ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നീക്കം ചെയ്തതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷ യാദൃച്ഛികമായി നീക്കിയതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നെന്നും രാഹുൽ ആരോപിച്ചു.
അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തെക്കുറിച്ച് സോണിയയ്ക്കും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമൊപ്പം നടത്തിയ വീഡിയോ സംഭാഷണത്തിലാണ് രാഹുൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിപദമൊഴിഞ്ഞതിനെത്തുടർന്ന് 1990 ഫെബ്രുവരിയിൽ വി.പി. സിംഗ് സർക്കാരാണ് അദ്ദേഹത്തിന്റെ എസ്പിജി സുരക്ഷ പിൻവലിക്കുകയും, ഡൽഹിക്ക് പുറത്തുള്ള സുരക്ഷാ ചുമതല അതത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുകയും ചെയ്തത്. തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന 1991 മേയ് 21ന് ശ്രീപെരുംപുത്തൂരിൽവച്ച് എൽടിടിഇ ചാവേർ ബോംബാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
ആക്രമണത്തിനു മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലികളിൽ രാജീവ് ഗാന്ധിക്കു നേരേ അതിക്രമ ശ്രമങ്ങൾ ഉണ്ടായതായും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. രാജീവ് ഗാന്ധിയുടെ സുരക്ഷ സംബന്ധിച്ച് അദ്ദേഹവുമായി താൻ പലപ്പോഴായി തർക്കിച്ചിരുന്നതായും രാഹുൽ പറഞ്ഞു.
സോണിയയുടെ പുസ്തകത്തിൽ പരാമർശിക്കാത്ത പല കാര്യങ്ങളും താൻ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചർച്ച ചെയ്തു എന്ന കുറിപ്പോടെ രാഹുലിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കഷ്ടപ്പെട്ട പാർട്ടി പ്രവർത്തകരെ ഓർത്തപ്പോഴാണ് 2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിനെക്കുറിച്ച് അധികാര ആകർഷണം തോന്നിയതെന്നും സോണിയ വീഡിയോയിൽ പറയുന്നുണ്ട്.
വെയിലും മഴയും വകവയ്ക്കാതെ, വിശപ്പുപോലും മറന്നാണ് പ്രവർത്തകർ പാർട്ടിക്കായി അധ്വാനിച്ചത്. അവരെ നിരാശപ്പെടുത്തി മാറിനിൽക്കുന്നത് അവരെ ചതിക്കുന്നതിന് തുല്യമാകുമോ എന്ന് അന്ന് ചിന്തിച്ചിരുന്നു. പക്ഷേ, താൻ അധികാരം ആഗ്രഹിച്ചിരുന്നില്ലെന്നും, പദവി സ്വീകരിക്കാൻ സ്വയം കണ്ടെത്തിയ ഒരു കാരണം മാത്രമായിരുന്നിരിക്കാം അതെന്നും അവർ പറഞ്ഞു. ഒടുവിൽ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ച് മൻമോഹൻ സിംഗിനെ ആ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നുവെന്നും സോണിയ വ്യക്തമാക്കി.