തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് ജെൻ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് ’ചോരയ്ക്ക് പകരം ചോര’ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗവുമായി ബന്ധപ്പെട്ടു പൊലിസ് കേസെടുക്കില്ല.
ഇടതു സർക്കാരിന്റെ കാലത്തെ അതിക്രമങ്ങളിൽ അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നാണ് പൊലിസ് വിലയിരുത്തൽ. കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പൊലിസിൽ പരാതി നൽകിയത്.
നിയമപരമായ മാർഗങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നാണ് പൊലിസിനു ലഭിച്ച നിയമോപദേശം. മുഖ്യമന്ത്രിയുടെ പ്രസംഗം: ’’ഈ സർക്കാരിനെ സൃഷ്ടിക്കാൻ മർദനമേറ്റുവാങ്ങിയ, ചോരപ്പുഴ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ കൂടിയാണ് ഈ സർക്കാർ. നിങ്ങളെ പ്രയാസപ്പെടുത്തില്ല.
നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതു പോലെയല്ല. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നത്. ആരെല്ലാം ഉത്തരവാദികളാണ് അവരെല്ലാം അകത്തുപോകും. അതിൽ അവസാനംവരെ പോരാടും’’. ഇതിൽ പ്രകോപനപരമായോ സ്പർദ്ധ വളർത്താനോ ആഹ്വാനമില്ലെന്നു പൊലിസ് പറയുന്നു.