തിരുവനന്തപുരം: അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന, ഗതാഗതച്ചെലവ്, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ഉത്പാദന ചെലവിലുണ്ടായ വര്‍ധനവ് കാരണമാണ് കാലിത്തീറ്റയുടെ വില കൂട്ടേണ്ടി വന്നതെന്ന് മില്‍മ. അവശ്യ ഘടകങ്ങളുടെയും പാക്കിംഗ് സാമഗ്രികളുടെയും വിലക്കയറ്റവും ഇതിന് കാരണമായിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാതിരിക്കാന് 2022 നവംബര്‍ മുതല്‍ കാലിത്തീറ്റ വില വര്ധിപ്പിച്ചിരുന്നില്ലെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ സാമ്പത്തിക നഷ്ടം കാരണം നവംബര്‍ 17 മുതല്‍ വില പരിഷ്കരിക്കേണ്ടിവന്നു. 2022 മുതല്‍ കാലിത്തീറ്റ പ്ലാന്റുകള്ക്കുണ്ടായ ആകെ നഷ്ടം 50 കോടി രൂപയോളമാണ്.
2026 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം 22 കോടി രൂപയുടെ നഷ്ടമുണ്ടായി. വില വര്‍ധനവിനു ശേഷവും ഒരു ചാക്കിന് ശരാശരി 200 മുതല്‍ 300 രൂപ വരെ നഷ്ടം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചോളം ഉള്‍പ്പടെയുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, എത്തനോള്‍ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം വര്‍ധിച്ചത്, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ എന്നിവയും ഉത്പാദനച്ചെലവ് ഉയര്‍ത്തിയതായി മില്‍മ വിശദീകരിച്ചു.
അതേസമയം, വിലവര്‍ധന ക്ഷീരകര്‍ഷകരുടെ ഉത്പാദനച്ചെലവ് കൂട്ടുമെന്ന ആശങ്കയുണ്ട്. 2022-23 മുതല്‍ 80 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി നല്‍കിയിട്ടുണ്ടെന്നും മൂന്ന് മേഖലാ യൂണിയനുകള്‍ വഴി ചാക്കൊന്നിന് 100 മുതല്‍ 200 രൂപ വരെ അധിക സബ്സിഡി നല്‍കുന്നുണ്ടെന്നും മില്‍മ അറിയിച്ചു.
ഉത്പാദനച്ചെലവ് കുറച്ച് കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ കാലിത്തീറ്റ ലഭ്യമാക്കാനുള്ള നടപടികളും തുടരുകയാണ്.