ന്യൂഡൽഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യമാക്കുന്ന നടപടികളിൽനിന്ന് ഒഴിവാക്കുന്നതിന് എംപിമാരും എംഎൽഎമാരും രാജിവയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രസർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതികരണം തേടി സുപ്രീംകോടതി.
അയോഗ്യതാ ഹർജികളിൽ തീരുമാനമെടുക്കാൻ നിശ്ചിത സമയപരിധി ഇല്ലാത്തതും, നടപടികൾ നിലനിൽക്കെ ജനപ്രതിനിധികൾ രാജിവയ്ക്കുന്നതും സ്വഭാവിക ജനവിധിയെ അട്ടിമറിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യതാ നടപടികൾ നേരിടുന്നവർ രാജിവച്ചാലും നടപടി അവസാനിപ്പിക്കരുതെന്നും, വിഷയത്തിൽ അന്തിമ തീരുമാനമാകുകയോ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നതുവരെ ഇവരെ മന്ത്രിമാരായോ മറ്റ് രാഷ്ട്രീയ പദവികളിലോ നിയമിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.