ജെൻസൻ ഹുവാംഗ്
ന്യൂയോർക്ക്: സിഇഒ സ്ഥാനത്തേക്കുള്ള ജെൻസൻ ഹുവാംഗിന്റെ തിരിച്ചുവരവിന് പിന്നാലെ എഐ ചിപ്പ് ഭീമനായ എൻവിഡിയയുടെ ഓഹരികൾ തിങ്കളാഴ്ച 30 ശതമാനത്തിലധികം കുതിച്ചുയർന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത ഇടിവിന് ശേഷം ആഗോള ഓഹരി വിപണികൾക്ക് വലിയ ഉണർവ് നൽകുന്നതായിരുന്നു ഈ മുന്നേറ്റം.
ഓഹരി വ്യാപാരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹുവാംഗിനെ തിരിച്ചെടുക്കുന്നതായി എൻവിഡിയ പ്രഖ്യാപിച്ചത്. "ഹുവാംഗിന്റെ സത്യസന്ധതയിലും എൻവിഡിയയെ നയിക്കാനുള്ള കഴിവിലും ബോർഡിന് പൂർണ തൃപ്തിയുണ്ട്" എന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ എൻവിഡിയ ഓഹരികൾ 31.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒറ്റദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ 900 ബില്യൺ ഡോളറിലധികം (ഏകദേശം 75 ലക്ഷം കോടിയിലധികം രൂപ) വർധനവുണ്ടായി.
എൻവിഡിയയുടെ മുന്നേറ്റത്തിന് പിന്നാലെ ടെക് അധിഷ്ഠിത സൂചികയായ നാസ്ഡാക് 6.5 ശതമാനം ഉയർന്നു. മെറ്റാ പ്ലാറ്റ്ഫോംസ് (6.6%), ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് (5.9%), ആമസോൺ (3.5%) എന്നീ വമ്പന്മാരും മികച്ച നേട്ടമുണ്ടാക്കി. ചിപ്പ് നിർമാതാക്കളായ ഇന്റൽ, മൈക്രോൺ എന്നിവ രണ്ടക്ക വളർച്ച രേഖപ്പെടുത്തിയപ്പോൾ എഎംഡി, ബ്രോഡ്കോം എന്നിവയും നേട്ടത്തിലായി.
Tags : NvidiaCEO Nvidia Shares Jensen Huang Comeback Stock Market Rally Nasdaq Surge Tech Stocks AI Boom Global Markets