെ. മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ ശക്തമായ രാഷ്ട്രീയ പോരാട്ടവുമായി ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകും. ഈ വിഷയത്തിൽ എല്ലാ വസ്തുതകളും നിയമത്തിനും ജനങ്ങൾക്കും മുന്നിൽ പുറത്തു വരാൻ ജുഡീഷ്യൽ അന്വേഷണം നടത്തിയേ തീരൂ.
Kerala
തിരുവനന്തപുരം: അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് യുഡിഎഫ് സർക്കാർ പുനഃസ്ഥാപിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നതെന്നും മന്ത്രിമാർ അഴിമതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ എന്തിനാണ് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നും ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിക്കുന്ന കേരള ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത നടപടികളാണ് ഉണ്ടാകുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.
അഴിമതിയെ വിമർശിക്കുകയും എതിർക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ പദവികളിൽ നിന്നും മാറ്റുകയാണെന്നും ചില മേഖലകളിൽ നിരന്തരം ഉദ്യോഗസ്ഥരെ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും അതിന്റെ മറവിൽ അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. അഴിമതിക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വൈദ്യുതി മന്ത്രിക്കും ബോർഡിനും പല കാര്യങ്ങളിലും ഭിന്നാഭിപ്രായമാണെന്നും ടി.പി. രാമകൃഷ്ണൻ തുറന്നടിച്ചു.
Kerala
കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ഇടത് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ, രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കിയെന്നു വിമർശനം ഉയർന്നു.
മുൻ വ്യവസായ മന്ത്രി പി. രാജീവിന്റേത് തൊഴിലാളി വിരുദ്ധ സമീപനങ്ങളായിരുന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഒരു തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ തൊഴിലാളികളെ അദ്ദേഹം മറന്നുപോയെന്നും യൂണിയൻ നേതാക്കൾക്ക് പോലും മന്ത്രിയെ കാണാൻ കഴിയാത്ത സ്ഥിതിയുണ്ടായെന്നും ചർച്ചകളിൽ അഭിപ്രായം ഉയർന്നു.
കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകളിലാണ് സർക്കാരിനെതിരെ ഈ കടുത്ത വിമർശനങ്ങളുയർന്നത്. വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ ഇന്നും തുടരുകയാണ്. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
സമാപന സമ്മേളനത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Kerala
കൊച്ചി: ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ. ബോർഡിലേക്ക് മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് പകരമായി വിഷയ വിദഗ്ധരായ സ്ത്രീകളെയാണ് ഉൾപ്പെടുത്തേണ്ടിയിരുന്നതെന്ന് അവർ വ്യക്തമാക്കി.
ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ ഈ വിഷയം ചർച്ചയായേക്കുമെന്നാണ് സൂചന.
ആസൂത്രണ ബോർഡിലെ വിദഗ്ധ അംഗങ്ങളുടെ പട്ടികയിൽ വനിതകൾ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ബിന്ദു കൃഷ്ണ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് വനിതാ മന്ത്രിമാരായ കെ. തുളസിയെയും ബിന്ദു കൃഷ്ണയെയും ബോർഡിൽ ഉൾപ്പെടുത്തിയത്.
ഡോ എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൾ റഹീം എന്നിവരേയും ബോർഡിൽ അംഗങ്ങളാക്കി. വിദഗ്ധരിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ടും പുരുഷന്മാർ തന്നെയാണ്.
Kerala
കണ്ണൂർ: മന്ത്രിയെ ആക്രമിക്കാനല്ലാതെ ബൊക്കെ കൊടുക്കാനാണോ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" ബഹുമാനപ്പെട്ട മന്ത്രി അങ്ങ് ആരോഗ്യവകുപ്പിൽ സ്വീകരിച്ച നടപടികളിൽ എല്ലാം ഞങ്ങൾ പൂർണ തൃപ്തരാണ്. അങ്ങേക്ക് ഒരു ബൊക്കെ തരാം. അതിനുവേണ്ടി പോയതാണോ. പ്രതിഷേധത്തിന്റെ ഭാഗമായി രണ്ടു നീക്കങ്ങളുണ്ട്. ഒരു നീക്കം മന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതല്ലേ. മന്ത്രി മരിച്ചുവെന്നല്ലേ അതിന്റെ അർഥം.
മന്ത്രിയെ പ്രതീകാത്മകമായി കൊന്നിട്ട് റീത്ത് വയ്ക്കലാണോ പ്രതിഷേധം. കോൺഗ്രസിന്റെ നേതാക്കൾ പോലും ആ നടപടിയെ തള്ളിപ്പറഞ്ഞില്ലേ. കോൺഗ്രസുകാർ പ്രതിപക്ഷത്തിരുന്ന് ചെയ്ത തെറ്റുകളെയെല്ലാം സംരക്ഷിക്കാൻ വേണ്ടിയിട്ട് പ്രത്യേക അന്വേണസംഘം രൂപീകരിക്കുന്നതാണ് ഇപ്പോൾ കാണുന്ന ഒരു പ്രവണതയെന്ന് ജയരാജൻ പറഞ്ഞു.
