സൗന്ദര്യവർധനയ്ക്കുള്ള ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ, സ്വാഭാവികമായ നിറവും രൂപവും മാറ്റി മറ്റൊരു സൗന്ദര്യസങ്കൽപത്തിലേക്ക് എത്തിച്ചേരാനുള്ള അമിതമായ ത്വര ഇന്ന് കുട്ടികളിലേക്കും വ്യാപിച്ചിരിക്കുന്നു. മുഖക്കുരു മാറാൻ, പാടുകൾ മായ്ക്കാൻ, ചർമം വെളുക്കാൻ, പ്രായം തോന്നാതിരിക്കാൻ... തുടങ്ങിയ പരസ്യവാചകങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന ക്രീമുകളും ലോഷനുകളും മറ്റു സൗന്ദര്യവർധക ഉത്പന്നങ്ങളും പ്രായഭേദമെന്യെ അനേകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരും പരസ്യങ്ങളും ഓൺലൈൻ വിപണിയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. എന്നാൽ, ഇത്തരത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ശാസ്ത്രീയ മുന്നറിയിപ്പ് നാം വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. കേരളത്തിൽ 17 വയസുള്ള ഒരു പെൺകുട്ടിക്ക് സൗന്ദര്യവർധക ഉത്പന്നത്തിന്റെ ഉപയോഗത്തെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചെന്ന ഏറ്റവും പുതിയ വാർത്ത ഈ അപകടത്തിന്റെ ഭീകരതയാണ് തുറന്നുകാട്ടുന്നത്.
മെർക്കുറി: സൗന്ദര്യവർധക ക്രീമിലെ മാരക ഘടകം
ചർമത്തിന്റെ നിറം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില അനധികൃത ക്രീമുകളിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും അപകടകാരികളായ ഘടകങ്ങളിലൊന്നാണ് മെർക്കുറി. മെർക്കുറി സംയുക്തങ്ങൾ മെലാനിൻ ഉത്പാദനത്തെ തടസപ്പെടുത്തിയാണ് ചർമം വെളുപ്പിക്കുന്ന ഫലം സൃഷ്ടിക്കുന്നത്. എന്നാൽ, അതിന്റെ വിഷാംശം ചർമത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ചർമത്തിലൂടെ ശരീരത്തിലെത്തുന്ന അജൈവ മെർക്കുറി സംയുക്തങ്ങൾ വൃക്കകളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കാം. നാഡീവ്യവസ്ഥ, പ്രതിരോധവ്യവസ്ഥ, ദഹനവ്യവസ്ഥ എന്നിവയെയും ബാധിക്കാം.
വിറയൽ, ഓർമക്കുറവ്, ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചർമത്തിലെ അസ്വസ്ഥതകൾ എന്നിവയും മെർക്കുറി വിഷബാധയുടെ ലക്ഷണങ്ങളാകാം. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ മനുഷ്യാരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന പത്ത് പ്രധാന രാസവസ്തുക്കളിൽ ഒന്നാണ് മെർക്കുറി.