പ്രതീകാത്മക ചിത്രം - എഐ
സൗന്ദര്യവർധനയ്ക്കുള്ള ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ, സ്വാഭാവികമായ നിറവും രൂപവും മാറ്റി മറ്റൊരു സൗന്ദര്യസങ്കൽപത്തിലേക്ക് എത്തിച്ചേരാനുള്ള അമിതമായ ത്വര ഇന്ന് കുട്ടികളിലേക്കും വ്യാപിച്ചിരിക്കുന്നു. മുഖക്കുരു മാറാൻ, പാടുകൾ മായ്ക്കാൻ, ചർമം വെളുക്കാൻ, പ്രായം തോന്നാതിരിക്കാൻ... തുടങ്ങിയ പരസ്യവാചകങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന ക്രീമുകളും ലോഷനുകളും മറ്റു സൗന്ദര്യവർധക ഉത്പന്നങ്ങളും പ്രായഭേദമെന്യെ അനേകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരും പരസ്യങ്ങളും ഓൺലൈൻ വിപണിയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. എന്നാൽ, ഇത്തരത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ശാസ്ത്രീയ മുന്നറിയിപ്പ് നാം വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. കേരളത്തിൽ 17 വയസുള്ള ഒരു പെൺകുട്ടിക്ക് സൗന്ദര്യവർധക ഉത്പന്നത്തിന്റെ ഉപയോഗത്തെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചെന്ന ഏറ്റവും പുതിയ വാർത്ത ഈ അപകടത്തിന്റെ ഭീകരതയാണ് തുറന്നുകാട്ടുന്നത്.
മെർക്കുറി: സൗന്ദര്യവർധക ക്രീമിലെ മാരക ഘടകം
ചർമത്തിന്റെ നിറം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില അനധികൃത ക്രീമുകളിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും അപകടകാരികളായ ഘടകങ്ങളിലൊന്നാണ് മെർക്കുറി. മെർക്കുറി സംയുക്തങ്ങൾ മെലാനിൻ ഉത്പാദനത്തെ തടസപ്പെടുത്തിയാണ് ചർമം വെളുപ്പിക്കുന്ന ഫലം സൃഷ്ടിക്കുന്നത്. എന്നാൽ, അതിന്റെ വിഷാംശം ചർമത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ചർമത്തിലൂടെ ശരീരത്തിലെത്തുന്ന അജൈവ മെർക്കുറി സംയുക്തങ്ങൾ വൃക്കകളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കാം. നാഡീവ്യവസ്ഥ, പ്രതിരോധവ്യവസ്ഥ, ദഹനവ്യവസ്ഥ എന്നിവയെയും ബാധിക്കാം.
വിറയൽ, ഓർമക്കുറവ്, ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചർമത്തിലെ അസ്വസ്ഥതകൾ എന്നിവയും മെർക്കുറി വിഷബാധയുടെ ലക്ഷണങ്ങളാകാം. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ മനുഷ്യാരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന പത്ത് പ്രധാന രാസവസ്തുക്കളിൽ ഒന്നാണ് മെർക്കുറി.

പുറത്തുനിന്നുള്ള വസ്തുക്കളെ തടയുന്ന സംരക്ഷണ കവചമാണ് ചർമമെങ്കിലും എല്ലാ രാസവസ്തുക്കളെയും പൂർണമായി തടയുന്ന അഭേദ്യമായ പരിചയല്ല അത്. ചർമത്തിന്റെ പുറംപാളിയായ സ്ട്രാറ്റം കോർണിയം പല വസ്തുക്കളുടെയും പ്രവേശനം നിയന്ത്രിക്കുന്നു.
എന്നാൽ, ചില രാസവസ്തുക്കൾ അവയുടെ തന്മാത്രാവലുപ്പം, കൊഴുപ്പിൽ ലയിക്കാനുള്ള കഴിവ്, സാന്ദ്രത, ഉപയോഗിക്കുന്ന അളവ്, ചർമത്തിന്റെ അവസ്ഥ എന്നിവയെ ആശ്രയിച്ച് ചർമത്തിലൂടെ കടന്ന് ആഴത്തിലുള്ള കോശങ്ങളിലെത്തുകയും രക്തത്തിൽ പ്രവേശിക്കുകയും ചെയ്യാം. ഇതാണ് ഡെർമൽ അബ്സോർപ്ഷൻ.
ചർമത്തിൽ പുരട്ടുന്ന വസ്തു ചർമത്തിൽതന്നെ അവസാനിക്കുന്നു എന്ന ധാരണ ശാസ്ത്രീയമായി ശരിയല്ല. പ്രത്യേകിച്ച് ദീർഘകാലം ആവർത്തിച്ച് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ചില വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയുമുണ്ട്. കുട്ടികളുടെ ചർമവും ശരീരത്തിലെ ഉപാപചയ സംവിധാനങ്ങളും വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായതിനാൽ ചില രാസവസ്തുക്കളോടുള്ള അവയുടെ പ്രതികരണം മുതിർന്നവരുടേതിൽനിന്ന് വ്യത്യസ്തമായിരിക്കും.
വൃക്കകളെ തകരാറിലാക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ
മെർക്കുറി വിഷബാധയുടെ ഏറ്റവും ഗൗരവതരമായ പ്രത്യാഘാതങ്ങളിലൊന്ന് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. രക്തത്തിലെ മാലിന്യങ്ങളും അധിക പദാർഥങ്ങളും അരിച്ചുമാറ്റുന്ന വൃക്കകളിലെ സൂക്ഷ്മഘടകങ്ങളാണ് ഗ്ലോമെറുലൈ. ഇവയ്ക്ക് കേടുപാടുണ്ടായാൽ രക്തത്തിൽ നിലനിൽക്കേണ്ട പ്രോട്ടീൻ മൂത്രത്തിലൂടെ പുറത്തുപോകാം. ഇതിന്റെ ഫലമായി നെഫ്രോട്ടിക് സിൻഡ്രോം, മെംബ്രനസ് നെഫ്രോപതി തുടങ്ങിയ വൃക്കരോഗങ്ങൾ ഉണ്ടാകാം. രക്തത്തിലെ ആൽബുമിൻ കുറയുന്നതോടെ മുഖത്തും കണ്ണുകൾക്കു ചുറ്റും കാലുകളിലും നീർവീക്കം പ്രത്യക്ഷപ്പെടാം.
മൂത്രത്തിൽ അമിതമായ പത, ശരീരഭാരം പെട്ടെന്ന് വർധിക്കൽ തുടങ്ങിയവയും മുന്നറിയിപ്പുകളാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ വൃക്കകളുടെ പ്രവർത്തനം കൂടുതൽ തകരാറിലാകുകയും വൃക്കസ്തംഭനത്തിലേക്ക് വരെ എത്തുകയും ചെയ്യാം.

കുട്ടികളുടെ ശരീരത്തിൽ നടക്കുന്ന കോശവളർച്ചയും ഹോർമോൺ വ്യതിയാനങ്ങളും അവയവങ്ങളുടെ വികാസവും വളരെ സങ്കീർണമാണ്. അതുകൊണ്ടുതന്നെ മുതിർന്നവർക്കായി രൂപകൽപന ചെയ്ത സൗന്ദര്യവർധക ഉത്പന്നങ്ങൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് കരുതാനാവില്ല.
പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ചർമം വെളുപ്പിക്കാനുള്ള ക്രീമുകൾ, ശക്തിയേറിയ ആന്റി-ഏജിങ് ഉത്പന്നങ്ങൾ, കെമിക്കൽ പീലിംഗ് ഉത്പന്നങ്ങൾ, മുതിർന്നവർക്കുള്ള മേക്കപ്പ് ഉത്പന്നങ്ങൾ എന്നിവയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കണം.
കുട്ടികളിൽ സ്വാഭാവികമായി ഉണ്ടാകുന്ന മുഖക്കുരു, ചർമത്തിലെ പാടുകൾ, നിറവ്യത്യാസങ്ങൾ എന്നിവയെ രോഗമായോ സൗന്ദര്യക്കുറവായോ കാണേണ്ടതില്ല. ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമേ ഉത്പന്നങ്ങൾ ഉപയോഗിക്കാവൂ. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ വഴി വാങ്ങുന്ന ഉത്പന്നങ്ങൾ കുട്ടികളുടെ ശരീരത്തിൽ പരീക്ഷിക്കാൻ പാടില്ല.
