ഗാന്ധിനഗർ: വിവാഹത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലൂടെ കടന്നുപോകുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
രാജ്കോട്ട് ജില്ലയിലെ ധോരാജിയിൽ നിന്നും സൂററ്റിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 49 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അമിതവേഗത്തിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന ടാങ്കറിന്റെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
അപകടവിവരമറിഞ്ഞ് പൊലിസും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസരമായി പരിക്കേറ്റ പലരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ കുറച്ചുനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും തകർന്ന വാഹനങ്ങൾ മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണോ അതോ ടാങ്കർ പെട്ടെന്ന് വേഗം കുറച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.