ന്യൂഡൽഹി: പ്രളയം തകർത്ത നേപ്പാളിന്റെ പുനർനിർമാണത്തിനും വികസനത്തിനും 15,000 കോടി രൂപയുടെ വികസന സഹായ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്കുശേഷമാണ് പ്രഖ്യാപനം.
ചർച്ചകൾക്കു പിന്നാലെ അയോധ്യക്കും ജനക്പുരിനും ഇടയിൽ "സരയു-കമല എക്സ്പ്രസ്'ട്രെയിൻ സർവീസ് ഇരു നേതാക്കളും ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ഇന്ത്യയുടെ സഹായത്തോടെ നേപ്പാളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ഇരു നേതാക്കളും വർച്വലായി തറക്കല്ലിട്ടു. മാർച്ചിൽ അധികാരമേറ്റതിനുശേഷം ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ബാലേന്ദ്ര ഷാ കൂടിക്കാഴ്ച നടത്തി.
നേപ്പാളിൽ ഐഐടി ഓഫ് ഷോർ കാമ്പസ്
നേപ്പാളിലെ യുവജനങ്ങൾക്കായി സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ, ഇന്നൊവേഷൻ ഹബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) ഓഫ്-ഷോർ കാമ്പസ് എന്നിവ സ്ഥാപിക്കാനും നേപ്പാളി വിദ്യാർഥികൾക്ക് ഇന്ത്യയിൽ നിയമ-സാങ്കേതിക പഠനത്തിനുള്ള സ്കോളർഷിപ്പുകൾ വർധിപ്പിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
നേപ്പാളിൽ അഗ്രോ-ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കാനും ഇന്ത്യ സഹായിക്കും. ഇന്ത്യയുടെ സഹായത്തോടെ നേപ്പാളിൽ നിർമിക്കുന്ന നാഷണൽ പൊലിസ് അക്കാദമിയുടെ നിർമാണ പുരോഗതിയും ഇരുകൂട്ടരും വിലയിരുത്തി.
റെയിൽവേ ലൈനുകൾ, പാലങ്ങൾ, ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകൾ, പെട്രോളിയം പൈപ്പ് ലൈനുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിലൂടെ അതിർത്തി കടന്നുള്ള ഗതാഗതവും അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും എടുത്തുപറഞ്ഞു. കൂടാതെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണാപത്രം കൈമാറി.