നാഗർകോവിൽ: നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്കുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതി പിടിയിലായി. ആരൽവായ്മൊഴിക്ക് സമീപം ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പൻ (31) ആണ് പൊലിസിന്റെ പിടിയിലായത്.
തിരുവനന്തപുരത്തുനിന്ന് 11-ന് നാഗർകോവിൽ ജംഗ്ഷനിലെത്തിയ ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്റെ ബോഗിക്കുള്ളിലാണ് ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ത്രീയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളും ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ, 14-ന് രാവിലെ എട്ടിനു നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.
കഴിഞ്ഞ നാല് മാസമായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു പ്രതിയെന്ന് പൊലിസ് അറിയിച്ചു. സ്ത്രീയെ പീഡിപ്പിച്ച ശേഷം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പൻ പൊലിസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.