പ്രതീകാത്മക ചിത്രം
ബെർലിൻ: ആണവ പോർമുന വഹിക്കുന്ന ഉപഗ്രഹം ഭ്രമണപഥത്തിൽ വിക്ഷേപിക്കാൻ റഷ്യ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജർമൻ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ജർമൻ സായുധസേനയും ഫെഡറൽ ഇന്റലിജൻസ് സർവീസും ഉൾപ്പടെയുള്ള പാശ്ചാത്യ ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം വരും ആഴ്ചകളിൽ എപ്പോൾ വേണമെങ്കിലും റഷ്യ ഈ ഉപഗ്രഹം വിക്ഷേപിച്ചേക്കാം.
‘സ്പുട്നിക്-എസ്’ എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ നിർമാണം പൂർത്തിയായതായും കുറച്ചുകാലമായി മോസ്കോയ്ക്കു സമീപം ഇതു സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ഭ്രമണപഥത്തിലെത്തിയാലുടൻ ഇതു പ്രവർത്തനസജ്ജമാകും.
ബഹിരാകാശത്ത് ആണവായുധങ്ങൾ വിന്യസിക്കുന്നത് പാശ്ചാത്യരാജ്യങ്ങൾക്കു വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആണവായുധം വഹിക്കുന്ന ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാനോ ആയുധം പ്രയോഗിക്കുന്നത് തടയാനോ ഫലപ്രദമായ മാർഗങ്ങളില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ബഹിരാകാശത്തുണ്ടാകുന്ന ഒരു ആണവസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമായിരിക്കും.
അതേസമയം, ജർമൻ മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിച്ച റഷ്യൻ എംബസി ഈ ആരോപണങ്ങൾ പൂർണമായും തള്ളി. ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും റഷ്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ ഭാഗമാണ് ഈ റിപ്പോർട്ടുകളെന്നും എംബസി വ്യക്തമാക്കി.
Tags : Deploy Space Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash nuclear weapons