തിരുവനന്തപുരം: കളിക്കളം 2026 ലെ മികച്ച കായികപ്രതിഭകൾക്ക് വിദഗ്ധ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി കെ.എ തുളസി. മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരുടെ പട്ടിക അടിയന്തരമായി തയാറാക്കി വരുന്ന വേനലവധിക്കാലത്ത് പ്രത്യേക പരിശീലനം നൽകും.
മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിക്കും. അടുത്ത വർഷം മുതൽ "കളിക്കളം’ മേളയിൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തും. വരും വർഷങ്ങളിൽ മറ്റു ജില്ലകളിൽ കൂടി കായികമേള നടത്താൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ മേളയിൽ 22 എംആർഎസുകളിൽ നിന്നും 113 പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 1,602 കുട്ടികൾ പങ്കെടുത്തു. 94 മൽസര ഇനങ്ങളാണ് ഉണ്ടായിരുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. എസ്. ഇർഷാദ്, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പബ്ലിസിറ്റി എസ്.എ. നജീം എന്നിവർ പങ്കെടുത്തു.