ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ ലിവർപൂളിലെ മലയാളി സമൂഹത്തിന് ആഹ്ലാദകരമായ അനുഭവമായി.
സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ പ്രവർത്തനം ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങൾ പുതുക്കാനും ലിവർപൂളിൽ പുതിയതായി എത്തിച്ചേർന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.
ലിവർപൂൾ കാർഡിനൽ കീനൻ ഹൈസ്കൂളിൽ നടന്ന ലിമയുടെ പരിപാടികൾ സാംസ്കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ഈ വർഷത്തെ കലാപരിപാടികൾ, "ഒരുമ" എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു.
നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ, തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ലിമയുടെ ഒരുമയ്ക്ക് സാധിച്ചു.
കുട്ടികൾക്കായി ആകർഷകമായ പരിപാടികളും ലിമ ഉൾപ്പെടുത്തിയിരുന്നു. രാധാ-കൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളിൽ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്തു.
രാധാ-കൃഷ്ണ വേഷത്തിൽ വന്ന കുട്ടികളെ നിറഞ്ഞ കൈയടിയോടെയാണ് ഹാൾ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേർന്ന് കുട്ടികൾക്ക് വിഷുകൈനീട്ടം നൽകി. ലിവർപൂൾ ലോർഡ് മേയർ റിച്ചാർഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഈസ്റ്റർ, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവർത്തനങ്ങളെ ലോർഡ് മേയർ റിച്ചാർഡ് ചാൾസ് കെമ്പ് പ്രശംസിച്ചു. മലയാളികൾ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മേയർ അഭിനന്ദിച്ചു.
മെഴ്സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച മേയേഴ്സ് ആൽഡർ വുമൺ കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയ്യിൽ സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു.
ലിവർപൂളിലെ കഴിവുറ്റ കലാകാരന്മാർ അവതരിപ്പിച്ച മികച്ച നൃത്തങ്ങൾ, സ്കിറ്റുകൾ, മനോഹരമായ ഗാനങ്ങൾ എന്നിവ നിറഞ്ഞ സദസിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വർഷത്തെ കമ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു. സംഗമം കേവലം ആഘോഷങ്ങൾക്കപ്പുറം, ലിവർപൂളിലെ മലയാളി സമൂഹങ്ങൾക്കിടയിൽ പരസ്പരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേർത്ത് നിർത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാൾ വെള്ളിയാഴ്ച മുതൽ
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
വെള്ളിയാഴ്ച കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പ്രഭാതനമസ്കാരത്തോടുകൂടി വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിംഗ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ട്രസ്റ്റി Reji Mathai (07831274123), സെക്രട്ടറി Shine Mathew (07943095240) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ജർമനിയിൽ നഴ്സുമാർക്ക് അവസരം
ബെർലൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും ചേർന്നു നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’’യുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായ ഫാസ്റ്റ്ട്രാക് പ്രോഗ്രാമിലേക്ക് മേയ് രണ്ട് വരെ അപേക്ഷിക്കാം.
ജർമനിയിലെ ഹോസ്പിറ്റലുകളിലെ 100 ഒഴിവിലേക്കാണു നിയമനം. ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മൊഡ്യൂൾ) നേടിയവർക്കാണ് അവസരം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെ തീയതികളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ജനറൽ നഴ്സിംഗ്. ജനറൽ നഴ്സിംഗ് യോഗ്യതക്കാർക്ക് രണ്ട് വർഷ പരിചയം വേണം. പ്രായം: 38 കവിയരുത്. ശമ്പളം: 2300 യൂറോ. രജിസ്റ്റേർഡ് നഴ്സുമാർക്ക് 2900 യൂറോ.
നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുന്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവും സൗജന്യമാണ്.
കേരളീയരായ ഉദ്യോഗാർഥികൾക്കു മാത്രമാണ് ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക്: www.nifl.norkaroots.org, www.norkaroots.org; 0471-2770577.
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ്
ലണ്ടൻ: യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (യുഎൻഎഫ്) നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ നഴ്സസ് ഫോറത്തിന്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യുഎൻഎഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗുകളിലും സ്ഥിരമായി സെഷനുകൾ ചെയ്ത് വരുന്നു.
യുകെ നഴ്സിംഗ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് തികച്ചും ആധികാരികമായും വളരെ ഭംഗിയായും ട്രെയിനിംഗ് നൽകുന്ന സോണിയ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ചിരപരിചിതയാണ്.
യുഎൻഎഫ് 2024 മേയ് 11 ന് നോട്ടിംഗ്ഹാമിൽ വച്ച് നടത്തിയ നഴ്സസ് ഡേ ദിനാഘോഷത്തിന്റെ ട്രെയിനിംഗ് സെഷന്റെ ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചത് സോണിയയുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
2022 - 2025 കാലയളവിൽ യുഎൻഎഫ് നാഷണൽ ട്രെയിനിംഗ് പ്രോഗ്രാം കോഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ച് വരുന്ന സോണിയയുടെ പ്രൊഫഷണൽ യോഗ്യതകളും പ്രവർത്തന പരിചയവും യുഎൻഎഫ് അംഗങ്ങൾക്കും പൊതുവെ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിനും ഒരു മുതൽക്കൂട്ടാവുമെന്ന് യുക്മ ദേശീയ നിർവാഹക സമിതി വിലയിരുത്തി.
ബാർട്ട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റൽ എൻഇഎൽ ഇൻറഗ്രേറ്റഡ് കെയർ ബോർഡ് പ്രോജക്ട് മാനേജർ ആൻഡ് ആർറ്റിപി പ്രോഗ്രാം ലീഡായി ജോലി ചെയ്യുന്ന സോണിയ തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിലും കലാ സാഹിത്യ സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമാണ്.
ബാർട്ട്സ് ഹെൽത്ത് ഹീറോ അവാർഡിന് മൂന്ന് തവണ നോമിനേറ്റ് ചെയ്യപ്പെട്ട സോണിയ 2025 മാർച്ചിൽ കവൻട്രിയിൽ വച്ച് നടന്ന സാസ്സിബോൻഡ് ഇവന്റിൽ ഇൻസ് പിരേഷണൽ മദർ അവാർഡിന് അർഹയായി. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ അംഗമായ സോണിയ 2024 യുക്മ നാഷണൽ കലാമേളയിൽ പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനാർഹയായി.
ക്നാനായ യൂണിറ്റ് വൈസ് പ്രസിഡന്റ്, വേദപാഠം ടീച്ചർ, ആങ്കർ, നാഷണൽ പ്രോഗ്രാം ജഡ്ജ്, കോഓർഡിനേറ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സോണിയ, ഭർത്താവ് ലൂബി മാത്യൂസ് (അഡ്വൈസർ, യുകെകെസിഎ) മക്കൾ സ്കൂൾ വിദ്യാർഥികളായ സാമന്ത ലൂബി മാത്യൂസ്, സ്റ്റീവ് ലൂബി മാത്യൂസ് എന്നിവരോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.
സോണിയ ലൂബിയുടെ അദ്ധ്യാപന, ട്രെയിനിംഗ് രംഗങ്ങളിലെ ദീർഘകാലത്തെ പരിചയവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനവും യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് എന്ന ഉത്തരവാദിത്വമേറിയ റോൾ മികച്ച രീതിയിൽ നിർവഹിക്കുവാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത, ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് "സുവാറ 2025'ന്റെ ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ വച്ച് നടത്തപ്പെടും.
വിവിധ പ്രായപരിധിയിലുള്ളവർക്കായി ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിലധികം മത്സരാർഥികളാണ് ഈ വർഷം പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരങ്ങൾ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള ആറ് മത്സരാർഥികൾ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത്.
ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ രാവിലെ ഒമ്പതിന് ഉദ്ഘടനസമ്മേളനവും തുടർന്ന് 10 മുതൽ വിവിധ പ്രായപരിധിയിലുള്ളവരുടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ നൽകും.
വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ ബൈബിൾ കൂടുതലായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുകയെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റിനു വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുക്കുന്നു.
വേദി: Kirby Muxloe Village Hall, Station Road, Kirby Muxloe, Leicester, LE9 2EN.
അയർലൻഡിൽ അന്തരിച്ച മലയാളിയുടെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോട്ടയം എറവുച്ചിറ പൂവത്തുംമൂട്ടിൽ വിജയകുമാർ പി. നാരായണന്റെ(47) പൊതുദർശനം വ്യാഴാഴ്ച നടക്കും.
വൈകുന്നേരം അഞ്ചര മുതൽ രാത്രി എട്ടര വരെ ഡബ്ലിൻ ന്യൂ കാബ്രാ റോഡിലുള്ള മാസി ബ്രോസ് ഫ്യൂണറൽ ഹോമിലാണ്(D07 ET92) പൊതുദർശനം. സംസ്കാരം പിന്നീട്.
വിജയകുമാർ അയർലൻഡിൽ ബസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഇദ്ദേഹം ഡബ്ലിനിൽ എത്തിയത്. ഭാര്യയും രണ്ടു മക്കളും ഉണ്ട്.
സംസ്കാര ചെലവുകൾക്കും മറ്റുമായി മലയാളികൾ സഹായധനം സ്വരൂപിക്കാൻ ആരംഭിച്ചു. ഗോ ഫണ്ട് മി വഴിയാണ് ധനസമാഹരണം നടത്തുന്നത്.
വേള്ഡ് മലയാളി കൗണ്സില് കാക്കനാട് ചാപ്റ്റര് ഉദ്ഘാടനം മല്ലിക സുകുമാരന് നിര്വഹിച്ചു
കൊച്ചി: വേള്ഡ് മലയാളി കൗണ്സിലിന്റെ കാക്കനാട് ചാപ്റ്റര് ഉദ്ഘാടനവും ദ്വിവര്ഷ കണ്വന്ഷന്റെ കിക്കോഫും കൊച്ചി ഹോളിഡേ ഇന്നില് വച്ച് പ്രൗഢഗംഭീരമായി നടന്നു. മലയാള സിനിമയില് 50 വര്ഷങ്ങള് പൂര്ത്തിയാക്കിയ മല്ലിക സുകുമാരനാണ് കിക്കോഫ് കര്മ്മം നിര്വ്വഹിച്ചത്.
