പനാജി: ഗോവയിലെത്തിയ ഇസ്രയേൽ പൗരന്റെ സ്കൂട്ടറും ലാപ്ടോപ്പും പണവും മോഷ്ടിച്ച കേസിൽ തലശേരി സ്വദേശി ബംഗളൂരുവിൽ അറസ്റ്റിലായി. മുഹമ്മദ് ഫർവിസ് ഫിറോസാണ് ഗോവ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബർ 14ന് ഗോവയിലെ കുഷാവതി ജില്ലയിലെ കനക്കോണ സ്റ്റേഷനിലാണ് മോഷണക്കേസ് രജിസ്റ്റർ ചെയ്തത്.
ഇസ്രയേൽ പൗരനായ അവീവ് സൈമൺ തഹാറിന്റെ സ്കൂട്ടർ, ലാപ്ടോപ്, വിദേശ കറൻസി ഉൾപ്പെടെയുള്ളവ മോഷണം പോയെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ മാക്ബുക്ക് പ്രോ എം3 മാക്സ് ലാപ്ടോപ് ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള ഒരു കടയിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഫർവിസ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്.