തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനെതിരേ കടുത്ത ആരോപണവുമായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പി. ജയരാജന് ഇടുക്കിയിലെ മാങ്കുളത്തു റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്നാരോപിച്ചു ഇ.പി. ജയരാജൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.
മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ടു ദുബായിൽ നടന്ന ഒരു യോഗത്തിൽ പി. ജയരാജൻ പങ്കെടുത്തെന്നും ഈ റിസോർട്ടിൽ ഒരു സ്വർണക്കടത്തുകാരന് ഓഹരിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഇപി പാർട്ടിക്കു കത്ത് നൽകിയിരിക്കുന്നത്.
ദുബായിലെ യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രവും കത്തിനൊപ്പം ഇപി നൽകിയിട്ടുണ്ട്. പി. ജയരാജനു സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇപി പാർട്ടിക്കു നൽകിയ കത്തിൽ പറയുന്നു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരേ പാർട്ടി നടപടിയെടുത്തതിനു പിന്നിൽ പി. ജയരാജനാണെന്നു കത്തിലുണ്ട്. വനിതാ നേതാവിൽനിന്നു പരാതി എഴുതി വാങ്ങിയതു പി. ജയരാജനാണെന്നാണ് ഇപിയുടെ കത്തിലെ ആരോപണം.
പി. ജയരാജനെതിരേയുള്ള ഇപിയുടെ പുതിയ കത്ത് കണ്ണൂർ സിപിഎമ്മിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്നതാണ്. എന്നാൽ ഇപിയുടെ കത്തു ചോർന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വം വലിയ അതൃപ്തിയിലാണ്.

നേരറിയാൻ ബാലഗോപാലും രാമകൃഷ്ണനും
പി. ജയരാജനെതിരേയുള്ള വിവാദങ്ങൾ അന്വേഷിക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും സിപിഎം ചുമതലപ്പെടുത്തി.
ഇ.പി. ജയരാജനും കുടുംബത്തിനും കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ഓഹരിയുണ്ടെന്നും അനധികൃത സ്വത്തുസന്പാദനത്തിലൂടെയാണു അവർ ഇതിൽ പങ്കാളിയായതെന്നും ചൂണ്ടിക്കാട്ടി പി. ജയരാജൻ നേരത്തേ പാർട്ടിക്കു കത്ത് നൽകിയിരുന്നു. ഇതു സിപിഎമ്മിൽ വലിയ വിവാദമായിരുന്നു. ഇപിക്കെതിരേയുള്ള പരാതി അന്വേഷിക്കാൻ പാർട്ടി തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും മറ്റു നടപടികളൊന്നും പാർട്ടിതലത്തിൽ ഉണ്ടായിട്ടില്ല. ഇങ്ങനയൊരു ആരോപണം ഇപിക്കെതിരേ നിലനിൽക്കുന്പോഴാണു പി. ജയരാജനെതിരേ ഇതേ തരത്തിലുള്ള മറ്റൊരു ആരോപണം ഇപി തന്നെ ഉന്നയിക്കുന്നത്.
Tags : Jayarajan War CPM E.P. Jayarajan P. Jayarajan Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash