ഗോഹട്ടി: വടക്കുകിഴക്കൻ ഇന്ത്യയുടെ സാമൂഹികചരിത്രത്തിൽ ഡോ. തോമസ് മേനാംപറമ്പിലിന്റെ പേര് അടയാളപ്പെടുത്തപ്പെടുന്നത് പ്രധാനമായും സംഘർഷമേഖലകളിലെ സമാധാനശ്രമങ്ങളിലൂടെയാണ്. വംശീയവും സാംസ്കാരികവും രാഷ്ട്രീയവുമായ ഭിന്നതകൾ രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾക്ക് അറുതിവരുത്താനും പരസ്പരവിശ്വാസം വീണ്ടെടുക്കാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
1996ൽ ആസാമിലെ കൊക്രജാറിൽ ബോഡോ-ആദിവാസി (സന്താൾ) വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ 500ലധികം പേർ കൊല്ലപ്പെടുകയും രണ്ടര ലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. അന്പതിലധികം അഭയാർഥി ക്യാമ്പുകളിലേക്കു ജനങ്ങൾ അഭയം തേടിയ ആ ദുരിതകാലത്ത് മറ്റു ക്രൈസ്തവസഭകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹകരണത്തോടെ ഇരുവിഭാഗം നേതാക്കളെയും ചർച്ചയ്ക്കു കൊണ്ടുവരാൻ അദ്ദേഹം മുൻകൈയെടുത്തു. സമാധാന ഉടമ്പടിയിലെത്താനുള്ള ശ്രമങ്ങളിൽ നിർണായക പങ്കു വഹിച്ചു.
1999ൽ മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ കുക്കി-പൈറ്റെ വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിലും അദ്ദേഹം സമാധാനദൂതനായി രംഗത്തെത്തി. 400ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്ത സംഘർഷത്തിനൊടുവിൽ ഇരുവിഭാഗം നേതാക്കളുമായുള്ള ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ആസാമിലെ ഹാഫ്ലോംഗിനു സമീപം ദിമാസ-മാർ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും ദിഫുവിനു സമീപം കുക്കി-കർബി വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും സമാനമായ ഇടപെടലുകൾ നടത്തി.
പരാതികൾ ക്ഷമയോടെ കേൾക്കുക, വ്യത്യസ്ത കാഴ്ചപ്പാടുകൾ മനസിലാക്കുക, ഒരു വിഭാഗത്തെയും അപമാനിക്കാതിരിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സമാധാനദൗത്യത്തിന്റെ അടിസ്ഥാനം. പരിഹാരങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുപകരം, ഓരോ വിഭാഗത്തിനും തുറന്നുസംസാരിക്കാനും പരസ്പരം മനസിലാക്കാനും വിശ്വാസം വീണ്ടെടുക്കാനും അവസരമൊരുക്കുകയായിരുന്നു അദ്ദേഹം. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2003 ഓഗസ്റ്റിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ സഭകൾ ചേർന്നു രൂപീകരിച്ച ജോയിന്റ് എക്യുമെനിക്കൽ പീസ് ടീമിന്റെ കൺവീനറായി അദ്ദേഹം ചുമതലയേറ്റു.
വടക്കുകിഴക്കൻ ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വിദ്യാഭ്യാസവും ആരോഗ്യപരിചരണവും പ്രധാന ഉപാധികളായി അദ്ദേഹം കണ്ടു. ദിബ്രുഗഡ്, ഗോഹട്ടി, ലോവർ ആസാം തുടങ്ങിയ പ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റൽ സൗകര്യങ്ങളോടുകൂടിയ നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നൽകി. പരിശീലനകേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും മുൻകൈയെടുത്തു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 2000ൽ ബോംഗൈഗാവ് രൂപതയുടെ രൂപീകരണവും യാഥാർഥ്യമായി. വിദ്യാഭ്യാസവും സാമൂഹികപരിചരണവും വഴി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു പിന്നിൽ.