ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ 22 വയസുകാരിയായ യുവതിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതിജീവിതയും പ്രതികളും ഒരേ കഫേയിലെ ജീവനക്കാരാണ്.
തിങ്കളാഴ്ച രാത്രി പ്രീത് വിഹാറിലെ 'സൽത്തനത്ത്' കഫേയിൽ സഹപ്രവർത്തകർക്കൊപ്പം നടന്ന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. രാത്രി 11.30-ന് കഫേ അടച്ച ശേഷവും, പ്രതികളിലൊരാളുടെ കൈവശം താക്കോൽ ഉണ്ടായിരുന്നതിനാൽ സംഘം അവിടെ തുടരുകയും മദ്യപാനവും നൃത്തവും തുടരുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെയാണ് ഇവർ കഫേയിൽ നിന്ന് മടങ്ങിയത്. പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ തന്നെ കൂട്ടബലാത്സംഗം ചെയ്തതായും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന് ഒത്താശ ചെയ്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഇതുവരെ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.