ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം രാമായണ: റൈസ് ഓഫ് എ ലെജൻഡ് വിവാദത്തിൽ. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്നും പ്രദർശനം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. രാവണനെ മഹത്വവത്കരിക്കാനും വാല്മീകി രാമായണത്തിലെ സംഭവങ്ങൾ വളച്ചൊടിക്കാനും ചിത്രം ശ്രമിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
വാല്മീകി രാമായണത്തിലെ പ്രധാന സംഭവങ്ങൾ ഒഴിവാക്കുകയും സാങ്കൽപ്പിക സംഭവങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തുവെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റംഗ് ലാൽ ബഗ്ര പ്രസ്താവനയിൽ ആരോപിച്ചു. ഇതിഹാസത്തെ വികൃതമാക്കാനും ഹിന്ദു മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീരാമന്റെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകങ്ങളായ അഹല്യാമോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ ഭാഗങ്ങൾ ചിത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് ബഗ്രയുടെ മറ്റൊരു ആരോപണം. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ആദ്യഭാഗം കഴിഞ്ഞ അഞ്ചിന് റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗം 2028-ൽ പുറത്തിറങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ.
രാമായണത്തെയും ശ്രീരാമനെയും ആഴത്തിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ ചിത്രം മുറിപ്പെടുത്തിയെന്നാണ് വിഎച്ച്പിയുടെ നിലപാട്. ഇത്തരം ചിത്രീകരണങ്ങൾ സമൂഹത്തിന്റെ വിശ്വാസപരമായ അടിത്തറയ്ക്കു നേരെയുള്ള ആക്രമണമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. നമിത് മൽഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.