ഡബ്ലിയുഎംസിയുടെ ഗ്ലോബല് കണ്വന്ഷന് ചെയര്മാന് ഡോ.ബാബു സ്റ്റീഫന്, ഗ്ലോബല് പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്, ഗ്ലോബല് വിമന്സ് ഫോറം പ്രസിഡന്റ് സലീന മോഹന്, ഇന്ത്യന് റീജിയന് ട്രഷറര് രാമചന്ദ്രന് പേരാമ്പ്ര, ഗ്ലോബല് ഫൗണ്ടര് ജനറല് സെക്രട്ടറി അലക്സ് കോശി, തിരുകൊച്ചി പ്രൊവിന്സ് ചെയര്മാന് ജോസഫ് മാത്യു, പ്രസിഡന്റ് ജോണ്സന് സി.എബ്രഹാം, അഡൈ്വസറി ബോര്ഡ് ചെയര്മാന് എസ്.സുരേന്ദ്രന് ഐപിഎസ് (റിട്ടയേര്ഡ്) തുടങ്ങിയവര് പങ്കെടുത്തു.
ഇന്റർനാഷണല് കണ്വന്ഷന് ബാങ്കോക്കിലെ റോയല് ഓര്ക്കിഡ് ഷെറാട്ടണില് വരുന്ന ജൂലൈ 25ന് നടക്കുമെന്ന് ഓര്ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ തങ്കമണി ദിവാകരന് (ചെയര്പേഴ്സണ്), തോമസ് മൊട്ടയ്ക്കല് (ഗ്ലോബല് പ്രസിഡന്റ്), ദിനേശ് നായര്(ഗ്ലോബല് സെക്രട്ടറി ജനറല്), ഷാജി മാത്യു (ഗ്ലോബല് ട്രഷറര്), ഡോ. ബാബു സ്റ്റീഫന് (ഗ്ലോബല് കോണ്ഫറന്സ് കമ്മിറ്റി ചെയര്മാന്), കണ്ണാട്ട് സുരേന്ദ്രന് (വൈസ് ചെയര്മാന്) എന്നിവര് അറിയിച്ചു.
കൊളോണില് വിശുദ്ധ യൗസേപ്പിന്റെ തിരുനാള് വ്യാഴാഴ്ച
കൊളോണ്: കൊളോണിലെ സീറോമലബാര് സമൂഹത്തില് വ്യാഴാഴ്ച വി. യൗസേപ്പിതാവിന്റെ തിരുനാള് ആഘോഷിക്കുന്നു.
രാവിലെ 10ന് കൊളോണ് മ്യൂള്ഹൈമിലെ ലീബ്ഫ്രൗവന് ദേവാലയത്തില് (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്മങ്ങളില് ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്ച്ച, ഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് 1.30ന് വിവിധ കലാപരിപാടികളും അരങ്ങേറും.
ജോസ് പുതുശേരി പ്രസുദേന്തിയായി കമ്മിറ്റിയും പ്രവര്ത്തിക്കുന്നുണ്ട്. ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്ദിനം മാര്ച്ച് 19നാണ് തിരുസഭയില് ആഘോഷിക്കുന്നത്.
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന സംശയം; വിമാനം 88 മിനിറ്റ് വൈകി
ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നു വിമാനം 88 മിനിറ്റ് വൈകി. ലണ്ടൻ ലൂട്ടൺ എയർപോർട്ടിലാണു സംഭവം. അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിസ് എയർ ഫ്ലൈറ്റാണ് വൈകിയത്.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ കാണാനില്ലെന്നും ഫോൺ വീണ്ടെടുക്കുന്നതുവരെ വിമാനം പുറപ്പെടാനാവില്ലെന്നും യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാൾ ഫോൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നും ആരാണോ ഫോൺ എടുത്തത്, അയാൾ വിവരം അറിയിക്കണമെന്നും ജീവനക്കാർ പറഞ്ഞു.
തുടർന്ന് പോലീസ് എത്തി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഒടുവിൽ അങ്ങനെയൊരു ഫോൺ വിമാനത്തിൽ ഇല്ലെന്നു പറഞ്ഞ് വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാരിൽ ചിലർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തി.
സെക്യൂരിറ്റി ഗാർഡിന് സ്വന്തം ഫോൺ സൂക്ഷിക്കാനായില്ലെങ്കിൽ വിമാനത്താവളത്തിൽ എന്തു സുരക്ഷയാണ് ഉള്ളതെന്ന ചോദ്യവും ഉയർന്നു.
അയർലൻഡിൽ മേയ്ദിനാഘോഷം: മുഖ്യാതിഥിയായി മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
ഡബ്ലിൻ: തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമദിനമായി ലോകമെങ്ങും മേയ്ദിനം ആഘോഷിക്കുമ്പോൾ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ മേയ്ദിന പരിപാടികൾ അയർലൻഡിൽ സംഘടിപ്പിക്കുന്നു.
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം. ബി. രാജേഷ് ക്രാന്തി അയർലൻഡിന്റെ മേയ്ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
മേയ് രണ്ടിന് വൈകുന്നേരം ആറിനാണ് കിൽകെന്നിയിൽ പരിപാടികൾ ആരംഭിക്കുന്നത്. കില്ക്കെനിയിലെ ഒ ലൗഗ്ലിൻഗയിൽ ജിഎഎ ക്ലബാണ് ഇത്തവണത്തെ മേയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്.
അന്താരാഷ്ട്ര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് മലയാളിയുടെ ജനകീയ പാട്ടു പാരമ്പര്യത്തിന്റെ മുഖമായ പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറും.
ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
മേയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 10ന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മേയ് 10ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയർലൻഡിലെ സീറോമലബാർ സഭയുടെ 38 വി. കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 10ന് രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധന. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികനായിരിക്കും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിൽ (എ ലെവൽ - നോർത്തേൺ അയർലൻഡ്) 2024 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ വച്ച് ആദരിക്കും.
1879 ഓഗസ്റ്റ് 21നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.
പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്. അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
സീറോമലബാര് സഭ നാഷണല് പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില് നോക്ക് മരിയൻ തീര്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന് തീര്ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്ലൻഡിലെ മുഴുവന് വിശ്വാസികളേയും പ്രാര്ഥനാപൂര്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
രാജു കുന്നക്കാട്ടിന് ആറന്മുള സത്യവ്രതന് സ്മാരക നാടക പുരസ്കാരം
ഏറ്റുമാനൂര്: പ്രമുഖ സാഹിത്യകാരന് ആറന്മുള സത്യവ്രതന് അനുസ്മരണവും പുരസ്കാരസമര്പ്പണവും മേയ് 11ന് നടക്കും. കോട്ടയം മാറ്റൊലിയുടെ ‘ഒലിവ് മരങ്ങള് സാക്ഷി’ എന്ന നാടകത്തിന്റെ രചയിതാവും അയര്ലൻഡിലെ മലയാളി സാമൂഹിക പ്രവർത്തകനുമായ രാജു കുന്നക്കാട്ടിനാണ് ഈ വര്ഷത്തെ പുരസ്കാരം.
എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില് നടക്കുന്ന അനുസ്മരണം പ്രഫ. ഹരികുമാര് ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും. പ്രദീപ് മാളവിക പുരസ്കാരസമര്പ്പണം നിര്വഹിക്കും. കേന്ദ്ര ഫിലിം സെന്സര് ബോര്ഡ് മെംബര് ഗോപാലകൃഷ്ണന് അനുസ്മരണം നടത്തും.
സിനിമ പ്രൊഡക്ഷന് ഡയറക്ടര് അനുക്കുട്ടന് ഏറ്റുമാനൂരിനെ ആദരിക്കും. പത്രസമ്മേളനത്തില് സതീഷ് കാവ്യധാര, ജി. പ്രകാശ്, പി. അമ്പിളി, ജി. കാവ്യധാര എന്നിവര് എന്നിവര് പങ്കെടുത്തു.
വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബല് ഫെലോഷിപ്പിന്റെ പ്രാര്ഥനായജ്ഞം
വത്തിക്കാന് സിറ്റി: മേയ് ഏഴിന് കോണ്ക്ലേവ് ആരംഭിക്കുന്നതുവരെ വത്തിക്കാനിൽ പ്രോ- ലൈഫ് ഗ്ലോബല് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഒമ്പതു ദിവസത്തെ ഉപവാസപ്രാര്ഥന ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജപമാല പ്രാര്ഥനയ്ക്കും തുടക്കം കുറിച്ചു.
ഇനിയുള്ള ദിവസങ്ങളില് തീര്ഥാടനകേന്ദ്രങ്ങള്, ബസിലിക്കകള് എന്നിവ സന്ദര്ശിച്ച് പ്രോ- ലൈഫ് ശുശ്രൂഷകര് പ്രാര്ഥിക്കുമെന്ന് പ്രോ- ലൈഫ് ഗ്ലോബല് ഫെലോഷിപ്പ് ചെയര്മാന് സാബു ജോസ് പറഞ്ഞു.
ഇതോടൊപ്പം വിവിധ രാജ്യങ്ങളിലും പുതിയ മാർപാപ്പയ്ക്കായി പ്രോ -ലൈഫ് ശുശ്രൂഷകരുടെ പ്രാര്ഥനാകൂട്ടായ്മകള് നടക്കും.
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചു. വൻ പരിഭ്രാന്തിക്കിടയാക്കിയ അപ്രതീക്ഷിത സംഭവത്തിന്റെ കാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികൃതർ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
മെട്രോകൾ, വിമാനങ്ങൾ, മൊബൈൽ സർവീസുകൾ, എടിഎമ്മുകൾ എന്നിവയെല്ലാം നിശ്ചലമായ അപ്രതീക്ഷിത വൈദ്യുതി മുടക്കമാണ് ചൊവ്വാഴ്ചയോടെ പരിഹരിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒന്പതിന് സ്പെയിനിലെ 99 ശതമാനം വൈദ്യുതിയും പുനഃസ്ഥാപിച്ചുവെന്ന് ഇലക്ട്രിസിറ്റി ഓപ്പറേറ്റർ റെഡ് ഇലക്ട്രിക്ക അറിയിച്ചു.
ഇതേസമയം രാജ്യത്തെ 89 സബ്സ്റ്റേഷനുകളും പ്രവർത്തിച്ചുതുടങ്ങിയെന്നും പോർച്ചുഗൽ ഗ്രിഡ് ഓപ്പറേറ്ററും അറിയിച്ചു. സ്പെയിനിൽ ചൊവ്വാഴ്ച രാവിലെ സ്കൂളുകൾ തുറക്കുകയും ഗതാഗതക്കുരുക്കിന് അയവ് വരികയും ചെയ്തിരുന്നു.
ഇത്തരമൊരു അവസ്ഥയിലേക്കു നയിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള അസാധാരണ അന്തരീക്ഷ/കാലാവസ്ഥാ പ്രതിഭാസങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്പെയ്ൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ പ്രതികരിച്ചത്.
