ഗുരുവായൂർ: കണ്ണനുമുന്നിൽ തൊഴുകൈകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്നലെ വൈകുന്നേരം 3.55 ഓടെയാണ് രാഷ്ട്രപതി ഗുരുവായൂരിൽ ദർശനത്തിനെത്തിയത്.
മകൾ നിത്യശ്രീ മുർമു, ഗവർണർ ഓംപ്രകാശ് മാഥൂർ, മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എന്നിവരും രാഷ്ട്രപതിഭവനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽനിന്നു ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനുസമീപംവരെ നടന്നെത്തിയ രാഷ്ട്രപതിയെ ക്ഷേത്രകവാടത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു.
കിഴക്കേ ഗോപുരകൊടിമരത്തിനു സമീപത്തുകൂടി നാലന്പലത്തിനുള്ളിൽ പ്രവേശിച്ച് കാണിക്ക അർപ്പിച്ചശേഷം സോപാനത്തിനുമുന്നിൽ കണ്ണനെ തൊഴുതു. മേൽശാന്തി സതീശൻ നന്പൂതിരിയിൽനിന്നു പ്രസാദം സ്വീകരിച്ച് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട് രാഷ്ട്രപതിക്കു നൽകി.
ദേവസ്വത്തിന്റ ഉപഹാരമായ സ്വർണക്കോലത്തിന്റെ ചെറുമാതൃക മന്ത്രി കെ. മുരളീധരനും കുമിൾമരത്തിൽ നിർമിച്ച വെണ്ണക്കണ്ണന്റെ ശിൽപം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രാഷ്ട്രപതിക്കു സമ്മാനിച്ചു.
പത്തു മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച രാഷ്ട്രപതി പുറത്തിറങ്ങി ഭക്തർക്കു സമീപമെത്തി അഭിവാദ്യമർപ്പിച്ചു. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി നാലരയോടെ മടങ്ങി.