ബംഗളൂരു: ഹാസന് ജില്ലയില്‍നിന്നു കാട്ടാനകളെ തന്റെ മണ്ഡലമായ മുഡിഗെരെയിലേക്കു മാറ്റാനുള്ള വനംവകുപ്പു നടപടിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നയന മൊട്ടമ്മ രാജിക്കത്ത് നല്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ ഓഫിസില്‍ എംഎല്‍എ രാജിക്കത്ത് സമര്‍പ്പിച്ചത്.
ജനപ്രതിനിധികളുമായോ പ്രദേശവാസികളുമായോ ആലോചിക്കാതെയാണ് വനംവകുപ്പ് ആനകളെ മാറ്റാനുള്ള നടപടി ആരംഭിച്ചതെന്ന് നയന ആരോപിച്ചു.
ഹാസനില്‍നിന്ന് ആനകളെ ചിക്കമഗളൂരു ജില്ലയിലെ ഭദ്ര വന്യജീവി സങ്കേതത്തിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ ജില്ലയിലെ നാല് എംഎല്‍എമാര്‍ വനംമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഈമാസം 30ന് യോഗം ചേരാനിരിക്കേയാണു വനംവകുപ്പിന്റെ നടപടിയെന്നും അവര്‍ കുറ്റപ്പെടുത്തി.
ആനക്കൂട്ടത്തിന്റെ സഞ്ചാരത്തിനിടെ ഹാസനിലും ചിക്കമഗളൂരുവിലുമായി നിരവധി മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ആനകളെ സ്വാഭാവിക സഞ്ചാരപാതയിലൂടെ പോകാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പുതിയ വനമേഖലകളിലേക്ക് ബലമായി തുരത്തുന്നത് അംഗീകരിക്കാനാവില്ലെന്നും നയന വ്യക്തമാക്കി. ആനകളെ പഴയ ആവാസമേഖലയിലേക്കു തിരിച്ചയച്ചില്ലെങ്കില്‍ രാജിയില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.