തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യാത്രക്കാരിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. സംഭവത്തിൽ വർക്കല സ്വദേശിയായ അരവിന്ദിനെ (22) റെയിൽവേ പൊലിസ് കസ്റ്റഡിയിലെടുത്തു. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 16 വയസുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്.
ട്രെയിനിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടിയാണ് അതിക്രമം നേരിട്ടത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ റെയിൽവേ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസവും തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ വച്ച് ട്രെയിനിൽ യുവതിക്ക് നേരെ സമാനമായ രീതിയിൽ ലൈംഗികാതിക്രമം നടന്നിരുന്നു.