കൊച്ചി: കെ.വി.തോമസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ ഒറ്റുകാരനാണ് കെ.വി.തോമസെന്ന് ജിന്റോ വിമർശിച്ചു.
പത്മജ വേണുഗോപാലിന്റേത് കോണ്‍ഗ്രസ് രക്തമാണെന്ന കെ.വി.തോമസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനം. ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണെന്നും ഒറ്റുകാര്‍ക്ക് പരസ്പരം രക്തഗുണം തിരിച്ചറിയാന്‍ പറ്റുമല്ലോയെന്നും ജിന്റോ പ്രതികരിച്ചു.
നേരത്തെ പാര്‍ട്ടി വിട്ടുപോയവര്‍ വന്നപോലെ ഇനിയും ഓടിക്കയറാമെന്ന് കെ.വി തോമസ് കരുതേണ്ട. അങ്ങനെ തോന്നിയപോലെ നടന്നതിന്റെ പ്രായശ്ചിത്തം നടത്തേണ്ടി വന്നത് സാധാരണ പ്രവര്‍ത്തകരാണെന്നും ജിന്റോ പറഞ്ഞു.
കോണ്‍ഗ്രസിൽ നിന്ന് പരമാവധി അധികാരം പങ്കുപറ്റി തടിച്ചുവീര്‍ത്തിട്ടും വികസനം പോരെന്ന് പറഞ്ഞ് തൃക്കാക്കരയില്‍ വന്ന് കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് മറന്നിട്ടുമില്ല. തല്ക്കാലം ചേട്ടായി അല്പം വിശ്രമിക്ക്, ഇവിടെ കൊള്ളാവുന്ന ആളുകളുണ്ട് കാര്യങ്ങള്‍ തീരുമാനിക്കാന്‍. അതുകൊണ്ടിപ്പോള്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ സാരോപദേശം വേണ്ട. അധികാരമില്ലാതെ അല്പകാലമൊന്ന് ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്ക് സാറേ. എന്തിനാ നിങ്ങള്‍ ഇനിയും 'അവഗണന' നേരിടാന്‍ ഇങ്ങോട്ടുള്ള ഇടവഴി തേടുന്നതെന്നും ജിന്റോ കൂട്ടിച്ചേർത്തു.