മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ കാർഡുകൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇവയെല്ലാം ഒരൊറ്റ കേന്ദ്രത്തിൽ നിന്നാണ് പുറത്തുവരുന്നതെന്നും ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ നീക്കങ്ങളെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാൽ ആ വ്യക്തിയുടെ പേര് പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. ഏറെ വേട്ടയാടലുകൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "തിരഞ്ഞെടുപ്പ് കാലത്ത് ഒരു വാര്‍ത്തയുണ്ടായിരുന്നു, ഒരാള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുവെന്ന്. വലിയൊരു നേതാവ് രാജിവച്ച പോലെയാണ് പ്രാധാന്യം നല്‍കിയത്. അപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ഇല്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു
വ്യാജ വാർത്തകളും കാർഡുകളും ആദ്യകാലത്ത് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. "ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു ഇതൊക്കെ കാണുമ്പോള്‍. രാവിലെ ഇതുതന്നെ ആണല്ലോ എന്ന്.
ഇപ്പോള്‍ താനത് ആസ്വദിക്കുകയാണ്. കാരണം, തന്റെ ക്രഡിബിളിറ്റി അല്ലല്ലോ പോയത്. ഇങ്ങനെ തെറ്റായ വാര്‍ത്ത കൊടുക്കുന്നവരുടെ ക്രഡിബിലിറ്റിയാണ് പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഓരോരുത്തന്മാരിടുന്നതിന്റെ മറുപടി താനാണോ പറയേണ്ടതെന്നും സതീശൻ ചോദിച്ചു.
തനിക്കെതിരെ മുൻപ് പ്രചരിപ്പിച്ച ചില വ്യാജ കാർഡുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. "ക്ഷേമപെന്ഷന് നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് എന്റെ ചിരിച്ചു കൊണ്ട് നില്ക്കുന്ന ചിത്രം വച്ച് വ്യാജ കാര്‍ഡിറക്കി, വി.ഡി.സതീശന് മാവേലി തമ്പുരാനാണ് എന്ന് കാര്‍ഡിറക്കി.., ചാണ്ടി ഉമ്മന്‍ പറഞ്ഞു, അപ്പയെ കണ്ണീര് കുടിപ്പിച്ചവരില് ഒന്നാമനാണ് സതീശന്'! ഇങ്ങനെയെല്ലാം കാർഡുകൾ ഇറങ്ങി.
പ്രമുഖ മാധ്യമങ്ങളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ഇത്തരം വ്യാജ കാർഡുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ പേരിൽ വ്യാജ കാർഡുകൾ ഇറക്കുന്നവർക്കെതിരെ മാധ്യമസ്ഥാപനങ്ങൾ തന്നെ നിയമനടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Tags : VDSatheesan CM Fake Cards Socialmedia