പ്രതീകാത്മക ചിത്രം
കീവ്/ബെൻഗാസി: റഷ്യ-യുക്രെയ്ൻ സംഘർഷം യൂറോപ്പിനു പുറത്തേക്കും വ്യാപിക്കുന്നു. ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നാവിക ഡ്രോണുകൾ ഉപയോഗിച്ച് മുക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. ഫിൻലൻഡ് ഉൾക്കടലിൽ റഷ്യൻ സൈനിക ചരക്കുകപ്പലിനുനേരേ ഡ്രോൺ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ലിബിയയിലെ നീക്കം.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഏഴു നാവിക ഡ്രോണുകൾ ഉപയോഗിച്ചതായും ആയുധങ്ങൾ കടത്താൻ റഷ്യ ഉപയോഗിച്ചിരുന്ന ‘എംവി അങ്കാര’ എന്ന ചരക്കുകപ്പലും തകർത്തതായും ഇന്നലെ രാവിലെ സെലൻസ്കി വ്യക്തമാക്കി.
ലിബിയയിൽ യുക്രെയ്ൻ നടത്തിയ സൈനിക നീക്കത്തെക്കുറിച്ചുള്ള യുക്രെയ്ന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. യുദ്ധക്കപ്പലിനൊപ്പമുണ്ടായിരുന്ന റഷ്യൻ നിർമിത ‘കെഎ-27’ കോംബാറ്റ് ഹെലികോപ്റ്ററും തകർത്തതായി സെലൻസ്കി കൂട്ടിച്ചേർത്തു. സംഭവത്തിൽ റഷ്യൻ പ്രതിരോധമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബെൻഗാസി നാവിക താവളത്തിൽ നങ്കൂരമിട്ടിരുന്ന കപ്പലിനുനേരേയാണ് ആക്രമണമുണ്ടായതെന്ന് കിഴക്കൻ ലിബിയൻ ഭരണകൂടം അറിയിച്ചു. റഷ്യയിലേക്ക് സൈനിക സാമഗ്രികൾ കൊണ്ടുപോകുന്ന ചരക്കുകപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതിനിടെ ഇന്ധനം നിറയ്ക്കുന്നതിനായാണു യുദ്ധക്കപ്പൽ ഇവിടെ എത്തിയതെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ’ വ്യക്തമാക്കി.
നേരത്തേ മാർച്ചിൽ, മുർമാൻസ്കിൽനിന്നു ദ്രവീകൃത പ്രകൃതിവാതകവുമായി പോയ ‘ആർട്ടിക് മെറ്റാഗാസ്’ എന്ന കപ്പലിനുനേരേയും ലിബിയയിൽനിന്നുള്ള യുക്രെയ്ൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി റഷ്യൻ ഗതാഗതമന്ത്രാലയം ആരോപിച്ചിരുന്നു.
ശനിയാഴ്ച ഫിൻലൻഡ് ഉൾക്കടലിലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ‘സ്പാർട്ട രണ്ട് ’ എന്ന മറ്റൊരു റഷ്യൻ ചരക്കുകപ്പലിനുനേരേയും ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിനു തീപിടിച്ചു.
കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന മറ്റൊരു റഷ്യൻ കപ്പലിലേക്കു മാറ്റി. ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
ബാൾട്ടിക് കടലിൽ ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്ന അപകടകരമായ പ്രവണതയാണിതെന്നും ഇത്തരം നീക്കങ്ങളിൽനിന്നു യുക്രെയ്നെ പിന്തിരിപ്പിക്കാൻ മേഖലയിലെ രാജ്യങ്ങൾ തയാറാകണമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
Tags : Ukraine Russian warship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash