പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ തുടക്കമായി.
ആക്ഷൻ കിംഗ് അർജുൻ സർജ നായകനും സംവിധായകനുമാകുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷ്നൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്.
വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് തിരക്കഥ ഒരുക്കുന്നത്. രാജ്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അതിജീവനശേഷിക്കുമുള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങ് നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്നും ഇന്ത്യൻ സിനിമയ്ക്ക് ഇതൊരു ചരിത്രനിമിഷമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽനിന്നുള്ള വിശിഷ്ടവ്യക്തികളും പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നേരത്തെ ഇതേ നിർമാതാക്കളുമായി കൈ കോര്‍ത്ത് മേജർ രവിയും ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങൾ പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. അതേ പ്രോജക്ട് തന്നെയാണ് ഈ അർജുൻ സിനിമയെന്നത് വ്യക്തമല്ല.