തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്പി. മുന്നണി യോഗങ്ങൾ കൃത്യമായി ചേരാത്തതിലും ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നത് വൈകുന്നതിലും പ്രതിഷേധിച്ചാണ് ആർഎസ്പി പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. നയപരമായും അഭിപ്രായവ്യത്യാസമുള്ളതുമായ വിഷയങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ആർഎസ്പി നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റിയത് കൂട്ടായ്മ പ്രതീക്ഷിച്ചാണെന്ന കാര്യം മുന്നണി നേതൃത്വം മറക്കരുതെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമിന്റെ ഓർമപ്പെടുത്തൽ. മുന്നണിയിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് കോൺഗ്രസിലെ എതിർചേരിയുടേതെന്ന ആരോപണവും ഉയരുന്നുണ്ട്.
യുഡിഎഫ് നിരന്തരം യോഗം ചേരുന്ന ജനാധിപത്യപരമായ പ്രവർത്തനശൈലി പിന്തുടരണമെന്നാണ് ആർഎസ്പിയുടെ പ്രധാന ആവശ്യം. മുന്നണി യോഗങ്ങൾ ചേരാത്തതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന നിലപാടാണ് ആർഎസ്പി പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. അതേസമയം മുന്നണിക്കുള്ളിലെ ചർച്ചകളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന ശൈലിയോടും പാർട്ടി അതൃപ്തിയുണ്ട്.
കൂടിയാലോചനയില്ലാതെ കാബിനറ്റ് പദവികൾ നൽകുന്നതിനെയും ആർഎസ്പി ചോദ്യം ചെയ്തു. കാബിനറ്റ് പദവികൾ വ്യാപകമായി നൽകാനാണ് തീരുമാനമെങ്കിൽ എ.എ. അസീന് കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്ന ആവശ്യം രേഖാമൂലം ഉന്നയിക്കാനാണ് പാർട്ടിയുടെ നീക്കം. ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവയ്പ് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കണമെന്നും ആർഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.