2026 ജനുവരി-ഒക്ടോബർ കാലയളവ് സംഘർഷഭരിതമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, സാമൂഹിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്കു വഴിവച്ച നിരവധി സംഭവങ്ങൾ പത്തുമാസത്തിനിടെ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അട്ടിമറികൾ, ക്രിക്കറ്റ് ലോകകപ്പ് വിജയം, തെരഞ്ഞെടുപ്പു പട്ടികയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ, പരീക്ഷാക്രമക്കേടുകൾക്കെതിരെയുള്ള സമരങ്ങൾ, സാമ്പത്തിക വെല്ലുവിളികൾ എന്നിവയും ഈ കാലയളവിലെ പ്രധാന സംഭവങ്ങളാണ്.
ജനുവരി 27
ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ധാരണയിലെത്തിയതാണ് ഈ വർഷത്തിന്റെ തുടക്കത്തിലെ പ്രധാന നേട്ടം. ടെക്സ്റ്റൈൽസ്, ലെതർ, കെമിക്കൽസ്, ഓട്ടോമൊബൈൽസ്, മെഷിനറി, രത്നങ്ങൾ-ആഭരണങ്ങൾ തുടങ്ങിയ മേഖലകളിലെ തീരുവ കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷ, പ്രതിരോധം, കുടിയേറ്റം എന്നിവയിലും സഹകരണം ശക്തമാക്കുന്ന കരാർ പൂർണമായി നിലവിൽ വരുന്നതിന് ഇനിയും നടപടികൾ പൂർത്തീകരിക്കാനുണ്ട്.
ജനുവരി 28
പുനെ ജില്ലയിലെ ബാരാമതിക്ക് സമീപം ചാർട്ടേഡ് വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റു നാലു പേർക്കും ജീവൻ നഷ്ടമായി. തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോകുമ്പോണ് അപകടമുണ്ടായത്. മഹാരാഷ്ട്ര ഭരണസഖ്യത്തിനും എൻസിപി വിഭാഗത്തിനും ഇതു വലിയ പ്രതിന്ധിയായി.
ഫെബ്രുവരി 18-19
ഇന്ത്യ ആതിഥേയത്വം വഹിച്ച എഐ ഇംപാക്ട് ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, സാങ്കേതിക കമ്പനികൾ എന്നിവർ പങ്കെടുത്തു. ന്യൂഡൽഹിയിലായിരുന്നു ഉച്ചകോടി. 92 രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും അംഗീകരിച്ച 'ന്യൂഡൽഹി ഡിക്ലറേഷൻ ഓൺ എഐ ഇംപാക്ട്' പ്രമേയത്തോടെയായിരുന്നു ലോകം ഉറ്റുനോക്കിയ ഉച്ചകോടിയുടെ സമാപനം.