ചെന്നൈ: അടുത്തയാഴ്ച ചേരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാനിരിക്കെ, തമിഴ്നാട്ടിൽ ഡിഎംകെ ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുകയാണെന്ന ആരോപണവുമായി തമിഴക വെട്രി കഴകം. എന്നാൽ, എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ ഈ ആരോപണം പൂർണമായും തള്ളിക്കളഞ്ഞു. അതേസമയം, മണ്ഡല പുനർനിർണയ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതിനായി ഡിഎംകെ നേതാക്കൾ ഉടൻ യോഗം ചേരുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെത്തുടർന്ന് പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും വീണ്ടും അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നടത്തിയ കൂടിക്കാഴ്ച ഡിഎംകെയുടെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് ടിവികെ ആരോപിച്ചു.
ഗവർണറെ നിയമസഭയിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാതെ അപമാനിച്ചിരുന്ന ഡിഎംകെ ഇപ്പോൾ ഗവർണറുടെ കാൽക്കൽ വീഴാൻ തയ്യാറായിരിക്കുകയാണെന്ന് ടിവികെ പരിഹസിച്ചു. "ആടിന് താടിയും രാജ്യത്തിന് ഗവർണറും എന്തിനാണ്?" എന്ന മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ പ്രശസ്തമായ ചോദ്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ടിവികെയുടെ വിമർശനം. ഡിഎംകെ മുഖപത്രമായ 'മുരശൊലി'യിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ അഭിമുഖം വന്നത് തമിഴ്നാട്ടിൽ ബിജെപിയെ വളർത്താൻ ഡിഎംകെ തയ്യാറെടുക്കുന്നതിന്റെ തെളിവാണെന്നും ടിവികെ ആരോപിച്ചു.
എന്നാൽ ബിജെപിയുമായി സഖ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള നിഷേധിച്ചു. 'മുരശൊലി'യിൽ വന്നത് നൈനാർ നാഗേന്ദ്രന്റെ അഭിമുഖമല്ലെന്നും, ഭരണകക്ഷിയായ ടിവികെയ്ക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള വാർത്ത മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ഭരണഘടനാ സംവിധാനമനുസരിച്ച് സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകാൻ പ്രതിപക്ഷം സമീപിക്കേണ്ട അധികാരി ഗവർണറാണെന്നും, ഗവർണർ പദവിയോടുള്ള ഡിഎംകെയുടെ എതിർപ്പിൽ മാറ്റമില്ലെന്നും ഹഫീസുള്ള പറഞ്ഞു.