Kerala
കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ കെഎസ്യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നുമാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്.
മുൻമന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചുകാണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി 26-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിയെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു കേസ്.
പ്രക്ഷോഭത്തിനിടെ കൈയാങ്കാളിയുണ്ടായതായും ഈ ഘട്ടത്തിൽ മന്ത്രിക്ക് നേരിയ പരിക്കേറ്റതായും പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗൺമാൻ പിന്നീട് അത് തിരുത്തി. മന്ത്രിയുടെ സമ്മർദ്ദപ്രകാരമാണ് അന്ന് ആക്രമണശ്രമമുണ്ടെന്ന തരത്തിൽ മൊഴി നൽകേണ്ടി വന്നതെന്നാണ് ഗൺമാൻ പിന്നീട് അന്വേഷണസംഘത്തിന് മൊഴി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ അനുകൂല മൊഴികൾ കേസിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഗൺമാൻ മൊഴി മാറ്റിയത്. പുതിയ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേസ് നിലനിൽക്കാത്ത സ്ഥിതിയിലേക്കെത്തും.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങില്‍ മന്ത്രി റോജി എം. ജോണിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. പരിപാടി അലങ്കോലമാക്കാനല്ല, സമാധാനപരമായി ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമാണ് എത്തിയതെന്ന് സ്റ്റേജില്‍ കയറി പ്രതിഷേധിച്ച കോളജ് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹാരാജാസ് കോളജില്‍ സെക്കന്‍ഡ് ഇയര്‍ കെമിസ്ട്രി പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. ഞാന്‍ എന്ന ഒറ്റാള്ക്ക് ആ പരിപാടി മുടക്കാന്‍ എന്താണ് ചെയ്യാനാവുക. ആകെ രണ്ട് നിമിഷമാണ് ചോദിച്ചത്. ഉത്തരങ്ങള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍. സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്തു തെറ്റ് ചെയ്തിട്ടാണ് പുറത്താക്കിയിട്ടുള്ളത്. 60 ദിവസത്തെ സസ്പെന്ഷന് എന്ന് പറയുമ്പോള്‍ രണ്ട് മാസമാണ്. ഒരു സെമസ്റ്ററില്‍ രണ്ട് മാസം സസ്പെന്ഷന് ആയാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുക.
അയാള്‍ പറഞ്ഞ നുണ പ്രചാരണത്തില്‍ മാത്രമാണ് ആ കുട്ടികളെ ഇന്നും സസ്പെന്‍ഷനില്‍ വച്ചിരുന്നത്. അവര്‍ അപരിഷ്കൃതമായ സമരങ്ങളാണ് മുന്നോട്ടു കൊണ്ടു പോയിട്ടുള്ളത് എന്നാണ് അയാള്‍ പറഞ്ഞത്. ആ ഹെഡ്ലൈറ്റുകള് വര്‍ക്കിംഗ് അല്ലെന്ന് പറഞ്ഞ് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. എക്സാം സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് അടക്കം നിരവധി സമരങ്ങളുടെ തുടര്‍ച്ചയായാണ് നാടകം ചെയ്തത്. അതിനെ എത്തരത്തിലാണ് വളച്ചൊടിച്ച് മുന്നോട്ട് കൊണ്ടു പോയത്. സംഘപരിവാറിന്റെ അജൻഡയാണ് മുന്നോട്ട് വയ്ക്കുന്നത്.
അത് വിസിയുടെ ശവമഞ്ചമല്ല, ഹെഡ്ലൈറ്റുകളുടെ മരണം എന്ന നാടകമാണ്. അത് മന്ത്രിക്ക് മനസലായിട്ടുണ്ട്. സമാധാനപരമായി ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയിരുന്നെങ്കില് ഞങ്ങള്‍ അപ്പോഴേ പോയേനെ. എന്തുകൊണ്ടാണ് മറുപടി പറയാന്‍ തയാറാവാത്തത് എന്ന് നഫീസത്ത് പറഞ്ഞു. അതേസമയം, റോജി എം. ജോണിന്റെ അടുത്ത നീക്കം പ്രതിഷേധിച്ച നഫീസത്തിനെ കോളജില്‍ നിന്നും പുറത്താക്കാനവുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ജനാധിപത്യത്തിന് വലിയ വാല്യു കല്‍പ്പിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി പെണ്‍കുട്ടിയുടെ ഒരു ചോദ്യത്തിന് പോലും മറുപടി നല്കാന് തയാറാകാതെ വനിത പൊലിസിനെ ഉപയോഗിച്ച് മാറ്റാനാണ് ശ്രമിച്ചത്. ഈ പ്രതിഷേധം നടക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ഉന്നത വിദ്യാഭ്യസ മന്ത്രിക്കും സിസ തോമസിനും മുഖത്തേറ്റ അടിയാണെന്ന് ഇവര്‍ക്ക് തോന്നണം.
കോടതിയെ പോലും ബഹുമാനിക്കാതെ ആരോടാണ് പക തീര്‍ക്കുന്നത്? ആരെയാണ് വെല്ലുവിളിക്കുന്നത്? ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, പ്രതിഷേധിച്ച പെണ്‍കുട്ടിയെ മഹാരാജാസില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിയാകും റോജി എം. ജോണിന്റെ അടുത്ത നിര്‍ദേശം. ഇന്ന് ബിരുദം ഏറ്റു വാങ്ങേണ്ടിയിരുന്ന വിദ്യാര്‍ഥികള്‍ അടക്കമാണ് പ്രതിഷേധിച്ചത്. നീണ്ട 60 ദിവസമായി സസ്പെന്‍ഷനിലാണ് വിദ്യാര്‍ഥികള്‍. കേരളത്തിലാകെ ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും മുഴുവന്‍ ശമ്പളവും മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.
മന്ത്രിമാരുടെയും എംഎഎമാരുടെയും ശമ്പളം വര്‍ധിപ്പിച്ച് ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിയോടു യോജിപ്പില്ലെന്നും രാജീവ് വ്യക്തമാക്കി.
മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സര്‍ക്കാരിന്റെ നടപടി തെറ്റാണ്. വര്‍ധിപ്പിച്ച ശമ്പളവും അലവന്‍സുകളും സ്വീകരിക്കില്ല. എംഎല്‍എ എന്ന നിലയില്‍ ഇനി മുതല്‍ ലഭിക്കുന്ന എല്ലാ അലവന്‍സുകളും പൂര്‍ണമായും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കായി വിനിയോഗിക്കും.
ആശാ വര്‍ക്കര്‍മാര്‍ക്കും പിഎസ്സി ഉദ്യോഗാർഥികള്‍ക്കും നീതി നല്‍കാത്ത സര്‍ക്കാര്‍, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്നതില് പിണറായി വിജയന് സര്‍ക്കാരും വി.ഡി. സതീശന് സര്‍ക്കാരും തമ്മില്‍ വത്യാസമില്ലെന്നും ബിജെപി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വിളിച്ചുചേർത്ത തിരുവനന്തപുരം ഡിസിസി യോഗത്തിൽ നിന്ന് ജില്ലാ നേതാക്കളും എംഎൽഎമാരും വിട്ടുനിന്നതിൽ കടുത്ത അതൃപ്തി.
നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലിയും എസ്ഐആർ സമരവും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന യോഗത്തിലാണ് പ്രമുഖ നേതാക്കളുടെ അസാന്നിധ്യമുണ്ടായത്. ഡിസിസി പ്രസിഡന്റും കോൺഗ്രസ് എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തില്ല. നിശ്ചയിച്ച പ്രകാരം ഡിസിസി, മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെ അമ്പതോളം പേർ മാത്രമാണ് യോഗത്തിനെത്തിയത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രധാന സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് പ്രമുഖർ വിട്ടുനിന്നത് അംഗീകരിക്കാനാകില്ലെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ബൈജു ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശിപാർശ ചെയ്തു. ഗവർണർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ശിപാർശ നൽകിയതെന്നാണ് സൂചന. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഗവർണർക്ക് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ അധികാരമുണ്ടെങ്കിലും ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം അവരെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിഭവൻ സർക്കാരിന്റെ അഭിപ്രായം തേടിയേക്കും. തുടർനടപടികളിൽ സർക്കാരിന്റെ നിലപാടും നിർണായകമാകും. പിഎസ്സിയിലെ നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണങ്ങളും ശക്തമാകുന്നതിനിടെയാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനുപുറമെ പിഎസ്സിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതികളും ലോക്ഭവനിൽ ലഭിച്ചതായാണ് വിവരം. ഈ പരാതികളിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഗവർണറുടെ ശിപാർശ പുറത്തുവന്നത്.
Kerala
കണ്ണൂർ: പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട കരാർ വിവാദത്തിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ വാദങ്ങൾ പൊളിയുന്നു. മുഹമ്മദ് ആസിഫിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദസന്ദേശവും പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരൻ അനൂപിനും ഡ്രൈവർ വൈശാഖിനും പണം അയച്ചതായി സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.
എന്നാൽ ആസിഫിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിന് പണം നൽകിയതായും സ്ക്രീൻഷോട്ടുകളിലുണ്ട്. കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ മുൻ ഭാരവാഹികൾക്ക് പണം നൽകിയതായും ശബ്ദസന്ദേശത്തിലുണ്ട്. മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെയും പേരുകൾ സന്ദേശത്തിലുണ്ട്.
ഷാനവാസ് പാദൂരിന് മൂന്ന് ലക്ഷം രൂപ നൽകുമെന്നും പണം ആവശ്യപ്പെട്ട് ഷാനവാസ് ശല്യം ചെയ്യുന്നുവെന്ന ആരോപണവും ശബ്ദസന്ദേശത്തിലുണ്ട്. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി സൂചിപ്പിക്കുന്ന യുപിഐ ഇടപാടിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. അതേസമയം ശബ്ദം തന്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫ് വ്യക്തമാക്കി. പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും പറഞ്ഞു.
പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് കാർട്ടൺ ഇന്ത്യ അലയൻസ്. പി.പി. ദിവ്യയുമായി യാതൊരു ബന്ധവുമില്ലെന്നും പണം കൈമാറിയതായി പ്രചരിക്കുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്നും മുഹമ്മദ് ആസിഫ് നേരത്തെ അവകാശപ്പെട്ടിരുന്നു. കമ്പനി ദിവ്യയുടെ ബെനാമിയാണെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ നൽകാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: വൈദേകം റിസോർട്ട് വിവാദത്തിൽ സിപിഎം നേതാവ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കുമെതിരെ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് ആവർത്തിച്ച് ശ്യാംജിത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിനെ തുടർന്ന് മുൻ എംഎൽഎ ജെയിംസ് മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ശ്യാംജിത്ത് ആരോപിച്ചു.
വൈദേകം റിസോർട്ടിനുവേണ്ടി ഇ.പി. ജയരാജൻ കർത്തയിൽനിന്ന് പണം കൈപ്പറ്റിയെന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ താനല്ലെന്നാണ് ശ്യാംജിത്തിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് അക്കൗണ്ട് ഹാക്കിങ്ങിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ദീപ വൈദേകം റിസോർട്ടിൽ അക്കൗണ്ടന്റായിരുന്നു.
നിയമവിരുദ്ധമായാണ് അവരെ ജോലിയിൽനിന്ന് പുറത്താക്കിയതെന്നും ശ്യാംജിത്ത് വ്യക്തമാക്കി. ജീവനക്കാരുടെ ബോണസ് വിതരണത്തിലും പർച്ചേസ് വൗച്ചറുകളിലും നടന്ന ക്രമീകരണങ്ങൾ മാനേജ്മെന്റിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് ക്ലിനിക്കൽ ട്രയൽ എന്ന് ലേബൽ ചെയ്ത മരുന്ന് നൽകിയ സംഭവത്തിൽ വിമർശനവുമായി പിണറായി വിജയൻ. സർക്കാർ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും നടപടികളിൽ സുതാര്യതയില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം സർക്കാർ വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല.
രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തെ വഴിതിരിച്ചുവിട്ട് ജനറിക് മരുന്നുകൾക്കെതിരായ നീക്കമായി ചിത്രീകരിക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയുന്നതിന് ജനറിക് മരുന്നുകൾ അനിവാര്യമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്നും പിണറായി വ്യക്തമാക്കി.
ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സിപിഎമ്മിന്റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മരുന്നുകളുടെ എവര്‍ഗ്രീനിംഗ് തടയുന്ന സെക്ഷന്‍ 3(ഡി) ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. രക്താര്‍ബുദ മരുന്നായ ഗ്ലിവെകിന് പേറ്റന്റ് തേടി നൊവാര്‍ട്ടിസ് നടത്തിയ നീക്കം കോടതിയിലെത്തിയപ്പോള്‍ സെക്ഷന്‍ 3(ഡി) യുടെ സാധുത സുപ്രീംകോടതി 2013ല്‍ ശരിവെക്കുകയുണ്ടായി.
കോര്‍പറേറ്റ് ലാഭത്തേക്കാള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഈ വിധി ഇന്ത്യന്‍ ജനറിക് ഔഷധമേഖലയെ സംരക്ഷിക്കുന്നതില്‍ ചരിത്രപ്രധാനമായ നേട്ടമായി. മരുന്ന് കച്ചവടച്ചരക്കല്ല മറിച്ച് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട് അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രി കെ.മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി പറഞ്ഞു.
Kerala
കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു ശ്യാംജിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംജിത്ത് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ശ്യാംജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു. താൻ ശബരിമലയിലാണെന്നും വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. വിവാദ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
Kerala
കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്ന ആരോപണവുമായി ഇപിയുടെ സഹോദരീപുത്രൻ ശ്യാംജിത്ത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ച പണം ഇതാണെന്നും ശ്യാംജിത്ത് ആരോപിച്ചു. താൻ ജീവിതം അവസാനിപ്പിക്കുകയാണ്.
അതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റിസോർട്ടുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞു.
Kerala
കണ്ണൂർ: പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.പി.ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയെന്നും ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ.ശ്യാമളയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
ഈ നടപടികളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ദിവ്യയുടെ ആവശ്യം. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തുടർന്ന് ദിവ്യയെ സിപിഎം പരിപാടികളിൽ സഹകരിപ്പിച്ചിരുന്നില്ല.
Kerala
തിരുവനന്തപുരം: നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാതെ ആഭ്യന്തര പരാതി പരിഹാര സമിതികളിലൂടെ കൈകാര്യം ചെയ്യാൻ സിപിഎം. ഇതിനായി പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റികൾക്ക് പ്രവർത്തനരൂപരേഖ തയാറാക്കി.
പീഡന പരാതികൾ പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കേണ്ട ചുമതല ഐസിസികൾക്കായിരിക്കും. സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പരാതികൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യില്ലെന്നും രൂപരേഖ വ്യക്തമാക്കുന്നു. സംസ്ഥാനതലത്തിൽ ടി.എൻ. സീമയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികൾ നിലവിൽ വരും.
നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കേണ്ടത് തൊട്ടടുത്ത ഉപരിഘടകത്തിലെ ഐസിസിയായിരിക്കും. അന്വേഷണത്തിനുശേഷം സമിതി നൽകുന്ന കണ്ടെത്തലുകൾ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കും. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഐസിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദേശം എം.എ.ബേബിയാണ് മുന്നോട്ടുവച്ചത്.
Kerala
തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യരുതെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാവരും വെജിറ്റേറിയൻ ആകണമെന്ന തരത്തിലുള്ള തിട്ടൂരം കടന്ന കൈയായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കേരളം സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള നാടാണെന്നും ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഭക്ഷണത്തിന് ആരെങ്കിലും വിലക്കേർപ്പെടുത്താൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്നും കെ.സി പറഞ്ഞു. ഗവർണറുടെ നിർദേശം വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
വ്യക്തികളുടെ ഭക്ഷണരീതികൾ അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശമാണ്. ഭരണഘടനാ അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്.
അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത്. കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ. മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ പത്രസമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു.
ഈ മൂന്നുപേരും സ്വന്തം പാർട്ടിക്കാർക്ക് പോലും സ്വീകാര്യരല്ലാത്തവരാണെന്നും സ്വയം ന്യായീകരിക്കാനാണ് അവർ ഒന്നിച്ചിരിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. കാലാവധി കഴിഞ്ഞവരെന്ന നിലയിൽ സ്വന്തം പാർട്ടിക്കാർ പോലും ഇവരെ തള്ളിയതാണെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നാറ്റ്കോ കമ്പനി സിപിഎമ്മിന് പണം നൽകിയെന്നും മുരളീധരൻ ആരോപിച്ചു.
എസ്എംഎ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് മരുന്ന് തിരിച്ചുവാങ്ങിയ നടപടി സംശയങ്ങൾ ഒഴിവാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നൽകാൻ നിർദേശിച്ച മരുന്നിന്റെ കാര്യത്തിൽ എന്തിനാണ് ആശങ്കയെന്നും മുരളീധരൻ ചോദിച്ചു. കഴിഞ്ഞ പത്തുവർഷം ആരോഗ്യമേഖലയിൽ നടന്ന കൊള്ള പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തൃശൂർ: അവിശ്വാസപ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായ പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് കോൺഗ്രസ്. സിപിഐയുടെ രണ്ടംഗങ്ങൾ വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിലെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ട് അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ റോസ് മേരി അബേഷിയുടെ വിജയം ഉറപ്പായി. നേരത്തെ എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ് അവിശ്വാസപ്രമേയത്തിലൂടെ ബിജെപി ഭരണസമിതിയെ പുറത്താക്കിയത്.
ഇതിന് പിന്നാലെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി സുധ അനിലനും ബിജെപിക്കായി അനിത പ്രസന്നനും മത്സരിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥിയായി റോസ് മേരി അബേഷിയും രംഗത്തുണ്ടായിരുന്നു. എന്നാൽ സിപിഐയിലെ രണ്ട് അംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.
Kerala
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന പരാമർശം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.
ഈ പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് ഉദയഭാനുവിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്.
Kerala
കണ്ണൂർ: സിപിഎം നേതൃത്വവുമായി അകൽച്ചയിലാണെന്ന സൂചന നൽകി പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ദിവ്യ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല. ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള തുടർകുറിപ്പുകളുടെ മുന്നോടിയായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടർന്ന് ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. ഇതോടെ ദിവ്യ പാർട്ടിയുമായി അകന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് പഞ്ചായത്തിലെ ഇടതുഭരണത്തിന് അന്ത്യമായത്. ബിജെപി അംഗം നിഷ പ്രദീപ് പാർട്ടിയുടെ വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
പഞ്ചായത്തിലെ 18 അംഗങ്ങളിൽ 10 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പഞ്ചായത്തിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ബിജെപിക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നിഷ പ്രദീപിനെതിരെ ബിജെപി അച്ചടക്കനടപടി സ്വീകരിച്ചേക്കും.
Kerala
കണ്ണൂർ: സിപിഎമ്മിനെതിരെ ഒളിയമ്പുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ഫേയ്സ്ബുക്ക് കുറിപ്പുമായിട്ടാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല എന്ന കുറിപ്പിലൂടെ രാഷ്ട്രീയ ജീവിതത്തിലെ നിലപാടുമാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ദിവ്യ നൽകുന്നത്.
ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല. ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധന്റെ കഥ പരാമർശിച്ചുകൊണ്ട് ദിവ്യ കുറിച്ചു. നീതി വൈകിയേക്കാം എന്നാൽ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും പോസ്റ്റിലുണ്ട്.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവു മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി.ദിവ്യ രാജിവച്ചത്. തുടർന്ന് സിപിഎം ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
ഇതോടെയാണ് പാർട്ടിയിൽ നിന്ന് അകലുകയാണെന്ന് സൂചനയുള്ള പോസ്റ്റ് ഫേയ്സ്ബുക്കിൽ പങ്കുവച്ചത്. അതേസമയം സിപിഎം നേതാക്കൾ ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Kerala
കൊല്ലം: കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും തമ്മിൽ വാക്പോര്. മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ നേട്ടം അവകാശപ്പെട്ട് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതോടെയാണ് തർക്കം പരസ്യപ്പോരിലേക്ക് നീങ്ങിയത്.
വിസ്റ്റാഡോം കോച്ച് അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 16ന് വൈകുന്നേരം 5.30ഓടെയായിരുന്നു പോസ്റ്റ്. നിരന്തരമായ ഇടപെടലുകളുടെ ഫലമായി 16327/16328 മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചെന്നും കേരളത്തിലെ ഒരു ട്രെയിനിൽ ഇത്തരം കോച്ച് യാഥാർഥ്യമാകുന്നത് ആദ്യമായാണെന്നും അദ്ദേഹം കുറിച്ചു.
റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ എന്നിവിടങ്ങളിൽ നിരന്തരമായി ഇടപെട്ടതിന്റെ ഫലമായാണ് വിസ്റ്റാഡോം കോച്ച് അനുവദിച്ചത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
എന്നാൽ ഇതിന് പിന്നാലെ വിസ്റ്റാഡോം കോച്ചിന്റെ നേട്ടം അവകാശപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപിയും രംഗത്തെത്തി. ഒരു വാഗ്ദാനംകൂടി പാലിക്കപ്പെടുന്നു. ഒരു ദശാബ്ദക്കാലത്തിലേറെയായി നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ സാക്ഷാത്കാരം എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് പ്രേമചന്ദ്രൻ പോസ്റ്റ് പങ്കുവെച്ചത്.
Kerala
അടൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരേ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ അടൂർ പൊലിസ് കേസെടുത്തു.
ഉദയഭാനുവിന്റെ പരാതിയേ തുടർന്നാണ് കേസ്. ഒക്ടോബർ 17-ന് ശ്രീനാ ദേവി തന്റെ ഫേസ് ബുക്കിൽ പങ്കുവച്ച സന്ദേശമാണ് കേസിന് കാരണമായത്. ഉദയഭാനുവിന്റെ വ്യക്തി ജീവിതത്തെ അപകീർത്തിപ്പെടുത്തണമെന്നും സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയുമുള്ള സന്ദേശം പങ്കുവച്ചുവെന്നാണ് ശ്രീനാ ദേവിക്കെതിരേയുള്ള എഫ്ഐആറിൽ പറയുന്നത്.
അടൂരിൽ നടന്ന ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘർഷത്തേ തുടർന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ 15-ന് അടൂർ പൊലിസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയായിട്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
Kerala
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന കേസിൽ തെളിവുകളില്ലാതെ വിദ്യാർഥി നേതാക്കളെ 16 ദിവസത്തോളം ജയിലിലടച്ചത് രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് എംഎൽഎ അബിൻ വർക്കി.
വീണാ ജോർജിന്റെ വിശ്വസ്തനായ ഗൺമാൻ തന്നെയാണ് മൊഴി മാറ്റിയത്. സംഭവിക്കാത്ത കാര്യങ്ങളാണ് അന്ന് മൊഴിയായി നൽകിയത്. എന്നാൽ, വീണാ ജോർജിന്റെ ഗൺമാനോട് മൊഴി മാറ്റാൻ പ്രതിപക്ഷത്തിന് സ്വാധീനിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തിൽ വീണാ ജോർജും സിപിഎമ്മും പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. ഒരാൾ പറഞ്ഞ നുണയുടെ പേരിൽ സംസ്ഥാനത്ത് കലാപമുണ്ടാവുകയും വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്തു. യാതൊരു തെളിവോ കാരണമോ ഇല്ലാതെയണ് കെഎസ്യു പ്രവർത്തകരെ ജയിലിൽ അടച്ചതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനുമെതിരായ മന്ത്രി കെ. മുരളീധരന്റെ പരോക്ഷ വിമർശനങ്ങളിൽ പ്രതികരിച്ച് ജെബി മേത്തർ എംപി. അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ജെബി മേത്തർ പറഞ്ഞു.
അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങളും വ്യക്തിത്വവുമുണ്ടെന്നും അത് ചോദ്യം ചെയ്യരുതെന്നും എംപി അഭിപ്രായപ്പെട്ടു. ഇത്രയും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ള നേതാക്കൾക്ക് സ്വന്തമായ അഭിപ്രായ രൂപീകരണത്തിനുള്ള അവകാശമുണ്ടെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് മന്ത്രി കെ.മുരളീധരൻ. പിണറായി വിജയനെതിരായ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് 100 ശതമാനം ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യചർച്ചയാക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലും സർക്കാരിലും ഉയർന്ന വിവാദങ്ങൾ അവസാനിപ്പിച്ച് ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനം. നേതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തുറന്നുപറയാൻ അവസരമുണ്ട്. അതിനായി കെപിസിസി യോഗങ്ങളും മറ്റ് പാർട്ടി വേദികളും ചേരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടുകളോട് കോൺഗ്രസിന് ദേശീയതലത്തിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ ഇഡി റിപ്പോർട്ട് നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താതിരിക്കാൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭയുടേതാണെന്നും കെപിസിസി പ്രസിഡന്റും ഉൾപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിന് വിഷയത്തിൽ നിലപാടുണ്ട്.
കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് കേസെടുത്തത്. ഇതിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ അംഗീകരിച്ച് സ്റ്റേ ലഭിച്ചാൽ തുടർനടപടികൾക്ക് മാറ്റമുണ്ടാകും. അല്ലാത്തപക്ഷം സർക്കാർ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജി.സുധാകരൻ എംഎൽഎ. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്തുപോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനോഭാവമാണ്. ആലപ്പുഴ ജില്ലയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും സുധാകരന് വിമര്‍ശിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 80 കോടി രൂപ അനുവദിച്ചാണ് പാലം നിർമാണത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. താൻ മന്ത്രിയായിരുന്നില്ലെങ്കിൽ പാലം യാഥാർഥ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. നിർമാണം തുടങ്ങിയത് തന്റെ കാലത്താണെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ല.
ഉദ്ഘാടനവേദി രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റരുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചിത്രം ഉൾപ്പെടെ വച്ചിട്ടും ഒരിടത്തും തന്റെ ചിത്രം കണ്ടില്ല. ഷാനിമോൾ ഉസ്മാൻ തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ അത്ര വിശാലമനസ്കയല്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിന് മാത്രമായി എല്ലാ കാര്യങ്ങളും നടപ്പാക്കാൻ കഴിയില്ലെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ.എം.ഏബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കണ്ണൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം. വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചത് എന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്.
വീണാ വിജയനെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയത്. കേസിൽ പാർട്ടി പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് യോഗത്തിൽ ചോദ്യമുയർന്നത്. മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങൾക്കെതിരായ കേസുകളിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും പ്രതിനിധികൾ ചോദിച്ചു.
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു പാർട്ടിയുടേത്. എന്നാൽ വീണാ വിജയനെതിരായ കേസിൽ മാത്രം പാർട്ടി ഇടപെട്ട് പ്രതിരോധം തീർത്തത് എന്തിനാണെന്ന ചോദ്യമാണ് യോഗത്തിൽ ഉയർന്നത്.
Kerala
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി അന്ന് വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലിസിന് മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിൽ അഭിലാഷിന്റെ മൊഴി നിർണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.
എന്നാൽ ഇപ്പോൾ മൊഴി തിരുത്തിയ സാഹചര്യത്തിൽ അഭിലാഷിനെതിരെ നടപടി ശിപാർശ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. അഭിലാഷിന്റെ പുതിയ മൊഴി കേസിന്റെ തുടർനടപടികളിൽ നിർണായകമായേക്കും.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും അഭിപ്രായങ്ങൾ തുറന്നുപറയാൻ പാർട്ടി വേദികളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഘടനയുടെ വിലക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സർക്കാർ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണെന്നും മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. ആലോചിച്ചെടുത്ത പക്വതയാർന്ന തീരുമാനമാണിതെന്നും ഈ സർക്കാർ നിലപാടിൽ സിപിഎം ആണ് പെട്ടുപോയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും ഹവാല ഇടപാടിലും പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴി നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രം രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ തീരുമാനം. കേസിൽ വിശദമായ അന്വേഷണം നിയമസഭാ സമ്മേളനത്തിനുശേഷമേ ആരംഭിക്കൂ.
ആദ്യം സിഎംആർഎൽ ജീവനക്കാരെയും റിയാസിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തുക.
സിഎംആർഎൽ ഉടമ ശശിധരൻ കർത്ത, ഫിനാൻസ് മാനേജർ സുരേഷ് കുമാർ, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം, കോഴിക്കോട് സ്പെഷ്യൽ യൂണിറ്റുകളിലെ എസ്പിമാരായ സുരേഷിനെയും ബാലകൃഷ്ണനെയും ഉൾപ്പെടുത്തി രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്ത് സിഎംആർഎൽ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി, വീണ വഴി 3.26 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പിണറായി വിജയനെതിരെയുള്ള വിജിലൻസ് എഫ്ഐആറിലെ ആരോപണം. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശാനുസരണമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുൻ മന്ത്രി മുഹമ്മദ് റിയാസ് ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കടത്തിയെന്ന കണ്ടെത്തലിൽ അദ്ദേഹമാണ് ഒന്നാം പ്രതി. മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. ഹവാല കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാകുന്ന രീതിയിൽ രണ്ട് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലുമായി ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്.
വിജിലൻസ് കേസിന്റെ ചുവടുപിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിണറായി വിജയനെതിരെ ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇതിനോടകം പിണറായി വിജയന് സമൻസ് നൽകിയിട്ടുമുണ്ട്.
Kerala
കണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിലെ വീഴ്ചകളും സംഘടനാ രംഗത്തെ പാളിച്ചകളും തുറന്നുകാട്ടി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയംവിമർശനം. പിണറായി ഉൾപ്പെട്ട മാസപ്പടിക്കേസിൽ യഥാസമയം പ്രതികരിച്ചില്ല. ഇത് ആശയക്കുഴപ്പമുണ്ടാക്കി. ആരോപണങ്ങളെ ചെറുക്കുന്നതിലും വീഴ്ച സംഭവിച്ചെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം കൈകാര്യം ചെയ്തതിലും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയിലും ഏരിയാ കമ്മിറ്റികൾക്ക് വീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. പക്ഷെ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും വിഷയം ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുന്നതിലും അവരെ ബോധ്യപ്പെടുത്തുന്നതിലും ഏരിയാ കമ്മിറ്റി പരാജയപ്പെട്ടു.
പയ്യന്നൂരിലെ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തവും ഏരിയാ കമ്മിറ്റിക്കാണെന്ന് ചർച്ചകളിൽ വിമർശനമുയർന്നു. പാർട്ടിയെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചു. എന്നാൽ കുഞ്ഞികൃഷ്ണന്റെ പാർട്ടി വിരുദ്ധ നിലപാടുകൾ തിരിച്ചറിയുന്നതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായും വിമർശനമുണ്ടായി. മട്ടന്നൂർ, പയ്യന്നൂർ ഏരിയാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.
കെ.കെ. ഷൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് പാർട്ടിയിൽ ഒതുക്കാനാണെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും യോഗം വിലയിരുത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും ചർച്ചകളിൽ ഉയർന്നു. എം.വി. ഗോവിന്ദനെതിരെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇടപെട്ടെന്ന വിമർശനവും യോഗത്തിൽ ചർച്ചയായി.
എന്നാൽ കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ ഇക്കാര്യത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ചില നേതാക്കൾ നിലപാടെടുത്തു. അതേസമയം എ.എൻ. ഷംസീറിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട ഹവാലകേസ് അന്വേഷണം ദുബായിലേക്ക്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതികളായ കേസിൽ വിദേശത്തുനിന്ന് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് തെളിവുകൾ ശേഖരിക്കുന്നതിനായി വിവരങ്ങൾ ആവശ്യപ്പെടാൻ ഉപയോഗിക്കുന്ന നിയമരേഖയായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറുന്നതിനുള്ള നടപടികളാണ് ഇഡി ആലോചിക്കുന്നത്. ഇതിനായി പിഎംഎൽഎ കോടതിയിൽനിന്ന് അനുമതി നേടിയശേഷം വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് തീരുമാനം.
ദുബായിലെ ബന്ധപ്പെട്ട ഏജൻസികളിൽനിന്ന് വിവരങ്ങൾ തേടുന്നതിനൊപ്പം ഹവാല വഴി പണം കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും ശേഖരിക്കും. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
2024 ജൂലൈ മുതൽ 2025 ജൂലൈ വരെ മുഹമ്മദ് റിയാസ് സുഹൃത്തുക്കളുമായി ചേർന്ന് ഹവാല ഇടപാടുകൾ നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദുബായിൽനിന്ന് തെളിവുകൾ ശേഖരിക്കാൻ നീക്കം നടത്തുന്നത്.
വരുമാന സ്രോതസിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിർദേശപ്രകാരം ഹവാല ചാനലിലൂടെ അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കൾ മൊഴിനൽകിയിട്ടുണ്ടെന്നും ഇഡിപറയുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റാരോ ഉണ്ട്. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസിൽ സർക്കാരിന്റെ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. അടൂർ പ്രകാശിന്റെയും മാത്യു കുഴൽനാടന്റെയും പരസ്യ വിമർശനങ്ങൾ ആസൂത്രിതമാണെന്ന ആരോപണവും വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം ശക്തമാക്കുന്നുണ്ട്. സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം.
എഐസിസി അധ്യക്ഷന്‍ പരാതി നൽകിയ ശേഷവും അദ്ദേഹം പരസ്യ വിമർശനം ആവർത്തിച്ചിരുന്നു. വിമർശിച്ചതിന്റെ പേരിൽ തന്നെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. കാബിനറ്റ് പദവികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയുമെന്ന കെ.സി.വേണുഗോപാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തിയത്.
ഇതോടെ കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ ചർച്ചയാകുകയാണ്. മാസപ്പടി കേസിലെ സർക്കാർ സമീപനവും നേതൃത്വത്തിന്റെ തീരുമാനങ്ങളിലെ കൂടിയാലോചനക്കുറവും ഉയർത്തിയുള്ള വിമർശനങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വി.ഡി.സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം. അടൂർ പ്രകാശിന്റെ പുതിയ വിമർശനങ്ങൾക്കൊപ്പം ഈ ആരോപണങ്ങളും ശക്തമാകുന്നതോടെ കോൺഗ്രസിലെ ചേരിപ്പോര് വീണ്ടും സജീവമായിരിക്കുകയാണ്.