വാഷിംഗ്ടൺ: ലോകത്തിലെ പ്രമുഖ എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗുമായി അടുത്ത ബന്ധം സ്ഥാപിച്ച് ചൈനീസ് രഹസ്യാന്വേഷണ ഏജൻസി ചാരപ്രവർത്തനം നടത്തിയതായി റിപ്പോർട്ട്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെഗാസ്പീഡ്' എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാംഗ് എന്ന ചൈനീസ് പൗരയാണ് ഇതിന് പിന്നിലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി.
അമേരിക്കൻ ഉപരോധം മറികടന്ന് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളും വിവരങ്ങളും ബീജിംഗിലേക്ക് കടത്താൻ ആലീസ് ഹുവാംഗ് സഹായിച്ചതായാണ് വിൽസൺ ആസ്ഥാനമായുള്ള ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം ഒരു വർഷം മുമ്പ് വിഷയത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിവരങ്ങൾ കൈമാറിയിരുന്നെങ്കിലും, എൻവിഡിയയുടെ വ്യവസായത്തെയും അമേരിക്കൻ ഓഹരി വിപണിയെയും ബാധിക്കുമെന്ന ഭയം കാരണം അദ്ദേഹം നടപടിയെടുക്കാൻ തയ്യാറായില്ല.
യുഎസ് ഏജൻസികളുടെ ഇലക്ട്രോണിക് നിരീക്ഷണത്തിലാണ് ആലീസ് ഹുവാംഗിന് എൻവിഡിയ സിഇഒയുമായുള്ള ബന്ധം വ്യക്തമായത്. ജെൻസൻ ഹുവാംഗിന് ഇവരുടെ ചാരപ്പണിയെക്കുറിച്ച് അറിയാമായിരുന്നുവോ എന്ന കാര്യത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ സംശയമുണ്ട്.ജെൻസൻ ഹുവാംഗ് ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് സാധാരണ മാത്രമാണെന്നും, മെഗാസ്പീഡിന് സുരക്ഷാ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും എൻവിഡിയ വക്താവ് ജോൺ റിസോ വ്യക്തമാക്കി.
ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ചൈനീസ് എംബസി, തങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ അപവാദ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചു. അമേരിക്കയിൽ നിന്നും ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ ഉപരോധം നിലനിൽക്കെ പുറത്തുവന്ന ഈ ചാരക്കേസ് ആഗോള സാങ്കേതിക മേഖലയിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.