ന്യൂഡൽഹി: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ പൗരന്മാർ തയാറാകണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ആന്റണി പൂല.
മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും തുല്യാവസരങ്ങൾ ഉറപ്പാക്കാനും ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നിലനിർത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഈ മൂല്യങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിലാണ് കർദിനാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഈ രാജ്യം ഓരോ പൗരനും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും വിശ്വാസങ്ങളും പൊതുവായ ദേശീയസ്വത്വത്തെ സമ്പന്നമാക്കുന്നവയാണ്. മതത്തിന്റെയോ ഭാഷയുടെയോ സമുദായത്തിന്റെയോ പേരിൽ ഒരാളുടെ പൗരത്വപരമായ സ്ഥാനത്തെ ചോദ്യംചെയ്യാനുള്ള ഏതൊരു ശ്രമവും ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ കർദിനാൾ ആശങ്ക രേഖപ്പെടുത്തി. എല്ലാ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ പക്ഷപാതരഹിതമായി വേഗത്തിൽ നടപടിയെടുക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം അഭ്യർഥിച്ചു.