ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത കുടിവെള്ള സാംപിൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ കുടിവെള്ള കമ്പനിയായ ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബിസ്ലേരി കുടിവെള്ളത്തിന്റെ ഒരു സാംപിളിൽ അപകടരമായ രാസവസ്തുക്കളുടെ സാന്നിധ്യം അളവിൽ കൂടുതൽ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.
ബിസ്ലേരി കമ്പനി പരിസരങ്ങളിൽനിന്ന് ശേഖരിച്ച ഒരു പാക്കേജ്ഡ് കുടിവെള്ള സാംപിൾ നിർദിഷ്ട ബ്രോമേറ്റ് പരിധികൾ പാലിക്കാത്തതിനാൽ പ്രോസിക്യൂഷൻ അനുമതി നൽകിയെന്ന് എഫ്എസ്എസ്എഐ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് അറിയിച്ചത്. പരിശോധനയിൽ കാൻസറിനു വരെ കാരണമായേക്കാവുന്ന പോളി ന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (പിഎഎച്ച്) കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ പറഞ്ഞു. പിഎഎച്ചുകൾ വെള്ളത്തിൽ കാണപ്പെടുന്നത് മലിനമായ സ്രോതസിന്റെ സൂചനയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിതമെന്ന് ബിസ്ലേരി
തങ്ങൾ നിർമിക്കുന്ന കുടിവെള്ളം സുരക്ഷിതമാണെന്നും തങ്ങളുടെ ശൃംഖലയിലെ 143 പ്ലാന്റുകളിൽ ഒന്നായ ഗോവയിലെ പ്ലാന്റിൽ 2025 സെപ്റ്റംബറിൽ നിർമിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നും ചൂണ്ടിക്കാട്ടി ബിസ്ലേരി പ്രസ്താവന പുറത്തിറക്കി.
ഈ കേന്ദ്രത്തിൽനിന്ന് ആറ് സാംപിളുകൾ ശേഖരിച്ചുവെന്നും അതിൽ അഞ്ചെണ്ണം നിശ്ചിത മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവയായിരുന്നുവെന്നും അറിയിച്ചു. എന്നാൽ ആറാമത്തെ സാംപിളിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിയായ 10 മൈക്രോഗ്രാമിനേക്കാൾ മുകളിൽ 12 മൈക്രോഗ്രാം ആയിരുന്നുവെന്നു കണ്ടെത്തിയെന്നും ബിസ്ലേരി പ്രസ്താവനയിൽ പറയുന്നു.
Tags : drinking water action Bisleri Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash