തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്തുചാടി. മുൻപ് ചാടിപ്പോയ അതേ കുരങ്ങാണ് ഇന്നും രക്ഷപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടിയത്.
പിന്നാലെ മൃഗശാല വളപ്പിലെ വലിയൊരു മരത്തിൽ ഇത് കയറിക്കൂടി. കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു. നിലവിൽ ഭക്ഷണം നൽകി കുരങ്ങിനെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെയും നിയോഗിച്ചിട്ടുണ്ട്.
2023-ൽ തിരുപ്പതിയിൽ നിന്ന് എത്തിച്ച കുരങ്ങാണിത്. മുൻപും ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് പുറത്തുചാടി നഗരത്തിലേക്ക് ഇറങ്ങിയ സംഭവമുണ്ടായിരുന്നു. അന്ന് ഏറെ സാഹസപ്പെട്ടാണ് കുരങ്ങിനെ തിരികെ പിടികൂടി കൂട്ടിലടച്ചത്.