ശാസ്ത്രീയ മുന്നറിയിപ്പ്
2024ൽ കിഡ്നി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഫെയർനെസ് ക്രീമുകളുടെ ഉപയോഗവും മെർക്കുറി വിഷബാധയുമായി ബന്ധപ്പെട്ട വൃക്കരോഗങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. NELL-1 എന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട മെംബ്രനസ് നെഫ്രോപതി ഫെയർനെസ് ക്രീം ഉപയോഗവുമായി ബന്ധപ്പെടുത്തി അതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 സെപ്റ്റംബറിൽ ഇതേ ജേണലിൽ പ്രസിദ്ധീകരിച്ച The Unfairness of Fairness Creams: Unveiling the Toxic Impact on Kidneys of Mercury in Beauty Products എന്ന ലേഖനത്തിൽ വൃക്കരോഗസാധ്യതയുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യവർധക ക്രീമുകളുടെ ഉപയോഗം വൃക്കകളെ ബാധിക്കാമെന്നത് കേവലം സൈദ്ധാന്തികമായ ആശങ്കയല്ലെന്നും ചികിത്സാരംഗത്ത് രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നമാണെന്നും ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.
ചർമത്തിന്റെ നിറം കുറയ്ക്കുന്നതിനും കറുത്ത പാടുകൾ മാറ്റുന്നതിനും ഉപയോഗിക്കുന്ന ഹൈഡ്രോക്വിനോൺ തെറ്റായ രീതിയിൽ ദീർഘകാലം ഉപയോഗിക്കുന്നത് ഗുരുതരമായ ചർമപ്രശ്നങ്ങൾക്ക് കാരണമാകാം. ചർമത്തിൽ നീണ്ടുനിൽക്കുന്ന നീല കലർന്നതോ കറുത്തതോ ആയ നിറവ്യത്യാസമായ എക്സോജനസ് ഒക്രോനോസിസ്. ചൊറിച്ചിൽ, നീർവീക്കം, ചർമവീക്കം എന്നിവ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളാണ്.
ചില ക്രീമുകളിൽ അനധികൃതമായി ചേർക്കുന്ന ശക്തിയേറിയ കോർട്ടിക്കോ സ്റ്റിറോയിഡുകൾ ആദ്യം ചർമത്തെ താത്കാലികമായി മെച്ചപ്പെട്ടതുപോലെ തോന്നിപ്പിച്ചേക്കാം. എന്നാൽ, ദീർഘകാല ഉപയോഗം ചർമം നേർത്തുപോകുക, രക്തക്കുഴലുകൾ തെളിഞ്ഞുകാണുക, മുഖക്കുരു വർധിക്കുക, സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുക, അണുബാധയ്ക്കുള്ള സാധ്യത കൂടുക തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ശക്തിയേറിയ സ്റ്റിറോയിഡുകൾ കൂടുതൽ ഭാഗങ്ങളിൽ ദീർഘകാലം ഉപയോഗിക്കുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ നിയന്ത്രണത്തെയും ബാധിക്കാം. അതുകൊണ്ടുതന്നെ ചർമത്തിന്റെ നിറം മാറ്റാനോ മുഖക്കുരു ചികിത്സിക്കാനോ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് അപകടകരമാണ്.
പാരബെൻസ്, ഫ്താലേറ്റ്സ്, ചില ഫിനോളുകൾ, ബെൻസോഫിനോൺ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചും ശാസ്ത്രലോകത്ത് ആശങ്കകൾ ഉയരുന്നുണ്ട്. ഇവയിൽ ചിലത് എൻഡോക്രൈൻ ഡിസ്രപ്റ്റിംഗ് കെമിക്കൽസ് എന്ന വിഭാഗത്തിൽപ്പെടുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ വർധിപ്പിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന രാസവസ്തുക്കളാണിവ. 2022ൽ Current Environmental Health Reports പ്രസിദ്ധീകരിച്ച പഠനം ഇത്തരം ഉത്പന്നങ്ങളിലെ ചില പാരബെൻസ്, ഫ്താലേറ്റ്സ്, ഫിനോളുകൾ എന്നിവയും പെൺകുട്ടികളുടെ ശാരീരികവളർച്ചാ പ്രക്രിയയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ വളർച്ചയും ഹോർമോൺ വികാസവും വളർച്ചയിലെ നിർണായകമായ ഘട്ടങ്ങളായതിനാൽ അനാവശ്യമായ രാസവസ്തു സമ്പർക്കം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ഈ ഗവേഷണങ്ങൾ ഓർമിപ്പിക്കുന്നു.
(തുടരും)
Tags : Poison Enhance beauty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash