ചേരാനെല്ലൂരിൽ കാറിടിച്ചുമരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ തട്ടുകടയിലെത്തി സുരേഷ് ഗോപി. തട്ടുകട മുന്നോട്ട് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
തട്ടുകടയിൽ ഏറെ നേരം ചിലവഴിച്ച അദ്ദേഹം ആഹാരവും കഴിച്ച് ഭദ്രകീർത്തിക്കും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിച്ച ശേഷമാണ് മടങ്ങിയത്.
‘‘തളരാത്ത മനസോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്. ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു.
ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്.
സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.
പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം.’’സുരേഷ് ഗോപിയുടെ വാക്കുകൾ
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ചു കൊല്ലപ്പെട്ട യാത്രക്കാരന്റെ മകളാണ് ഭദ്രകീർത്തി. പിതാവിന്റെ മരണത്തിന് നീതി തേടി പൊലിസ് സ്റ്റേഷനു മുൻപിൽ നടത്തിയ സമരത്തെതുടർന്ന് വാഹനമോടിച്ച 17കാരന്റെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ പൊലിസും സർക്കാരും സമ്മദർദ്ദത്തിലാകുകയായിരുന്നു.