തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കരൻ ആണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഘടനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽപിഎസ്ടി സമരക്കാർ മുന്നോട്ടുവെച്ച അഞ്ചിൽ നാലാവശ്യങ്ങളും അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചാമത്തെ ആവശ്യം സർക്കാരിന് ചെയ്യാൻ സാധിക്കാത്ത കാര്യമാണ്. സമരം അവസാനിപ്പിച്ചാൽ നാലുകാര്യങ്ങളിൽ ഉത്തരവിറക്കാൻ കഴിയും. 'അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക ആണ് അഞ്ചാമത്തെ ആവശ്യം. 1:25 ആക്കിയാലും അധ്യാപക തസ്തിക കൂടില്ല. 1:30 ആണ് ചട്ടമെങ്കിലും നിലവിൽ തന്നെ സംസ്ഥാനത്ത് ശരാശരി 1:19 ആയി മാറിയിട്ടുണ്ട്.
കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഇല്ലാത്ത വേക്കൻസികളിലേക്കാണ് കഴിഞ്ഞ സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ സാധിക്കുന്നില്ല. ഇക്കാര്യം പരിശോധിച്ച് ഒരു സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.