ന്യൂഡൽഹി: എസ്ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാദിനത്തിൽ ഡൽഹിയിൽ വീണ്ടും തെരുവിലിറങ്ങി കർഷകരും വിദ്യാർഥികളുമടങ്ങുന്ന ജനാവലി.
എസ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) എസ്ഐആറിനെതിരെ പ്രതിഷേധിക്കുന്ന കൂട്ടായ്മയായ "പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആറും' ഡൽഹിയിലെ മന്ദിർ മാർഗിൽ പ്രതിഷേധം നടത്തി.
വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കണമെന്നും ഇന്ത്യ-യുഎസ് വ്യാപാരകരാർ ഒപ്പുവയ്ക്കരുതെന്നുമുള്ള ആവശ്യങ്ങളും എസ്കെഎം ഉന്നയിച്ചു.
ഡൽഹിയിലെ മന്ദിർമാർഗിൽ നിന്നും ആരംഭിച്ച മാർച്ച് ജന്തർ മന്തറിലേക്കു നീങ്ങിയെങ്കിലും പൊലിസ് ബാരിക്കേഡുകളിട്ട് തടഞ്ഞു. ഇതിനു പിന്നാലെ പ്രതിഷേധക്കാർ ഡൽഹി പൊലിസിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായ ജഗ്ദേവ് സിംഗിന് രാഷ്ട്രപതിക്കായുള്ള നിവേദനം നൽകി.
അതിനിടെ സമാധാനപരമായ പ്രതിഷേധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഹരിയാനയിലെ പ്രവർത്തകരെ അനധികൃതമായി വീട്ടുതടങ്കലിലാക്കിയെന്നു എസ്കെഎം ആരോപിച്ചു. ബംഗാളിൽ എസ്കെഎം സമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേരെ ബിജെപി ഗുണ്ടകളുടെ ആക്രമണമുണ്ടായെന്നും ആരോപണമുണ്ടായി.