ചാക്കോച്ചൻ നടുക്കുടിയിൽ യുകെയിൽ അന്തരിച്ചു
ആഷ്ഫോർഡ്: മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് യുകെയിൽ അന്തരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ നടുക്കുടിയിൽ എൻ.വി. ജെയിംസ് (ചാക്കോച്ചൻ - 76) ആണ് മരിച്ചത്.
പെസഹാ വ്യാഴാഴ്ച തിരുക്കർമങ്ങൾകഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കാൽ തട്ടി വീണ് പരിക്ക് പറ്റിയ ചാക്കോച്ചനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം നിലയ്ക്കാത്തിരുന്നതാണ് മരണകാരണം. രണ്ടാഴ്ച മുൻപാണ് രണ്ട് മാസം മക്കളോടൊപ്പം ചെലവഴിക്കാൻ ഇദ്ദേഹം യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട് ഉടുമ്പന്നൂർ മങ്കുഴി പള്ളിയിൽ.
ഭാര്യ: ആനീസ് കുറിച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: റിജോ ജെയിംസ് (ന്യൂകാസിൽ സ്റ്റോക്ക് ഓൺ ട്രെന്റ്, മോട്ടര് വെ മോട്ടോ സർവീസ് യുകെ കമ്പനി ഓപ്പറേഷൻ മാനേജർ), സിജോ ജെയിംസ് (ആഷ്ഫോർഡ് കെന്റ് കൗണ്ടി, സോഷ്യൽ വർക്കർ). മരുമക്കൾ: ഷിനു റിജോ (പുല്ലാട്ട്, അരുവിത്തുറ), വീണ സിജോ (കരുണാറ്റുമ്യലിൽ, കല്ലറ).
സഹോദരങ്ങൾ: പരേതനായ മത്തച്ഛൻ നടുക്കൂടി (ഉടുമ്പന്നൂർ), സിസ്റ്റർ ജോർജിന നടുക്കൂടി (ഹോളി ക്രോസ് ഹോസ്പിറ്റൽ, അംബികപുർ, ഛത്തീസ്ഗഢ്), മേരിക്കുട്ടി ജെയിംസ് തുറക്കൽ (മുതലക്കോടം), ഗ്രേസി ജോസഫ് കുന്നുംപുറത്ത് (നെയ്യശേരി), ഫിൽസി തോമസ് ഓണാട്ട് (ബ്രിസ്ബെൻ, ഓസ്ട്രേലിയ).
ഫ്രാന്സിസ് മാർപാപ്പയുടെ അന്ത്യയാത്രയില് പൂക്കൂടയേന്തി മലയാളി പെണ്കുട്ടി നിയാ
വത്തിക്കാന് സിറ്റി: വെളുത്ത റോസാപ്പൂക്കളുമായി ഫ്രാന്സിസ് മാര്പാപ്പയുടെ അന്ത്യയാത്രയിൽ അനുഗമിച്ചവരില് 10 വയസുകാരി മലയാളി ബാലിക നിയയും. അപൂര്വ നിയോഗം മഹാഭാഗ്യമായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയ പറഞ്ഞു.
ഫ്രാന്സിസ് മാര്പാപ്പയുടെ അന്ത്യയാത്രയില് പൂക്കൂടയേന്താന് നിയോഗിക്കപ്പെട്ടത് നിയ ഉൾപ്പെടെ നാലു കുട്ടികളാണ്. 15 വര്ഷമായി റോമില് താമസിക്കുന്ന തൃശൂര് പറപ്പുക്കര കരിപ്പേരി വീട്ടില് ഫ്രനീഷ് ഫ്രാന്സിസ് - കാഞ്ചന് ദമ്പതികളുടെ മൂത്ത മകളാണ്.
സാന്റാ അസ്താസിയ ഇടവക അംഗവും ഇറ്റാലിയന് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിനിയുമാണ് നിയ. സഹോദരി നൈല.
കര്ദിനാള് മാര് ജോര്ജ് കൂവക്കാട്ടിന്റെ നിര്ദേശപ്രകാരം ബസലിക്ക വികാരി ഫാ. ബാബു പാണാട്ടുപറമ്പിലാണ് നിയായെ ഇതിനായി തെരഞ്ഞെടുത്തത്.
ഓരോ യാത്രയിലും നന്ദിസൂചകമായി മാതാവിന്റെ തിരുസ്വരൂപത്തില് പൂക്കളര്പ്പിച്ചിരുന്ന ഫ്രാന്സിസ് മാര്പാപ്പയുടെ പതിവ് രീതിയെ അനുസ്മിച്ചാണ് കുട്ടികൾ വെളുത്ത റോസാപ്പൂക്കള് തിരുസ്വരൂപത്തിനു മുന്നില് അര്പ്പിച്ചത്.
ജര്മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്പ്പുതിരുനാള് ആഘോഷിച്ചു
ബോണ്: സീറോമലങ്കര കാത്തലിക് മേജര് ആര്ക്കി എപ്പിസ്കോപ്പല് സഭയുടെ ജര്മന് റീജിയന്റെ ആഭിമുഖ്യത്തില് വിവിധ സ്ഥലങ്ങളില് പെസഹാ, ദുഖ:വെള്ളി, ഈസ്റ്റര് കര്മങ്ങള് പൂര്വാധികം ഭംഗിയായി ആഘോഷിച്ചു.
ബോണിനു പുറമെ ഫ്രാങ്ക്ഫര്ട്ട്, ഡോര്ട്ട്മുണ്ട്/ഹെര്ണെ, ക്രേഫെല്ഡ്, ഹൈഡല്ബെര്ഗ്, ഹാനോവര്, മ്യൂണിക്ക് എന്നീ മിഷന് കൂട്ടായ്മകളിലാണ് പരിപാടികള് നടന്നത്. ബോണിലെ സെന്റ് തോമസ് സമൂഹത്തില് നടന്ന കര്മങ്ങള്ക്ക് റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് മുഖ്യകാര്മികത്വം വഹിച്ചു.
ഈസ്റ്റര് ആഘോഷം ബോണിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ചു. ലുവൈന് സര്വകലാശാലയില് ഉപരിപഠനം നടത്തുന്ന പത്തനംതിട്ട മലങ്കര രൂപതാംഗം ഫാ. തോമസ് വടക്കേക്കര മുഖ്യകാര്മികത്വം വഹിച്ച് സന്ദേശം നല്കി.
റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാര്മികനായി. ആഘോഷമായ വിശുദ്ധ കുര്ബാനയ്ക്കു ശേഷം പാരീഷ് ഹാളില് വിവിധ കലാപരിപാടികളും നടന്നു. റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. അഗാപ്പെയോടെ പരിപാടികള് സമാപിച്ചു.
ഫാ. സന്തോഷ് തോമസ് കോയിക്കല് ജര്മനിയിലെ സീറോമലങ്കര കമ്യൂണിറ്റിയുടെ എക്സല്സിയര് കോഓര്ഡിനേറ്ററായി ഫ്രാങ്ക്ഫര്ട്ട്, ഹൈഡല്ബര്ഗ്, ഹാനോവര് എന്നിവിടങ്ങളില് കര്മങ്ങള്ക്ക് നേതൃത്വം നല്കുന്നുണ്ട്.
റവ.ഡോ. ജോസഫ് ചേലംപറമ്പത്ത്(ബോണ്), ഫാ. ഔസ്റ്റിന് ജോണ് (മ്യൂണിക്ക്), ഫാ. പോള് മാത്യു ഒഐസി (ക്രേഫെല്ഡ്), ഫാ. സാമുവേല് പാറവിള (ഡോര്ട്ട്മുണ്ട്, ഹെര്ണെ) എന്നിവര് മറ്റു സ്ഥലങ്ങളില് നേതൃത്വം നല്കുന്നു.
സ്പെയിൻ ഇരുട്ടില്; ഫ്രാന്സിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി
ലിസ്ബൺ: സ്പെയിനിലുണ്ടായ വൻ വൈദ്യുതിമുടക്കം ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. അതിതീവ്ര താപനില വ്യതിയാനംമൂലം സ്പെയിനിലെ വൈദ്യുതി ഗ്രിഡിലുണ്ടായ തകരാറാണു വൈദ്യുതിമുടക്കത്തിന് കാരണമായതെന്നാണ് സൂചന.
പോർച്ചുഗലിലും അൻഡോറ എന്ന കുഞ്ഞൻ രാജ്യത്തും ഫ്രാൻസിന്റെ ചില ഭാഗങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്. സ്പെയിലെ വിമാനങ്ങളും ട്രെയിനുകളും അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചു.
ട്രാഫിക് ലൈറ്റുകൾ കത്താതിരുന്നത് വാഹനക്കുരുക്കിനിടയാക്കി. വൈദ്യുതി പ്രതിസന്ധിയെ തുടര്ന്ന് മാഡ്രിഡ് ഓപ്പണ് ടെന്നീസ് ടൂര്ണമെന്റും റദ്ദാക്കി.
ആശുപത്രികളുടെ പ്രവർത്തനങ്ങളും താറുമാറായതോടെ സ്പെയിനിൽ ആഭ്യന്തര മന്ത്രാലയം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അർധരാത്രിയോടെ 35 ശതമാനം ഇടങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും പൂർണപരിഹാരത്തിന് ഒരാഴ്ചവരെ സമയമെടുത്തേക്കും.
സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. യൂറോപ്യൻ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ(ജോർജി) ഭാര്യ നിത്യ മേരി വർഗീസ് (31) ആണ് മരിച്ചത്.
ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞമാസം നിത്യ ഹൈദരാബാദിൽ എത്തിയിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് അവിടെ ചികിത്സ തേടിയിരുന്നു.
കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ലണ്ടനിലേക്ക് മടങ്ങിപോയി തുടർചികിത്സ തേടുകയായിരുന്നു.
സംസ്കാരം പിന്നീട്.
ഹേമയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഗംഭീരമായി
ഹെറിഫോർഡ്: ഹേമയുടെ (ഹെറിഫോർഡ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത്തിൽ ഈസ്റ്റർ - വിഷു - ഈദ് ആഘോഷമായ "സമന്വയം 2025' ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ലൈഡ് കോർട്ട് ഹെറിഫോർഡിൽ വച്ച് നടന്നു.
ഹേമയുടെ പ്രസിഡന്റ് ജോജി വർഗീസ് ഈപ്പന്റെ അധ്യക്ഷതയിൽ ആഘോഷം ബഹുമതിപൂർവമായ പ്രാർഥനയോടെ ആരംഭിച്ചു. സെക്രട്ടറി ജിൻസ് ജോസ് അസോസിയേഷനു വേണ്ടി മുഖ്യാതിഥിയെയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.
ലോക കേരളസഭയുടെ യുകെയിലെ അംഗമായ ലജീവ് രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ലോക കേരളസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി പറഞ്ഞു.
സിത്താര അനോഷ് നന്ദി പ്രസംഗം നടത്തി. തുടർന്ന് വേദി ഹെറിഫോർഡിലെ കലാപ്രേമികൾക്കായി തുറന്നു നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും നിറപ്പകിട്ടാർന്ന കലാപരിപാടികൾ "സമന്വയം 2025'നെ ആകർഷകമാക്കി.
ഹെൽകിൻ തോമസ് അവതരിപ്പിച്ച ഡിജെ, വാട്ടർ ഡ്രംസിന്റെ പ്രകടനം ആഘോഷത്തിന് പുതിയ ഊർജം പകർന്നു.
സ്നേഹവിരുന്നിന് ശേഷം ഏകദേശം രാത്രി 12ന് പരിപാടികൾക്ക് തിരശീല വീണു.
ചിത്രങ്ങൾ: വിഷ്വൽ ഡ്രീംസ് ഫോട്ടോഗ്രാഫി
കറുത്ത വര്ഗക്കാരനായ യുവാവിന്റെ കൊലപാതകം; ജര്മനിയില് പോലീസിനെതിരേ പ്രതിഷേധം ശക്തം
ബെര്ലിന്: ജര്മനിയില് 21 വയസുകാരനായ കറുത്ത വര്ഗക്കാരനെ പോലീസ് വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വാരാന്ത്യത്തില് ജര്മനിയിലെ ഓള്ഡന്ബുര്ഗില് നടന്ന സംഘര്ഷത്തിനിടെയാണ് പോലീസ് വെടിവയ്പില് യുവാവ് കൊല്ലപ്പെട്ടത്.
ഓള്ഡന്ബുര്ഗ് നിശാക്ലബിലേക്ക് എത്തിയ യുവാവിന് അധികൃതർ പ്രവേശനം നിഷേധിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചു.
പിന്തുടരാൻ ശ്രമിച്ചവരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയതോടെ പോലീസ് ഉദ്യോഗസ്ഥന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് വെടിയേറ്റ മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില് നിന്നും സസ്പെന്ഡ് ചെയ്തു.
കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില് 10,000 പേർ പങ്കെടുത്തു. യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തലസ്ഥാനമായ ബെര്ലിന് ഉള്പ്പെടെയുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള് നടക്കുന്നുണ്ട്.
ഫ്രാന്സിസ് മാർപാപ്പയ്ക്ക് സ്മരണാഞ്ജലി അര്പ്പിച്ച് കര്ദിനാള് പരോളിന്
വത്തിക്കാന് സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആത്മശാന്തിക്കായി വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ ഞായറാഴ്ച നടന്ന കുര്ബാനയില് കര്ദിനാള് പിയട്രോ പരോളിന് മുഖ്യകാര്മികത്വം വഹിച്ചു.
മുറിവേറ്റവരോട് ആര്ദ്രതയോടെ തിരിയുന്ന തിരുസഭയുടെ തിളങ്ങുന്ന സാക്ഷിയാണ് മാർപാപ്പായെന്ന് കര്ദിനാള് അനുസ്മരിച്ചു. ഫ്രാന്സിസ് മാര്പാപ്പയ്ക്കായി അർപ്പിക്കപ്പെട്ട രണ്ടാം ദിനത്തിലെ വിശുദ്ധകുർബാനയിൽ രണ്ടു ലക്ഷത്തോളം പേർ സംബന്ധിച്ചിരുന്നു.
മാർപാപ്പയുടെ ആത്മശാന്തിക്കായി കബറടക ദിനമായ ശനിയാഴ്ച മുതൽ തുടർച്ചയായി ഒന്പത് ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധകുർബാന അർപ്പിക്കപ്പെടുന്നുണ്ട്.
ഈ നവനാൾ ദിവ്യപൂജ "നൊവെന്തിയാലി' എന്നാണ് അറിയപ്പെടുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിങ്കലേക്ക് പ്രാർഥനയോടെ വിശ്വാസികൾ
വത്തിക്കാൻ സിറ്റി: റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം. ഞായറാഴ്ച രാവിലെ ഏഴിനാണ് കബറിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഇതിനുമുന്പുതന്നെ പള്ളിയിലേക്ക് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. മാർപാപ്പയുടെ മരണപത്രമനുസരിച്ച് ലത്തീൻ ഭാഷയിൽ "ഫ്രാൻസിസ്കുസ്' എന്നു മാത്രമെഴുതി പ്രത്യേകിച്ച് അലങ്കാരപ്പണികളൊന്നും നടത്താതെയാണു കബറിടം നിർമിച്ചത്.
ലാളിത്യത്തിന്റെ മറ്റൊരു പ്രതീകമായി കല്ലറയ്ക്കുമുകളിൽ ഒരു വെള്ള റോസാപ്പൂവും കാണപ്പെട്ടു. വരുംദിവസങ്ങളിലും വിശ്വാസികളുടെ പ്രവാഹമുണ്ടാകുമെന്നതിനാൽ വലിയപള്ളിയിൽ അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തുന്ന തീർഥാടകരെല്ലാം മാർപാപ്പ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കന്യാമറിയ ത്തിന്റെ വലിയപള്ളിയും സന്ദർശിച്ചശേഷമാണു മടങ്ങുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് സാർവത്രികസഭ ശനിയാഴ്ച മുതൽ ഒന്പത് ദിവസത്തേക്കു പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിവിധ കർദിനാൾമാരുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ വിശുദ്ധ കുർബാനയും ജപമാലയും ഉണ്ട്.
ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർദിനാൾമാരെല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു.
സീറോമലബാർ സഭയുടെ സാന്താ അനസ്താസിയ ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ റോമിലെ സാന് ഗ്രെഗോരിയോ സേത്തിമോ പള്ളിയില് സീറോമലങ്കര സഭാംഗങ്ങൾ ഒന്നുചേർന്ന് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.
ദുഃഖാചരണത്തിന്റെ മൂന്നാംദിനമായ ഇന്ന് റോമാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. റോമാ രൂപത വികാരി ജനറാൾ കർദിനാൾ ബാൾദസാരെ റെയ്ന മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യസഭകളുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പണം മേയ് രണ്ടിനാണ്.
പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറാത്തി മുഖ്യകാർമികത്വം വഹിക്കും. അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.
ഫ്രഞ്ച് സ്കൂളില് കത്തിയാക്രമണം; ഒരു വിദ്യാര്ഥിനി മരിച്ചു; മൂന്നു പേര്ക്ക് പരിക്ക്
പാരീസ്: പടിഞ്ഞാറന് ഫ്രാന്സിലെ സ്കൂളില് വ്യാഴാഴ്ചയുണ്ടായ കത്തിയാക്രമണത്തില് ഒരു വിദ്യാര്ഥി കൊല്ലപ്പെടുകയും മൂന്ന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാര്ഥികളില് ഒരാളുടെ നില വളരെ ഗുരുതരാവസ്ഥയിലാണ്.
നാന്റസിന് സമീപമുള്ള ഡൗലോണിലെ സ്വകാര്യ നോട്ട്-ഡേം-ഡി-ടൗട്ട്സ്-എയ്ഡ്സ് ഹൈസ്കൂളിലെ രണ്ട് ക്ലാസ് മുറികളില് കടന്നാണ് ആക്രമണം നടത്തിയത്. അക്രമി 15 വയസുള്ള വിദ്യാര്ഥിയാണ്.
പോലീസ് എത്തുന്നതിന് മുമ്പ് അധ്യാപകര്ക്ക് അക്രമിയെ അധികൃതർ പിടികൂടിയിരുന്നു. ഹെല്മറ്റ് ധരിച്ച അക്രമിയുടെ കൈവശം രണ്ട് കത്തികളും കണ്ടെടുത്തതായി റിപ്പോർട്ട്.
അഭിമാനമായി റിഥമിക് കിഡ്സ്; ലിങ്കൺഷയർ ടാലന്റ് ഷോ ഫൈനലിൽ ഇന്ത്യൻ ടീം
നോർത്ത് ലിങ്കൺഷയർ: നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഷോയുടെ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ റിഥമിക് കിഡ്സ് ടീം മാറ്റുരയ്ക്കും.
ലിങ്കൺഷയറിലെ വിവിധ ടീമുകളുമായി മത്സരിച്ചാണ് ഈ കുട്ടികളുടെ സംഘം ഫൈനലിൽ പ്രവേശിച്ചത്. ഏപ്രിൽ 26ന് സ്കൻതോർപ്പിലെ ദ ബാത്ത്സ് ഹാൾ തിയറ്ററിലാണ് "സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലന്റ് ഷോ’ ഫൈനൽ നടക്കുന്നത്. ഈ മത്സരത്തിൽ 13 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഈ ഫൈനലിലെ ഏക ഇംഗ്ലിഷ് ഇതര ടീമാണ് റിഥമിക് കിഡ്സ് ഡാൻസ് ഗ്രൂപ്പ്. 200ൽ അധികം വിഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ടീമുകളിൽ നിന്നാണ് റിഥമിക് കിഡ്സ് ഒഡീഷനിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. 12 അംഗങ്ങളുള്ള ഈ ടീം തകർപ്പൻ പ്രകടനത്തിലൂടെ ജഡ്ജിമാരുടെ പ്രശംസ നേടി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാഭവൻ നൈസിന്റെ ശിക്ഷണത്തിലാണ് കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ടീം സ്റ്റേജിൽ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലന്റ് ഷോയുടെ ഫൈനലിൽ ഭരതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
ഭൂരിഭാഗം ഇംഗ്ലിഷ് പ്രകടനങ്ങൾക്കിടയിലും ഗബ്രിയേലയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനം മറ്റു നോൺ ഇംഗ്ലിഷ് ടീമുകൾക്ക് പ്രചോദനമായെന്നും ഇത്തവണ കൂടുതൽ അപേക്ഷകൾ ലഭിക്കാൻ കാരണമായെന്നും നോർത്ത് ലിങ്കൺഷയർ തിയറ്റഴ്സ് അറിയിച്ചു.
ടാലന്റ് ഷോയുടെ ഫൈനലിൽ നോർത്ത് ലിങ്കൺഷയർ മേയർ മുഖ്യാതിഥിയായിരിക്കും. ജഡ്ജിമാർ ആദ്യ നാല് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും പിന്നീട് പ്രേക്ഷകരുടെ വോട്ടിംഗിലൂടെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.
വിജയികൾക്ക് കപിൽ കെയർ ഹോംസ് സ്പോൺസർ ചെയ്യുന്ന 1000 പൗണ്ട് സമ്മാനം ലഭിക്കും.
അയർലൻഡിൽ മലയാളി വിജയകുമാർ പി. നാരായണൻ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ വിജയകുമാർ പി. നാരായണൻ(46) അന്തരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശിയാണ്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. സംസ്കാരം പിന്നീട്.
വിജയകുമാർ അയർലൻഡിൽ ബസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഇദ്ദേഹം ഡബ്ലിനിൽ എത്തിയത്.
സംസ്കാര ചെലവുകൾക്കും മറ്റുമായി മലയാളികൾ സഹായധനം സ്വരൂപിക്കാൻ ആരംഭിച്ചു. ഗോ ഫണ്ട് മി വഴിയാണ് ധനസമാഹരണം നടത്തുന്നത്.
മനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ
ലണ്ടൻ: യുക്മ ലയ്സൺ ഓഫീസറായി യുക്മ മുൻ ദേശീയ പ്രസിഡന്റും ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2022 - 2025 കാലയളവിൽ ലയ്സൺ ഓഫീസറായി പ്രവർത്തിച്ച മനോജ്കുമാർ പിള്ളയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർനിയമനം. യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായിരുന്ന മനോജ് 2019 - 2022 കാലയളവിൽ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു.
യുക്മ ഏറെ വെല്ലുവിളികൾ നേരിട്ട ഒരു കാലയളവിൽ തികഞ്ഞ സമചിത്തതയോടെയും ദീർഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിന്റെ പ്രവർത്തന മികവ് യുക്മയെ കൂടുതൽ ശക്തമാക്കി.
യുക്മ സൗത്ത് ഈസ്റ്റ് - സൗത്ത് വെസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി, റീജിയണൽ പ്രസിഡന്റ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മനോജ് ഡോർസെറ്റ് കേരള കമ്യൂണിറ്റിയുടെ (ഡികെസി) സജീവാംഗമാണ്.
യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായ ഡികെസിയുടെ മുൻ പ്രസിഡന്റ് കൂടിയായ മനോജ്, ഡോർസെറ്റ് ഇന്ത്യൻ മേളയുടെ മുഖ്യ സംഘാടകൻ കൂടിയാണ്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ ഭാരതീയ സാംസ്കാരിക മേളയിൽ മലയാളി സമൂഹത്തിന്റെ പ്രതിനിധിയാണ് മനോജ്.
ഒരു തികഞ്ഞ കായികപ്രേമിയായ മനോജ് പ്രാദേശിക ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് ചെയർമാൻ സ്ഥാനവും വഹിക്കുന്നു.
ട്രാൻസ്പോർട്ട് രംഗത്തെ പ്രമുഖ കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനോജിന്റെ ഭാര്യ ജലജ പൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ജോഷിക (രണ്ടാം വർഷ ഡെൻറൽ മെഡിസിൻ വിദ്യാർഥിനി), ആഷിക (ഇയർ10 വിദ്യാർഥിനി), ധനുഷ് (ഇയർ7 വിദ്യാർഥി) എന്നിവർ മക്കളാണ്.
യുക്മയുടെ പ്രവർത്തനങ്ങൾക്ക് കേരള, ഭാരത സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക, പ്രവാസി ഭാരതീയ സെൽ തുടങ്ങിയവയുമായി സഹകരണം ഉറപ്പാക്കുന്നതിനും മനോജിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.
"പുതുപ്പള്ളിതന് പുണ്യമേ' സംഗീത ആല്ബം റിലീസ് ചെയ്തു
ഡബ്ലിന്: അയര്ലൻഡ് മലയാളിയും ഫോട്ടോ ജേര്ണലിസ്റ്റുമായ കോട്ടയം സ്വദേശി കെ.പി. അനില്കുമാര് രചിച്ച വരികള്ക്ക് എന്.യു. സഞ്ജയ് സംഗീതം നല്കി.
എലൈന് അല്ഫോന്സയുമായി ചേര്ന്ന് ആലപിച്ചിരിക്കുന്ന ക്രിസ്തീയ ഭക്തിഗാനം ഗീവര്ഗീസ് സഹദായുടെ ഓര്മതിരുന്നാള് ദിനത്തില് റിലീസ് ചെയ്തു. മായ സഞ്ജയും അര്പ്പിത സൈജുവുമാണ് എലൈനൊപ്പം കോറസ് പാടിയിരിക്കുന്നത്.
കെ.പി. പ്രസാദിന്റെ സംവിധാനത്തില് "വിശ്വാസമാവട്ടെ ലഹരി' എന്നൊരു സന്ദേശം കൂടി നല്കുന്ന ആല്ബത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ജയകൃഷ്ണന് റെഡ് മൂവീസാണ് നിര്വഹിച്ചിരിക്കുന്നത്.
പുതുപ്പള്ളി പള്ളിയില് വച്ചുതന്നെ ചിത്രീകരിച്ചിരിക്കുന്ന ഭക്തിഗാന ആല്ബത്തില് പ്രധാനമായും അഭിനയിച്ചിരിക്കുന്നത് മനു സ്കറിയയും ദേവികയും സോമശേഖരന് നായരുമാണ്.
ആര്ട്ട് ആൻഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും കാമറാ അസോസിയേറ്റ് പ്രീതീഷുമാണ്. "പുതുപ്പള്ളിതന് പുണ്യമേ' എന്ന ഭക്തിഗാനം അനിൽ ഫോട്ടോ ആൻഡ് മ്യൂസിക് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗാനം കേൾക്കാം:
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരണം
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിൽ ശനിയാഴ്ച ആദ്യ കുർബാന സ്വീകരണം നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് പരിപാടി. സീറോമലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷൻ കോഡിനേറ്റർ ജനറൽ ഫാ. ക്ലമെന്റ് പാടത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.
അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, വികാരി ഫാ. ബൈജു ഡേവീസ് കണ്ണമ്പിള്ളി, ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവർ സഹകാർമികരായിരിക്കും.
ഇടവകയിലെ ഈതെൻ സന്തോഷ്, ആനാബൽ റോസ് അനീഷ്, ഐന റോസ് സന്തോഷ്, എവിനാ ആൻ ഷിജു, അലൈന ആൻ മാനുവൽ, ആൻ മരിയ ജോബിൻ, മെൽബ റോജി, ഷിഗ മേരി ഫിലിപ്പ്, ആൽഫിനാ ഗ്രേസ് ഷിജോയ്, സെറാ സുനിൽ എന്നിവരാണ് ആദ്യകുർബാന സ്വീകരിക്കുക.
ജര്മനിയില് പാസ്പോര്ട്ട്, ഐഡി സംവിധാനത്തിൽ അടിമുടി മാറ്റം; പുതിയ നിയമം മേയ് മുതൽ പ്രാബല്യത്തിൽ
ബെര്ലിന്: ജര്മനിയില് മേയ് ആദ്യവാരം മുതൽ തിരിച്ചറിയൽ കാർഡിലും പാസ്പോർട്ട് സംവിധാനത്തിലും അടിമുടി മാറ്റം. അടുത്തമാസം ആദ്യം മുതല്, പാസ്പോര്ട്ടുകള്ക്കും തിരിച്ചറിയല് കാര്ഡുകള്ക്കും ഡിജിറ്റല് ഫോട്ടോകള്ക്ക് മാത്രമായിരിക്കും സ്വീകരിക്കുക. ആറ് യൂറോയാണ് ഇതിന്റെ നിരക്ക്.
ഐഡി ഫോട്ടോകള്ക്കുള്ള പുതിയ നിയമം മേയ് മൂന്ന് മുതല് പ്രാബല്യത്തിൽ വരും. പുതിയ തിരിച്ചറിയല് കാര്ഡിനോ പാസ്പോര്ട്ടിനോ അപേക്ഷിക്കുന്നവര് ഡിജിറ്റല് പാസ്പോര്ട്ട് ഫോട്ടോയാണ് സമര്പ്പിക്കേണ്ടതുണ്ട്. അതേസമയം ജൂലൈ അവസാനം വരെ, പൗരന്മാര്ക്ക് താത്കാലികമായി പാസ്പോർട്ട് അപേക്ഷകൾക്കും ഐഡി അപേക്ഷകൾക്കും പേപ്പര് ഫോട്ടോ ഉപയോഗിക്കാം.
ഫെഡറല് ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, നടപടിക്രമങ്ങള് ലളിതമാക്കുന്ന പ്രക്രിയയില് ഫോട്ടോകള് സിറ്റിസൺ ഓഫിസുകളിൽ നിന്നോ അല്ലെങ്കില് സർട്ടിഫിക്കേഷനുള്ള ഫോട്ടോ സ്റ്റുഡിയോ വഴിയോ എന്ക്രിപ്റ്റ് ചെയ്ത ക്ളൗഡിലേക്ക് അപ്ലോഡ് ചെയ്യാം.
ഫെഡറല് ഓഫിസ് ഫോര് ഇന്ഫര്മേഷന് സെക്യൂരിറ്റി (ബിഎസ്ഐ) ഡിജിറ്റല് ഫോട്ടോകള് അപ്ലോഡ് ചെയ്ത ക്ളൗഡ് പരിശോധിച്ചു കൃത്യത വരുത്തും. 2025 മേയ് മുതൽ, ജർമനിയിൽ ഐഡിയിലും പാസ്പോർട്ട് സംവിധാനത്തിലും കാര്യമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
മാര്പാപ്പയുടെ വിയോഗത്തില് ജര്മനിയിലും ദുഃഖാചരണം
ബെര്ലിന്: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ബർലിനിലെ സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രലിൽ ജർമനിയിലെ കത്തോലിക്കാ സഭ സമൂഹബലി അർപ്പിച്ച് പ്രാർഥിക്കും. ബുധനാഴ്ച ബോണിൽ ചേർന്ന ജർമൻ ബിഷപ്പ്സ് കോൺഫറൻസാണ് ഈ വിവരം അറിയിച്ചത്.
ലിംബർഗ് ബിഷപ്പും ജർമൻ ബിഷപ്പ്സ് കോൺഫറൻസ് ചെയർമാനുമായ ജോർജ് ബറ്റ്സിംഗ് ഇത് സ്ഥിരീകരിച്ചു. മാർപാപ്പയുടെ വിയോഗത്തിൽ ജർമനിയിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ പതാക താഴ്ത്തിക്കെട്ടി. ജർമനിയിലെ സെൻട്രൽ കൗൺസിൽ ഓഫ് മുസ്ലിംസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
തുര്ക്കി മെട്രോപോളിസില് ഭൂകമ്പം; ഭയം വിട്ടുമാറാതെ ദേശവാസികള്
ഇസ്താംബുള്: തുർക്കിയിലെ മെട്രോപൊളിസിൽ ബുധനാഴ്ചയുണ്ടായ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ ഭയന്ന് ആയിരക്കണക്കിന് ആളുകൾ പാർക്കുകളിലും തുറന്ന സ്ഥലങ്ങളിലും ടെന്റുകൾ കെട്ടി താമസിച്ചു.
മറ്റുചിലർ സ്പോർട്സ് ഹാളുകളിലും എമർജൻസി ഷെൽട്ടറുകളിലും അഭയം തേടി. ബുധനാഴ്ച ഉച്ചയ്ക്ക് 12.49നാണ് ഭൂകമ്പം ആദ്യഭൂകമ്പം അനുഭവപ്പെട്ടത്. 184 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തതായി അഫാദ് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്ന്ന് ആയിരക്കണക്കിന് ആളുകള് തെരുവിലിറങ്ങി. തുര്ക്കിയുടെ സ്റേററ്റ് ബ്രോഡ്കാസ്റ്റര് പറയുന്നതനുസരിച്ച്, ആളുകള് അവരുടെ ബന്ധുക്കളെ ആശുപത്രികളില് നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ടെലിഫോണ് ശൃംഖലയും ഇന്റര്നെറ്റും ഭാഗികമായി തടസപ്പെട്ടു. ഇസ്താംബൂളില് നിന്നുള്ള പല വിമാനങ്ങളും പൂര്ണമായി റദ്ദു ചെയപ്പെടുകയും റോഡുകളെല്ലാം ഗതാഗതക്കുരുക്കുമായി.
മറ്റൊരു ശക്തമായ ഭൂകമ്പം ഉണ്ടാകില്ലെന്ന് പറയാനാവില്ല എന്ന് ജിയോളജിസ്റ്റ് ഒക്കാൻ റ്റ്യൂസ് എൻടിവിയോട് പറഞ്ഞു. ഭൂകമ്പ ഗവേഷകനായ നാസി ഗോററും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.
പല വീടുകളും ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയല്ല. കൂടാതെ, ബോസ്പോറസിലെ മെട്രോപോളിസ് അതിന്റെ ഘടനാപരമായ സമഗ്രത കാരണം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതായി കണക്കാക്കില്ല.
സമീപ വര്ഷങ്ങളില്, 2023ലെ വിനാശകരമായ ഭൂകമ്പ ദുരന്തത്തിന്റെ പശ്ചാത്തലത്തില്, വംശനാശഭീഷണി നേരിടുന്ന വീടുകള് പുതുക്കിപ്പണിയുന്നതിനുള്ള പരിപാടികള് മുന്നോട്ട് നീങ്ങുന്നു.
എന്നാല് ഒരു ദശലക്ഷത്തിലധികം കെട്ടിടങ്ങള് ഇപ്പോഴും സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. റിക്ടര് സ്കെയിലില് ഏഴ് തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ചേക്കുമെന്ന് വിദഗ്ധര് വിലയിരുത്തുന്നു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം
വത്തിക്കാൻ സിറ്റി: ദിവംഗതനായ ഫ്രാന്സിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ ലോകമെങ്ങുനിന്നും വിശ്വാസികൾ വത്തിക്കാനിലേക്കു പ്രവഹിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബുധനാഴ്ച ആരംഭിച്ച പൊതുദർശനം തുടരുകയാണ്.
രാത്രി പന്ത്രണ്ടിന് പള്ളി അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അർധരാത്രി കഴിഞ്ഞും വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. പൊതുദർശനം വെള്ളിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാത്രി ഏഴിന് ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദർശനം അവസാനിക്കും.
ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറമെ മേരി മേജർ ബസിലിക്കയിലും നിരന്തരം പ്രാർഥനകൾ നടക്കുന്നുണ്ട്. സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ എത്തുന്നതിനാൽ റോം നഗരവും വത്തിക്കാനും കനത്ത സുരക്ഷാവലയത്തിലാണ്.
വിശ്വാസികളുടെ സൗകര്യാർഥം കൂടുതൽ മെട്രോ സർവീസുകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉണ്ടാകുമെന്ന് റോം നഗരസഭാധികൃതർ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കർദിനാൾ സംഘത്തിന്റെ യോഗം (ജനറൽ കോൺഗ്രിഗേഷൻ) ചേർന്ന് കബറടക്ക ശുശ്രൂഷകൾ സംബന്ധിച്ച ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.
ഫ്രാൻസിസ് മാർപാപ്പതന്നെ ഒപ്പുവച്ച, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്മാരുടെ കബറടക്ക ശുശ്രൂഷകളുടെ ക്രമത്തിലായിരിക്കും തിരുക്കർമങ്ങളെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഒടുവിൽ ജെയിൻ നാട്ടിലെത്തി; റഷ്യന് കൂലിപ്പട്ടാളത്തില് അകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു.
തൊഴിൽ തട്ടിപ്പിനിരയായാണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിലെത്തി പത്ത് ദിവസത്തെ മാത്രം പരിശീലനത്തിനൊടുവിൽ യുക്രെയ്ൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ പറയുന്നു.
യുദ്ധത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന് കുര്യനെ മോസ്കോയിലെ ആശുപത്രിയില് നിന്നാണ് ഡല്ഹിയില് എത്തിച്ചത്. ഡല്ഹിയിലെത്തിയ ജെയിന് ബന്ധുക്കളോട് ഫോണില് സംസാരിച്ചു.
പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. റഷ്യന് കൂലിപ്പട്ടാളത്തില് അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ജെയിനെ പട്ടാള ക്യാമ്പിലേക്ക് തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്ന് കഴിഞ്ഞദിവസം വാര്ത്തകള് വന്നിരുന്നു.
മോസ്കോയിലെ ആശുപത്രിയില്നിന്ന് പട്ടാള ക്യാമ്പില് എത്താനും 30 ദിവസം ചികിത്സാ അവധിയില് പ്രവേശിക്കാനുമായിരുന്നു നിര്ദേശം. പട്ടാള ക്യാമ്പിലെത്തിയാല് തിരികെവരാന് ആവില്ലെന്നും സര്ക്കാരുകള് വിഷയത്തില് ഇടപെടണമെന്നും ജെയിന് വീഡിയോ സന്ദേശത്തിലൂടെ സഹായം അഭ്യര്ഥിക്കുകയും ചെയ്തു.
ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ജെയിന് ജീവിതത്തിലേക്ക് മടങ്ങിവന്നത്. നേരെത്തെ ഇയാള്ക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂര് സ്വദേശി ബിനില് ബാബു മരിച്ചതായി ഇന്ത്യന് എംബസി സ്ഥിരീകരിച്ചിരുന്നു. യുക്രെയ്ന് ഷെല്ലാക്രമണത്തിനിടെ പരിക്കേറ്റായിരുന്നു മരണം.
പാലാ സ്വദേശി യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാൽത്തംസ്റ്റോയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്.
യുകെയിലെ ടോർക്കിയിൽ താമസിക്കുന്ന ആർ. സന്ധ്യയെ ഡെവൺ ആൻഡ് കോൺവാൾ പോലീസാണ് മരണവിവരം അറിയിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: കല്യാണി, കീർത്തി. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരുടെയും തുളസി ദേവിയുടെയും മകനാണ്.
കഴിഞ്ഞവർഷമാണ് വിനുകുമാർ ഹെൽത്ത്കെയർ അസിസ്റ്റന്റ് വീസയിൽ യുകെയിൽ എത്തിയത്. പിന്നാലെ സന്ധ്യയും യുകെയിലെത്തി.
സന്ധ്യ പാലാ നഗരസഭയിലെ മുരിക്കുംപുഴ വാർഡ് കൗൺസിലറാണ്. മാസങ്ങൾക്ക് മുൻപ് നഗരസഭയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ നാട്ടിലെത്തിയിരുന്നു.
ബർമിംഗ്ഹാം സെന്റ് ജോർജ് പള്ളിയിൽ ഓർമപ്പെരുന്നാൾ
ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ മേയ് 2, 3 തീയതികളിൽ ആഘോഷിക്കുന്നു.
മേയ് രണ്ടിനു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും. മൂന്നിന് രാവിലെ 10ന് ആരംഭിക്കുന്ന പ്രഭാതനമസ്കാരത്തോടുകൂടി വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബർമിംഗ്ഹാം യാർഡ്ലിയിലുള്ള സെന്റ് മൈക്കിൾ ആൻഡ് ഓൾ ഏഞ്ചൽസ് ചർച്ച്, സൗത്ത് യാർഡ്ലി (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ട്രസ്റ്റി റെജി മത്തായി - 078 312 74123, സെക്രട്ടറി ഷെെൻ മാത്യു -079 430 95240 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം 27ന്
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ മലയാളി സംഘടനായ "സർഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം 27ന്. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന "സർഗം ഹോളി ഫെസ്റ്റ്സ്' നെബ് വർത്ത് വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒൻപതു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈസ്റ്ററും വിഷുവും ഈദുൽ ഫിത്തറും നൽകുന്ന നന്മയുടെ സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന "സർഗം ഹോളി ഫെസ്റ്റ്സ്' ആകർഷകങ്ങളായ കലാപരിപാടികൾ അരങ്ങു വാഴുന്ന "കലാസന്ധ്യ', സംഗീതസാന്ദ്രത പകരുന്ന "സംഗീത നിശ' അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസിനായി അണിയറയിൽ ഒരുങ്ങുന്നതായി സർഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉച്ചയ്ക്ക് മൂന്നിന് "സ്റ്റാർട്ടർ മീൽ' വിളമ്പുന്നതും നാലോടെ വിതരണം നിർത്തി ഈസ്റ്റർ - വിഷു - ഈദ് ആഘോഷത്തിന്റെ സാംസ്കാരിക പരിപാടികൾക്ക് ആരംഭം കുറിക്കും.
കലാവിരുന്നും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും ഗംഭീരമായ ഗാനമേളയും ഡിജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും അവസരം ഒരുക്കുന്ന സർഗം ആഘോഷ സദസിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ജോൺ (പ്രസിഡന്റ്) - 07735 285036, അനൂപ് മഠത്തിപ്പറമ്പിൽ (സെക്രട്ടറി) - 07503 961952, ജോർജ് റപ്പായി (ട്രഷറർ) - 07886 214193.
ഫ്രാൻസിസ് മാർപാപ്പ കരുണയുടെ പ്രതീകം: മാർ ജോസഫ് സ്രാമ്പിക്കൽ
ലണ്ടൻ: കരുണയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായ ഫ്രാൻസിസ് മാർപാപ്പ നിത്യപിതാവിന്റെ സന്നിധിയിലേക്കു ജീവന്റെ കിരീടം നേടാനായി കടന്നുപോയിയെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ.
2016 ജൂലൈ 16ന് കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് മാർപാപ്പയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിച്ചതും അതിന്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും.
പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടനിൽ വളർന്നു പന്തലിക്കുന്നതിനാണ് മാർപാപ്പ നമ്മുടെ രൂപത സ്ഥാപിച്ചത്.
പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്.
പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രാർഥനകൾ സമർപ്പിക്കുകയും ചെയ്യുന്നതായി യൗസേപ്പ് സ്രാമ്പിക്കൽ പറഞ്ഞു.
മാര്പാപ്പയുടെ സംസ്കാര ചടങ്ങില് ഒലാഫ് ഷോള്സ് പങ്കെടുക്കും
ബെര്ലിന്: ഫ്രാന്സിസ് മാര്പാപ്പയുടെ സംസ്കാര ചടങ്ങില് ജര്മന് ചാന്സലര് ഒലാഫ് ഷോള്സ് പങ്കെടുക്കുമെന്ന് സര്ക്കാര് വക്താവ് അറിയിച്ചു. ഫ്രാന്സിസ് മാര്പാപ്പയും ഒലാഫ് ഷോള്സും കഴിഞ്ഞ വര്ഷം വത്തിക്കാനില് കൂടിക്കാഴ്ച നടത്തിയിരുന്നു.
കത്തോലിക്കാ സഭയ്ക്കും ലോകത്തിനും ദുര്ബലര്ക്കുവേണ്ടി വാദിക്കുന്ന അനുരഞ്ജനക്കാരനും ഊഷ്മളഹൃദയനുമായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടുവെന്നാണ് അനുശോചന സന്ദേശത്ത മാര്പാപ്പയെ ആദരിക്കാന് ഷോള്സ് തന്റെ പോസ്റ്റില് കുറിച്ചത്.
ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ വീക്ഷണത്തെ വളരെയധികം അഭിനന്ദിക്കുന്നതായും ലോകമെമ്പാടുമുള്ള മാർപാപ്പയുടെ വിശ്വസ്തര്ക്ക് എന്റെ സഹതാപവും അറിയിക്കുന്നതായും സ്ഥാനമൊഴിയുന്ന ഒലാഫ് ഷോള്സ് പറഞ്ഞു.
സ്വീഡനിലെ സ്റ്റോക്ഹോമിൽ ദുഃഖവെള്ളി - ഈസ്റ്റർ ശുശ്രൂഷകൾ നടത്തി
സ്റ്റോക്ഹോം: സ്വീഡന് മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നോർഡിക് റീജിയണിൽ ആദ്യമായി ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ നടത്തി.
സ്വീഡനിലെ സ്റ്റോക്ഹോമിലാണ് ഏപ്രിൽ 18, 19 തീയതികളിലായി ശുശ്രൂഷകൾ നടത്തപ്പെട്ടത്. ശുശ്രൂഷകൾക്ക് ഏബ്രഹാം ജോൺ അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു.
ക്രമീകരണങ്ങൾക്ക് നോർഡിക് റീജിയൺ ഓർത്തഡോക്സ് കമ്യൂണിറ്റിയുടെ ചുമതല വഹിക്കുന്ന ഫാ. ജിബിൻ തോമസ് ഏബ്രഹാം, ട്രസ്റ്റി സജോഷ് വർഗീസ്, സെക്രട്ടറി അൻസ്ലി വർഗീസ് എന്നിവർ നേതൃത്വം നൽകി.
ഫ്രാന്സില് മലയാളി വിദ്യാര്ഥികളുടെ അപ്പാര്ട്ട്മെന്റിൽ വന് തീപിടുത്തം; പാസ്പോര്ട്ട് അടക്കം കത്തിനശിച്ചു
പാരീസ്: ഫ്രാന്സിലെ ബ്ളാങ്ക് മെസ്നിലുണ്ടായ തീപിടിത്തത്തില് മലയാളി വിദ്യാര്ഥികള് താമസിച്ച ബഹുനില കെട്ടിടം കത്തിനശിച്ചു. വിദ്യാര്ഥികളുടെ പാസ്പോര്ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തിനശിച്ചു.
ഫ്രാന്സില് നിന്നുള്ള ലോക കേരള സഭാംഗം കരണയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി വിദ്യാര്ഥികള് രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.
13 വിദ്യാര്ഥികളാണ് കെട്ടിടത്തിൽ താസിക്കുന്നത്. ഇതില് ആറു പേരുടെ സാമഗ്രികളാണ് പൂര്ണമായും അഗ്നിക്കിരയായത്. ഈ വിദ്യാര്ഥികള് എല്ലാം തന്നെ വന് പ്രതിസന്ധിയിലെന്നാണ് വിദ്യാര്ഥികള് പങ്കുവയ്ക്കുന്ന കാര്യം.
ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായി. ഇവര്ക്ക് സഹായഹസ്തവുമായി ഫ്രാന്സില് പഠനത്തിനായി എത്തിയ സീറോമലബാര് വൈദികന് ഫാ. സിജോ എല്ലാതരത്തിലും വിദ്യാര്ഥികള്ക്ക് സഹായത്തിനായി പരിശ്രമിക്കുകയാണ്. ചില വിദ്യാര്ഥികള് അടുത്ത വെള്ളിയാഴ്ച നാട്ടില് പോകാന് ഇരിക്കുന്നതിനിടെയാണ് അപകടം.
മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടുവെന്നും പുറത്ത് ഇറങ്ങി നോക്കിയപ്പോള് വീടിന് തീപിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും വിദ്യാര്ഥികള് പറഞ്ഞു. പെട്ടെന്നുതന്നെ എല്ലാവരും വീടിനു വെളിയില് കടന്നതിനാല് മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല.
പാസ്പോര്ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. ഇവര്ക്കു വേണ്ടുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും ശേഖരിക്കുന്ന ശ്രമത്തിലാണ് ഫാ.സിജോയും കരുണയും സീറോമലബാര് കമ്യൂണിറ്റിയും.
സംഭവത്തില് എംബസിയുടെയും കേരള സര്ക്കാരിന്റെയും സഹായം അഭ്യര്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷവും ഇതുപോലെ മലയാളി വിദ്യാര്ഥികള് താമസിച്ചിരുന്ന വീടിന് തീപിടിച്ച് സാമഗ്രികള് കത്തി നശിച്ചിരുന്നു.
ബെര്ലിനില് ആയിരത്തിലധികം മലയാളികളുടെ കുരിശിന്റെ വഴി ക്രൈസ്തവ വിശ്വാസ പ്രഖ്യാപനമായി
ബെര്ലിന്: ആയിരത്തിലധികം യുവജനങ്ങള് പങ്കെടുത്ത സീറോമലബാര് ക്രമത്തില് നടത്തിയ കുരിശിന്റെ വഴി ജര്മനിയുടെ തലസ്ഥാനമായ ബെര്ലിനിലെ സെന്റ് മത്തിയാസ് സെമിത്തേരിയില് ജര്മനിയിലെ സെന്റ് വിന്സെന്ഷ്യന് സഭയുടെ ആഭിമുഖ്യത്തിലാണ് നടത്തപ്പെട്ടത്.
ക്രൈസ്തവ സഭാ വിശ്വാസത്തിന്റെ നിറതിരികൊളുത്തി ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണകള് പുതുക്കി നടത്തിയ കുരിശിന്റെ വഴിയ്ക്ക് ബെര്ലിനിലെ വിന്സെന്ഷ്യന് സഭയുടെ ധ്യാനകേന്ദ്രത്തിലെ വൈദികരാണ് നേതൃത്വം നല്കിയത്.
മുന്പും വിന്സെന്ഷ്യന് വൈദികര് കുരിശിന്റെ വഴിക്ക് നേതൃത്വം നല്കിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഇത്രയും മലയാളി യുവജനങ്ങള് കുരിശിന്റെ വഴിയില് പങ്കെടുക്കുന്നതെന്ന് ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്കുന്ന ഫാ. ജിജോ വിസി പറഞ്ഞു.
ബെര്ലിന് അതിരൂപതയിലെ ഡിവൈന് മേഴ്സി റിട്രീറ്റ് സെന്റര് 2006ലാണ് നഗര സുവിശേഷവല്ക്കരണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ചത്. ജര്മനിയുടെ വിവിധ ഭാഗങ്ങളില്, പ്രത്യേകിച്ച് ബെര്ലിനില്, ഫാ. ജോസ് വെട്ടിയാങ്കല് വിസിയുടെ നേതൃത്വത്തില് മുമ്പ് നടത്തിയിരുന്ന നിരവധി റിട്രീറ്റുകളുടെ ഫലമാണ് ഈ റിട്രീറ്റ് സെന്റര് തുടങ്ങാന് കാരണമായത്.
ബെര്ലിനില് ഒരു സെന്റര് ആരംഭിക്കാന്, ബെര്ലിന് മുന് ആര്ച്ച്ബിഷപ് കര്ദിനാള് ജോര്ജ് സ്റെറര്സിന്സ്കി പ്രൊവിന്ഷ്യല് സുപ്പീരിയറിന് അനുമതി നല്കുകയും വിന്സെന്ഷ്യന് സഭയുടെ അന്നത്തെ സുപ്പീരിയര് ജനറലായിരുന്ന വര്ഗീസ് പുതുശേരി, ഫാ. ജോസ് വെട്ടിയാങ്കല്, സെന്റ് ജോസഫ് പ്രൊവിന്സ് പ്രൊവിന്ഷ്യല് സുപ്പീരിയര്,
2006 ജൂലൈ മൂന്നിന് ആരംഭിച്ച് ഫാ. ജോര്ജ് വടക്കേക്കരയും ഫാ. തോമസ് ഔസേപ്പറമ്പില്, വര്ഗീസ് ചിറപ്പറമ്പന്, ടോം മുളഞ്ഞനാനി തുടങ്ങിയവരുടെ ശക്തമായ നേതൃത്വത്തില് പ്രവര്ത്തനങ്ങള് നടത്തിയതിന്റെ ഫലമായി ഇപ്പോള് വിന്സെന്ഷ്യന് സഭയും വൈദികരും ജര്മന്കാര്ക്കും വിദേശികള്ക്കും ഏറെ പ്രിയപ്പെട്ടതായി.
എൻഎസ്എസ് യുകെ വിഷു ആഘോഷം ശനിയാഴ്ച
എസക്സ്: നായർ സര്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ശനിയാഴ്ച എസക്സിലെ വുഡ്ബ്രിഡ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായി നടത്തും.
ഉച്ചയ്ക്ക് 12 മുതല് വൈകുന്നേരം ഏഴു വരെയാണ് ആഘോഷങ്ങള് ക്രമീകരിച്ചിരിക്കുന്നത്. വിഷുക്കണി ദർശനവും വിഷുക്കൈനീട്ടത്തിനും ശേഷം പ്രശസ്ത സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും മെഗാസദ്യയും നാടകവും കലാപരിപാടികളും ഉണ്ടായിരിക്കും.
ശ്രീരാഗസുധ കർണാട്ടിക് സംഗീതക്കച്ചേരിയിൽ മഹാകവി ഉള്ളൂരിന്റെ "പ്രേമസംഗീതം'അടക്കം ക്ലാസിക്കൽ സെമി-ക്ലാസിക്കൽ സംഗീത വിരുന്നാവും ആസ്വാദകർക്കായി അവതരിപ്പിക്കുക. രതീഷ് മനോഹരൻ വയലിനും ആർ.എൻ. പ്രകാശ് മൃദംഗവും വായിക്കും.
വിജയകുമാർ പിള്ള എഴുതി സംവിധാനം ചെയ്ത "പ്രഹേളിക'ഏകാങ്ക നാടകവും അരങ്ങേറും. വിഷു ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടക സമിതി കൂട്ടിച്ചേർത്തു.
കൂടുതല് വിവരങ്ങള്ക്ക് - ജെയ് നായര്: 07850268981, മീരാ ശ്രീകുമാര്: 07900358861,
[email protected].
വേദി: Woodbridge High School, St. Barnabas Road, Woodford Green, Essex, IG8 7DQ.
മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ് രൂപതയിലെ എല്ലാ പള്ളികളിലും മണി മുഴക്കി
ബെര്ലിന്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ് രൂപതയിലെ എല്ലാ പള്ളികളിലും വൈകുന്നേരം ആറിന് പത്ത് മിനിറ്റ് നേരം അനുസ്മരണ മണി മുഴക്കി.
ജർമൻ ബിഷപ് കോൺഫറൻസിന്റെ ചെയർമാനായ ലിംബർഗ് ബിഷപ് ജോർജ് ബാറ്റ്സിംഗിന്റെ ആഹ്വാനപ്രകാരമാണ് മണി മുഴക്കിയത്.
മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
പാരിസ്: മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ചു. ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുഃഖാചണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു. അർജന്റീനയിൽ ഒരാഴ്ചത്തെ ദുഃഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും.
മാർപാപ്പയെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ പ്രതീകമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്ന്ന് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിശ്രമത്തിലിരിക്കെയാണ് മാര്പാപ്പയുടെ വിയോഗം.
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയുടെ കുടുംബം വീണ്ടും ആശങ്കയിൽ. തന്നെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന് നീക്കമെന്ന് റഷ്യന് കൂലിപ്പട്ടാളത്തില് അകപ്പെട്ട വടക്കാഞ്ചേരി സ്വദേശി ജെയിന് കുര്യൻ(27) കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
യുദ്ധത്തില് പരിക്കേറ്റ് റഷ്യയിലെ ആശുപത്രിയില് കഴിയുന്ന ജെയിന് കുര്യൻ കേന്ദ്ര - സംസ്ഥാന സര്ക്കാരുകളോടാണ് സഹായാഭ്യര്ഥന നടത്തിയിരിക്കുന്നത്. ജനുവരി ഏഴിന് ഡ്രോണ് ആക്രമണത്തില് ഗുരുതര പരിക്കേറ്റ ജെയിന് മൂന്ന് മാസമായി ആശുപത്രിയിലാണ്.
പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാമ്പിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന് നീക്കം നടക്കുന്നതായി ജെയിന് പറയുന്നു. റഷ്യന് ആര്മിയുമായുള്ള കരാര് ഏപ്രിലില് അവസാനിച്ചെങ്കിലും ജെയിന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാനാണത്രെ നീക്കം.
തന്റെ മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില് ഇടപെടണമെന്നുമാണ് ജെയിനിന്റെ ആവശ്യം.
ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഈസ്റ്റർ ദിനത്തിൽ രാവിലെ മാർപാപ്പ താമസിക്കുന്ന സാന്ത മാർത്ത ഗൗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഇരുവരും പരസ്പരം ഈസ്റ്റർ ആശംസകൾ നേർന്നു. മിനിറ്റുകൾക്കുശേഷം വാൻസ് മടങ്ങി. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയട്രോ പരോളിനുമായി വൈസ് പ്രസിഡന്റ് ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യൻ വംശജ ഭാര്യ ഉഷയ്ക്കും കുട്ടികള്ക്കുമൊപ്പം റോമിലും വത്തിക്കാനിലും ഈസ്റ്റര് അവധി ചെലവഴിക്കാനാണ് വാൻസ് എത്തിയത്.
നേരത്തെ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വാൻസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച; മൂന്ന് മരണം
റോം: ആൽപ്സ്പർവതനിരകളിൽ മഞ്ഞുവീഴ്ചയെ തുടർന്നു മൂന്നുപേർ മരിച്ചു. വടക്കൻ ഇറ്റലിയുടെ ചില ഭാഗങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിനെതുടർന്ന് ആൽപ്സ് പർവതനിരകളിൽ നിന്ന് മഞ്ഞുവീണു.
മഞ്ഞ് വീഴ്ചയെത്തുടർന്ന് സ്കീയിംഗ് ഏരിയകൾ അടച്ചു, ഗതാഗതം നിർത്തലാക്കി. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പോയ രണ്ട് പേരെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുങ്കാറ്റിൽ ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ റോഡുകൾ അടയ്ക്കുകയും ട്രെയിനുകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ആൽപ്സ് പർവതനിരകളിൽ ഏപ്രിലിൽ മഞ്ഞ് വീഴ്ച സാധാരണമാണ്.
വന് താരനിരയുമായി "നിറം 25' ജൂലൈയില് യുകെ വേദികളിലേക്ക്
ലണ്ടൻ: യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില് ആറടിക്കാന് മലയാള സിനിമയിലെയും കലാമേഖലയിലെയും വമ്പന് താരനിര അണിനിരക്കുന്ന "നിറം 25' പ്രോഗ്രാമിന് അരങ്ങൊരുങ്ങുകയാണ്. പരിപാടിയുടെ ടിക്കറ്റ് വില്പ്പനയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി.
ന്യൂപോര്ട്ടിലെ ഡഫിന് ആംസില് വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില് ഏവര്ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്, യുക്മ സൗത്ത് വെസ്റ്റ് റീജിയണ് പ്രസിഡന്റ് സുനില് ജോര്ജ് തുടങ്ങിയവര് സന്നിഹിതരായിരുന്നു.
ന്യൂപോര്ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ. മൈക്കിളിന് ടിക്കറ്റ് നല്കി കൊണ്ട് വിതരണ ഉദ്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരില് ഒരാളായ ജെഗി ജോസഫ് (ഇന്ഫിനിറ്റി മോര്ട്ട്ഗേജ്) അജേഷ് പോള് പൊന്നാരത്തിലിന് ടിക്കറ്റ് നല്കി. യുക്മ വെയില്സ് റീജിയണ് പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി.
യുക്മ നാഷനല് കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിന് ബിനോയ് ശിവനും ടിക്കറ്റ് നല്കി. കെയര് ക്രൂ ഡയറക്ടര് ജെയിംസ് ജോസഫ് ജോഷി തോമസിനും എന്കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില് അനു പീതാംബരനും ടിക്കറ്റ് നല്കി. റിതം ഡയറക്ടര് റിയാന് ജോര്ജ് ഷാജു സ്കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോഓര്ഡിനേറ്റര് സോബന് ജോര്ജ് ഏവര്ക്കും നന്ദി രേഖപ്പെടുത്തി.
മലയാളികളുടെ പ്രീയതാരങ്ങളായ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും പാട്ടുകളുടെ പൂരമൊരുക്കാന് റിമി ടോമിയും നൃത്തച്ചുവടുകളുമായി മാളവിക മേനോനും സംഗീതരാവൊരുക്കാന് സ്റ്റീഫന് ദേവസിയും പിന്നണി ഗായകരായ കൗശിക് വിനോദും ശ്യാമപ്രസാദും അടങ്ങുന്ന വന്താരനിരയാണ് യുകെയിലെത്തുന്നത്.
റിതം ക്രിയേഷന്റെ ബാനറില് ജൂലൈ നാല് മുതല് "നിറം 25' സമ്മര് ലവ് അഫെയര് പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്വഹിക്കുന്നത്.
യുകെയിലെ പ്രമുഖ ഡാന്സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില് ആവേശം തീര്ക്കും.
ജൂലൈ നാല് - ഐസിസി ന്യൂപോര്ട്ട്, ജൂലൈ അഞ്ച് - ബെതേല് കണ്വെന്ഷന് സെന്റര്, ജൂലൈ ആറ് - ലണ്ടന്, ജൂലൈ ഒന്പത് - സ്റ്റോക്ക് ഓണ് ട്രന്റ്, ജൂലൈ 11 - ലെസ്റ്റര് എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്.
യുകെയിലെ പ്രമുഖ മോര്ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്ഫിനിറ്റി മോര്ട്ട്ഗേജും ലോ ആന്ഡ് ലോയേഴ്സും ഡെയ്ലി ഡിലൈറ്റും പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരാണ്.
ഈസ്റ്റർ സന്ദേശം നേർന്ന് യൗസേപ്പ് സ്രാമ്പിക്കൽ
ലണ്ടൻ: ഈസ്റ്റർ സന്ദേശം നേർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ യൗസേപ്പ് സ്രാമ്പിക്കൽ.
സന്ദേശം
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതായുടെ(ഉയിർപ്പ്) പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസഭയുടെ ശിരസാകുന്നു.
ഈ ശിരസിനോട് ഐക്യപ്പെടാനാണു പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ/തിരുസഭയുടെ പ്രസംഗം വ്യർഥമാണ്.
നമ്മുടെ വിശ്വാസവും വ്യർഥം (1 കോറി. 15:14). തിരുസഭയുടെ സുവിശേഷപ്രഘോഷണവിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്.
രക്ഷാകരചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22).
പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർഥിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവം, യൗസേപ്പ് സ്രാമ്പിക്കൽ