പ്രതീകാത്മക ചിത്രം
കണ്ണൂർ: ധനരാജ് വധക്കേസിൽ കോടതി മൂന്നു പ്രതികളെ മാത്രം കുറ്റക്കാരായി കണ്ടതും 16 പേരെ വെറുതെ വിട്ടതും പയ്യന്നൂരിൽ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം, ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന കോടതിയുടെ അഭിപ്രായം എന്നിവ സംബന്ധിച്ച കാര്യങ്ങൾ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.
പത്തുവർഷം ഭരണത്തിലുണ്ടായിട്ടും തെളിവുകൾ ശേഖരിച്ച് പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ അന്നത്തെ സർക്കാരിനു കഴിഞ്ഞില്ലെന്നത് ഭരണ, പാർട്ടി നേതൃത്വങ്ങളുടെ വീഴ്ചയായും പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. പ്രമാദമായ കേസായിട്ടും പാർട്ടി വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന വിമർശനമാണ് ഉയരുന്നത്.
രക്തസാക്ഷിയുടെ കുടുംബത്തിനും കേസ് നടത്താനും സ്വരൂപിച്ച ഫണ്ട് വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന മുൻ സിപിഎം നേതാവും ഇപ്പോഴത്തെ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണന്റെ ആരോപണവും ഇതോടൊപ്പം പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുമുണ്ട്. ധനരാജ് വധക്കേസിൽ പാർട്ടിക്ക് അനുകൂല വിധിയാണ് ഉണ്ടാകുന്നതെങ്കിൽ രക്തസാക്ഷി ഫണ്ട് വിവാദം ഉൾപ്പെടെയുള്ളവ പൊള്ളയാണെന്നു സമർഥിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷകളുടെ മേലുള്ള കരിനിഴലായി വിധി മാറി.
ഫണ്ട് വിവാദ ആരോപണത്തിന്റെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
ഫണ്ട് വിവാദം പയ്യന്നൂരിലെ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിച്ചിരുന്നു. പാർട്ടി പ്രവർത്തകരും അനുഭാവികളും വി. കുഞ്ഞികൃഷ്ണൻ നടത്തിയ തെറ്റായ ആരോപണത്തിൽ വിശ്വസിച്ചു പോയതാണ് തോൽവിക്കു കാരണമെന്നും ഇവർ യാഥാർഥ്യം മനസിലാക്കി പാർട്ടിയിലേക്ക് തിരിച്ചെത്തിച്ചുക്കൊണ്ടിരിക്കുയാണെന്നുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടത്.
Tags : CPM Defensive Verdict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash