ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ദിന ആഘോഷങ്ങളുടെ ഭാഗമായി ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മൊഹ്സിൻ അൽ ഷർയാനി രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിൻ്റ് കൾച്ചറൽ സെക്രട്ടറി രേഷ്മ ഡിക്കോസ്റ്റ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നതെന്ന് ക്യാമ്പിന്റെ മുഖ്യ സംഘാടകനും സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ പറഞ്ഞു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ റിസോഴ്സ് പേഴ്സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതാവിഭാഗം ജോ. കൺവീനർ,
സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ, മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്കുമാർ, മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻ അനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി 102 കേന്ദ്രങ്ങളിൽ 2072 വിദ്യാർഥികൾ 116 അധ്യാപകരുടെ കീഴിൽ പഠനം നടത്തുന്നു.
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർഗോട്ടുകാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.
അബുദാബി കെ എംസിസി കാസർകോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡന്റ് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ, ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് , റാഷിദ് പൂമാടം, അഷറഫ്, ഉമ്പു ഹാജി, ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു.
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാദേർസ് ഡേയോട് അനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹറിൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോഓർഡിനേറ്റർ ലിനീഷ് പി. ആചാരി ആമുഖ പ്രഭാഷണം നടത്തി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. താജുദീൻ കാർഡിയാക് രോഗസംബന്ധമായി ബോധവത്കരണ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ അംഗങ്ങൾ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെക്സാ ക്രിക്കറ്റ് ലീഗ് ഒന്നാം സീസണിന്റെ ജഴ്സി പ്രകാശനം ഷാർജ റഹ്മാനിയ ഡിസി സ്റ്റേഡിയത്തിൽ വച്ച് ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടിയും ചേർന്നു നിർവഹിച്ചു.
പ്രസിഡന്റ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് അജ്മൽ റഷീദ്, ഷിജു കാസിം, സാജിദ്, നിഷാദ്, ഫൈസൽ, അൻവർഷാ, ഫാസിൽ, റോഷൻ, ഷെഫിൻ എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച രാത്രി 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പത്തനംതിട്ട ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ
രക്ഷാധികാരി - സുശീൽ കുമാർ, പ്രസിഡന്റ് - സുനിൽ വലിയാട്ടിൽ, വൈസ് പ്രസിഡന്റുമാർ - നിസാർ പത്തനാപുരം, ഷിബു താഹിർ, സെക്രട്ടറി - ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ - വേലൂരാജൻ, ബക്കർ, ഖജാൻജി - ജലീൽ കല്ലമ്പലം, ജീവകാരുണ്യവിഭാഗം കൺവീനർ - സിയാദ് പള്ളിമുക്ക്.
സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം ,മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ.
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ.
വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാനഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീർ പറഞ്ഞു.
നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും അവസ്ഥ ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഷംഷീർ അബുദാബിയിൽ പറഞ്ഞു.
ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി റിതേഷ് കുമാർ ശർമ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു.
2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.
നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായമേകിയിരുന്നു.
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരുടെ ഭവനം പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.
രഞ്ജിത ഒന്പത് വർഷം ഒമാനിലെ സലാലയിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായിരുന്നു. വിശേഷദിനങ്ങളിലെ സംഘടനയുടെ ചടങ്ങുകളിൽ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങൾ ജനറൽ സെക്രട്ടറി ബിജു ജേക്കബ് ഓർമിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജില്ലാ പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദമാമില് ഇന്ത്യന് കോണ്സുലേറ്റും കേരളത്തില് സൗദി കോണ്സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്ഘകാല ആവശ്യം മുന്നിര്ത്തി ദമാമില് ഇന്ത്യന് കോണ്സുലേറ്റും കേരളത്തില് സൗദി കോണ്സുലേറ്റും തുടങ്ങാന് ശ്രമം നടത്തണമെന്ന് നവയുഗം അൽഹസ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിയാദിലും ജിദ്ദയിലുമുള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യൻ എംബസിയുടെ ഒരു ഓഫീസ് ദമാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
അത് പോലെത്തന്നെ സൗദിയിൽ ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത്, യുഎഇ എംബസിയുള്ളത് പോലെ സൗദി എംബസിയുടെ ഒരു ഓഫീസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.
നവയുഗം അൽഹസ മേഖല സമ്മേളനം അൽഹസ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
സുനിൽ വലിയാട്ടിൽ, വേലൂരാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സമ്മേളത്തിൽ സ്വാഗതം മുരളി പലേരിയും നന്ദി ഉണ്ണി മാധവവും പറഞ്ഞു.
27 അംഗങ്ങൾ അടങ്ങിയ പുതിയ അൽഹസ മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ഇന്ത്യന് വിദ്യാര്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്ഹി: ഇസ്രയേല് - ഇറാന് സംഘര്ഷം തുടരുന്ന സാഹചര്യത്തില് ഇന്ത്യന് വിദ്യാര്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ഡല്ഹിക്ക് തിരിക്കുമെന്നാണ് സൂചന.
അര്മേനിയയില്നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. വിവിധ സര്വകലാശാലകളിലെ ഇന്ത്യന് വിദ്യാർഥികളെ അതിര്ത്തി വഴി അര്മേനിയയിലേക്ക് മാറ്റിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്ഥികള് വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്.
കുടിവെള്ള വിതരണ ഉള്പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും വിദ്യാർഥികള് അറിയിച്ചിരുന്നു.
ഇസ്രയേല് - ഇറാന് സംഘര്ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിർദേശം.
ഒമാന് കടലില് കപ്പലുകള് കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന് കടലില് കപ്പലുകള് കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല് മൈല് അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ തുടരാൻ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു.
കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായിയാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
ഒരു ഉപതെരഞ്ഞെടുപ്പിൽ അന്തർദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടതുസ്ഥാനാർഥി ഉയർത്തിപിടിക്കുന്ന സുതാര്യമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് സെബിൻ ഇക്ബാൽ പറഞ്ഞു.
സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം വെള്ളിയാഴ്ച സീതറാം യെച്ചൂരി നഗറിൽ നടക്കും. അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങ് കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ലോഗോ പ്രകാശനം ചെയ്തു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്ത്, ശംസുദ്ധീൻ, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ് ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കാഴ്ചപ്പാടുകൾ പരിഷ്കരിക്കുക, നേതൃത്വ കഴിവുകൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ജലീബ് അൽ ഷുയൂഖിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോബി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
ഇന്റർനാഷണൽ യോഗ ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായ രൂപേഷ് രവി, പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ അബ്ദുല്ല വടകര എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഫലപ്രദമായ നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും തനിക്കും ചുറ്റിലുള്ളവർക്കും നന്മകൾ ചെയ്തുകൊണ്ട് ജീവിതം ആനന്ദകരമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ലോകത്തേറ്റവും മഹത്തായ സേവനമേഖലയാണ് നഴ്സുമാരുടേതെന്നും അതിന്റെ മഹത്വം മനസിലാക്കി പ്രവർത്തിക്കുന്നവർ അഭിനന്ദനമർഹിക്കുന്നുവെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ ബൈലോ അവതരിപ്പിച്ചു. അതിഥികൾക്ക് ഇന്ഫോക് നേതാക്കൾ മെമെന്റോകൾ നൽകി.
അഹമ്മദി, അമീരി, ഫർവാനിയ, ഹവല്ലി, ജഹ്റ, മുബാറക് അൽ കബീർ, സബ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 80-ലധികം ഇൻഫോക്ക് നേതാക്കൾ സംബന്ധിച്ചു.
ഇൻഫോക്ക് സ്പോർട്സ് കമ്മിറ്റി കോഓർഡിനേറ്റർ ശ്യാം പ്രസാദ് അവതാരകൻ ആയിരുന്നു. വൈകുന്നേരം നാലു മുതൽ രാത്രി ഒന്പത് വരെ നീണ്ടു നിന്ന പരിപാടി ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.
ഇൻഫോക് ട്രഷറർ മൊഹമ്മദ് ഷാ നന്ദി പറഞ്ഞു.
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) വനിതാ വിഭാഗം 2025 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സല്മിയയിലെ ശ്രുതി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി മിനി ഗീവർഗീസ്, മഞ്ജു ഷാജി, രഹനാ നൈസാം, കെജെപിഎസ് കേന്ദ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി ഗീവർഗീസ് (ചെയർപേഴ്സൺ), ഗിരിജ അജയ് (സെക്രട്ടറി), രഞ്ജന ബിനിൽ (ട്രഷറർ), ലിറ്റി അലക്സാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്, ഡയോണിയ ജോയി, രഹിന ഷാനവാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ലിറ്റി അലക്സാണ്ടർ സ്വാഗതവും ഗിരിജ അജയ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ചേർന്ന് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ അവദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവദി എന്നിവരും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറത്തിലെ മുതിർന്ന അംഗങ്ങളും സന്നിഹിതരായിരുന്നു.
നിരവധി ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ രക്തദാനത്തെ ഒരു അഭിമാനപരമായ പാരമ്പര്യമായി തുടരുന്നുണ്ടെന്ന് ഈ പരിപാടി തെളിയിച്ചു.
കുവൈറ്റിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ചേർന്ന് പതിവായി വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
2024ൽ മാത്രം, എംബസിയും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറവും സംഘടിപ്പിച്ച ക്യാമ്പുകൾക്കു പുറമേ, കുവൈറ്റിലെ വിവിധ ഇന്ത്യൻ സംഘടനകൾ സ്വതന്ത്രമായി 50-ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മിറ്റി ഓൺലൈനായി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി മലപ്പുറം കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ ആധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടറി എം.എ. നിസാം, നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ,
ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, റിഹാബ് തൊണ്ടിയിൽ, ഷംസു കുക്കു, വിൽസൺ ബത്തേരി, ബത്താർ വൈക്കം, ഷോബിൻ സണ്ണി, ആന്റോ വാഴപ്പള്ളി, അലൻ ഇടുക്കി, എബി കുര്യക്കോസ്, ബിനു നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഒഐസിസി മലപ്പുറം ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ്(58) അന്തരിച്ചു. കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഹമ്മദ് നാസർ അൽ സയർ(ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
ഭാര്യ: ലീനാ റോയ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്.
സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില് തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ലക്നോ: ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി എയര്ലൈന്സ് വിമാനത്തില് തീ. വിമാനം ലക്നോവില് ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്നിന്ന് തീയും പുകയും കണ്ടത്. ഉടനെ വിമാനത്തില്നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
സൗദി എയര്ലൈന്സിന്റെ എസ്വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്നിന്ന് പുറപ്പെട്ടത്.
രാവിലെ ആറരയോടെ ലക്നോവിലെ വിമാനത്താവളത്തില് ലാന്ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്പ്പെട്ടത്.
ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്ത്തുകയായിരുന്നു. വിമാനത്താവള അധികൃതരെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ലാന്ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കൂടുതല് പരിശോധനകള്ക്കായി മാറ്റി.
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലുള്ള വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു.
എംബസിയുടെ സഹായത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
ദുബായി: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് തുർക്കി അൽ ജസർ എന്ന മാധ്യമപ്രവർത്തകന്റെ ശിക്ഷയാണു ശനിയാഴ്ച നടപ്പാക്കിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.
2018ൽ ജസറിന്റെ വസതിയിൽ റെയ്ഡ് നടത്തുകയും കംപ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ വിചാരണ നടന്നത് എവിടെവച്ചാണെന്നോ എത്രകാലം നീണ്ടുനിന്നുവെന്നോ വ്യക്തമല്ല.
2013 മുതൽ 2015 വരെ ജസർ തന്റെ ബ്ലോഗിലൂടെ അറബ് വസന്തമെന്ന് അറിയപ്പെടുന്ന പ്രതിഷേധ പ്രകടനങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് സമ്മേളനം ഈ മാസം 20ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും പുതിയ നേതൃത്വം നിലവിൽ വന്നു.
അസീസിയ യൂണിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷററായി മുഹമ്മദ് റാഷിക്, മനാഹ് യൂണിറ്റ് പ്രസിഡന്റായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരെ തെരഞ്ഞെടുത്തു.
സിമന്റ് യൂണിറ്റ് പ്രസിഡന്റായി പീറ്റർ, സെക്രട്ടറിയായി ഷംസുദ്ദീൻ, ട്രഷററായി സജൻ, ഫനാർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് മനോജ്, സെക്രട്ടറി ചാക്കോ, ട്രഷറർ ലാലു എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
പുതിയ ഏരിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
യോഗം ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ്, വൈസ് ചെയർമാൻ ശശി കാട്ടൂർ, കൺവീനർ സുധീർ പോരേടം, ജോയിന്റ് കൺവീനർ ചാക്കോ ഇട്ടി, സാമ്പത്തികം കൺവീനർ ലജീഷ് നരിക്കോട്, ജോയിന്റ് കൺവീനർ തൗഫീർ,
സ്റ്റേഷനറി കൺവീനർ അജിത്ത്, ഭക്ഷണം കൺവീനർ സൂരജ്, സ്റ്റേജ് ഡെക്കറേഷൻ ഷമീർ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീൻ,അലി പട്ടാമ്പി, പീറ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ എന്നിവർ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്ത്, മനോജ് ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു,സജാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം.
മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്.
ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്റെ അഗ്നിരക്ഷാസേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപിഎസ്പി) ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ. അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു. എൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
ദുബായി: തിരുവല്ല പായിപ്പാട് പാലയ്ക്കൽ എബെനെസർ വീട്ടിൽ ജോർജ് ജേക്കബിന്റെ മകൻ ജെദുഥൻ ജോർജ് ജേക്കബ്(13) ദുബായിയിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച രണ്ടിനു തിരുവല്ല ക്രിസ്ത്യൻ അസെംമ്പളീസ് ഓഫ് ഗോഡ് കുറ്റപ്പുഴ സഭയുടെ കല്ലിശേരി സെമിത്തേരിയിൽ.
അമ്മ: പ്രെസിൻ ജോർജ് കോഴിക്കോട് നടക്കാവ് മേക്കാടൻ വീട്ടിൽ കുടുംബാംഗം.
വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി കെപിഎ ബഹറിൻ
മനാമ: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ.
മരിച്ചവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
റിയാദ്: അഹമ്മദാബാദ് അപകടത്തിൽ നടുക്കവും മരിച്ചവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി.
രാജ്യം കണ്ട ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായ ഈ ദുരന്തം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
മലയാളി യുവാവ് ദുബായിയിൽ മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയിൽ മരിച്ചു. മാന്നാർ കുട്ടംപേരൂരിൽ മനോജ് ഭവനത്തിൽ മനോൻ മണിയുടെ മകൻ എൻ. മഹേഷ്(34) ആണ് മരിച്ചത്.
കമലയാണ് മാതാവ്. സഹോദരൻ: മനോജ്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
കൊല്ലം പ്രവാസി അസോസിയേഷന് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "ഈദ് ഫെസ്റ്റ് 2025' എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹറനിലെ പ്രമുഖ ടീമുകള് പങ്കെടുത്ത ഒപ്പന മത്സരവും കലാസാംസ്കാരിക വിഭാഗമായ കെപിഎ സൃഷ്ടി അംഗങ്ങള് അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും അരങ്ങേറി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി.
മാധ്യമപ്രവർത്തകൻ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില് ബഹറിൻ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , കെപിഎ രക്ഷാധികാരി കെ ചന്ദ്രബോസ് എന്നിവർ ആശംസകള് നേര്ന്നു. ബഹറനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
കെപിഎ ട്രഷറർ മനോജ് ജമാൽ നന്ദി പറഞ്ഞു. തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹറനിലെ പ്രമുഖ ഒപ്പന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു.
ഓർമകളിൽ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്.
ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂൻസും രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
തുടർന്ന് കെപിഎ സൃഷ്ടി കലാകാരന്മാരുടെ മ്യൂസിക് ഡാന്സ് ഷോയും സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും ഈദ് ഫെസ്റ്റിന് ഉത്സവലഹരി പകർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം, ജോയിൻ കൺവീനർമാരായ രഞ്ജിത്ത് ആർ പിള്ള, ഷഹീൻ മഞ്ഞപ്പാറ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സിംഗേഴ്സ് കൺവീനർ സ്മിതേഷ്,
ഡാൻസ് കൺവീനർ ബിജു ആർ. പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണി കൃഷ്ണൻ, സലിം തയ്യൽ, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, സജീവ് ആയൂർ,
സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനുരുദ്ധൻ, അഹദ് , അലക്സ്, പ്രവാസശ്രീ യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, പ്രദീപ അനിൽ, സുമി ഷമീർ, ശാമില ഇസ്മയിൽ, ഷാനി നിസാർ, നസീമ ഷഫീക്, രമ്യ ഗിരീഷ്, മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദൈവം നമ്മെ കരുതുമ്പോൾ മറ്റുള്ളവരെ കരുതുക എന്നത് നമ്മുടെ കടമയാണ്: മാർത്തോമ്മാ മെത്രാപ്പോലീത്ത
അബുദാബി: ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രശ്നങ്ങളിൽ പതറി പോകാതെ ദൈവത്തോട് ചേർന്ന് നടക്കുമ്പോൾ ദൈവം അതിന് പരിഹാരം ഒരുക്കുകയും അങ്ങനെ ദൈവ കരുതൽ നാം അനുഭവിക്കുമ്പോൾ മറ്റുള്ളവരെ കരുതുവാനുള്ള കടമ നമുക്കുണ്ടെന്ന് മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
ആഗോള വൈഎംസിഎയുടെ 181 സ്ഥാപക ദിനവും അബുദാബി വൈഎംസിഎയുടെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടന്ന സമ്മേളനത്തിനു പ്രസിഡന്റ് പ്രിൻസ് പുന്നൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. ഗീവർഗീസ് മാത്യു, റവ. ജിജോ സി. ദാനിയേൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ.ഫാ. മാത്യു ജോൺ, ഷാജി എബ്രഹാം, പാസ്റ്റർ ഡോ. അലക്സ് ജോൺ, ഷിജിൻ പാപ്പച്ചൻ, എബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.
10 ,12 ക്ലാസ്സുകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അബുദാബി മാർത്തോമ്മാ യുവജന സഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പ്രവീൺ കുര്യൻ, അലക്സ് കോശി, പ്രിയ പ്രിൻസ്, ജിനേഷ് ചെറിയാൻ, മാത്യു തോമസ്, ഷിബുകുട്ടി, റോജൻ സാം, സന്ദീപ് ജോർജ്, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.
കുവെെറ്റിൽ പ്രവാസികൾക്ക് വിദേശത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് വേണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകും മുമ്പ് എക്സിറ്റ് പെർമിറ്റുകൾ(അനുമതി പത്രം) നേടിയിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
സ്പോൺസർമാരാണ് അനുമതി പത്രം നൽകേണ്ടത്. പബ്ലിക് അതോറിറ്റി തയാറാക്കിയ നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ ഇലട്രോണിക്കലായി അനുമതി പത്രം ലഭിക്കും. ജൂലൈ ഒന്ന് മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
തെന്നല ബാലകൃഷ്ണപിള്ള ആത്മാർഥതയുടെ ആൾരൂപം: ഇൻകാസ് അബുദാബി
അബുദാബി: മുതിർന്ന കോണ്ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ ഇൻകാസ് അബുദാബി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
തെന്നല ബാലകൃഷ്ണപിള്ളയുടെ ആത്മാർഥതയുടെ ആൾരൂപമാണെന്നും രാഷ്ട്രീയത്തിൽ അന്യം നിന്നുപോകുന്ന നിസ്വാർഥ സേവന സന്നദ്ധരായ ഒരു തലമുറയുടെ അവസാന കണ്ണികളിലൊന്നാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇൻകാസ് അബുദാബി സംസ്ഥാന പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്. സ്വാഗതം ആശംസിച്ചു. ട്രഷറർ സാബു അഗസ്റ്റിൻ അനുസ്മരണപ്രഭാഷണം നടത്തി സെക്രട്ടറി അനുപ ബാനർജി നന്ദി പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സമാജം വൈസ്പ്രസിഡന്റുമായ ടി.എം. നിസാർ, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ സയീദ് മുണ്ടയാട്, എ.സി. അലി, മുഹമ്മദ് അലി, അമീർ കല്ലമ്പലം, ബിനു ബാനർജി, അനീഷ് മോൻ, അനിൽകുമാർ, അനീഷ് ബാലകൃഷ്ണൻ, സൈജു പിള്ള എന്നിവരും
ജില്ലാ ഭാരവാഹികളായ ഷാജികുമാർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ ഫെർണാണ്ടസ്, രജീഷ് കോടോത്ത്, സിനു ജോൺ, എ.ടി. റിയാസ്, ഷഫീക്ക് എന്നിവരും തെന്നലയെ അനുസ്മരിച്ചു.
അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി
റിയാദ്: ഈദ് ദിനത്തിൽ അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു.
വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി.
40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും ഫല വൃക്ഷങ്ങളാലും മലകളാലും ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.
ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവർത്തകരും നഴ്സിംഗ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും അടക്കം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര.
യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. 16 പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
അബുദാബി മലയാളീസ് സംഘടിപ്പിച്ച കുട്ടിപ്പട്ടാളം വിജയകരമായി
മുസഫ: അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ സാമൂഹിക സാംസ്കാരിക സംഗമമായ അബുദാബി മലയാളീസ് സംഘടിപ്പിച്ച "കുട്ടിപ്പട്ടാളം' ഒന്നാം സീസൺ വിജയകരമായി.
കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയ ഈ വേദിയിൽ, മൂന്ന് പ്രായ വിഭാഗങ്ങളിലായി 100ൽ പരം കുട്ടികൾ പങ്കെടുത്തു.
എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുകയും വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകുകയും ചെയ്തു.
ഇസ്ലാമിക് സെന്റർ അക്ഷരപ്പെരുന്നാൾ സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം ബലി പെരുന്നാളിനോട് അനുബന്ധിച്ച് "അക്ഷരപ്പെരുന്നാൾ' എന്ന തലക്കെട്ടിൽ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു. ഐഐസി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷ വഹിച്ചു.
ട്രഷറര് നസീർ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രമുഖ കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസിനോട് സംവദിച്ചു. യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങിൽ അനുമോദിച്ചു.
സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസലാം, വൈസ് പ്രസിഡന്റ് കോയ തിരുവത്ര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബുഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂർക്കര, സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട്, ജാഫർ കുറ്റിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവമായ ജുബൈർ വെള്ളാടത്ത് മോഡറേറ്ററായിരുന്നു.
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷതെെകൾ വച്ചും ബോധവത്കരണ ക്ലാസ് നടത്തിയും പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കൈരളി ഓഫീസിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു.
കൈരളി ഫുജൈറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘം
അബുദാബി: ദിവ്യ സംഗീതത്തിന്റെ അഞ്ച് ദശാംശങ്ങൾ പിന്നിടുന്ന അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഗായകസംഘത്തിന്റെ ഗാനാലാപനം ഒരു പ്രകടനം അല്ല പ്രത്യുത ഒരു പ്രാർഥനയും ആരാധനയുടെ ഭാഗവുമാണ്. സംഗീതം ആത്മാവിന്റെ ഭാഷയാണ് സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണ് എന്നും മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റവ. ജിജോ സി. ഡാനിയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഗീവർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുവർണ ജൂബിലി പ്രവർത്തകസമിതി ജനറൽ കൺവീനർ റിനോഷ് മാത്യു വർഗീസ് സുവർണ ജൂബിലി പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു.
ക്വയർ മാസ്റ്റർ ഫിലിപ് കെ. മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ നോയൽ ജി. ഡാനിയൽ കൃതജ്ഞതയും പറഞ്ഞു. റവ. ചാക്കോ പി.ഷിജു ജോർജ് പ്രാരംഭ പ്രാർഥനയും ക്നാനായ ഇടവക വികാരി ഫാ. സിജോ എബ്രഹാം സമാപന പ്രാർഥനയും നടത്തി.
ഇടവക ഗായക സംഘ അംഗം ബിജു ഫിലിപ്പ് രചന നിർവഹിച്ച് തോമസ് ജി. കൈതയിൽ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.
നവയുഗം ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമാം സിറ്റി മേഖല സമ്മേളനത്തിൽ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 31 അംഗ ദമാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം തമ്പാൻ നടരാജന്റെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്റ്), സംഗീത സന്തോഷ്, സാബു വർക്കല (വൈസ് പ്രസിഡന്റുമാർ), ഗോപകുമാർ അമ്പലപ്പുഴ (സെക്രട്ടറി), ജാബിർ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് റിയാസ് (ട്രെഷറർ), അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ ദമാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൃന്ദ എസ്. രാജേഷിന് സഹായമേകി കേളി
റിയാദ്: രണ്ടാമത് ഇന്ത്യ - തായ്ലൻഡ് റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്റ് വൃന്ദ എസ്. രാജേഷിന് കേളി കലാസാംസ്കാരിക വേദി യാത്രയ്ക്ക് ആവശ്യമായ തുക കൈമാറി.
2024ൽ നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും ഈ വർഷം ജമ്മുകാഷ്മീരിൽ നടന്ന നാഷണൽ ഐസ് സ്റ്റോക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത വൃന്ദ 2025ൽ സ്റ്റേറ്റ് എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം ഗോവയിൽ നടന്ന നാഷണൽ റൈഫിൽ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഈ മത്സരം തായ്ലൻഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും യാത്രയ്ക്കും മറ്റും ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഎം സംസ്ഥാന കമ്മിറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ കൈമാറി.
കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അശരണർക്ക് നൽകിവരുന്ന ഹൃദയപൂർവം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തുപറഞ്ഞു.
ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, കെ.ആർ. മധുസൂദനൻ, കിരൺ ദേവ്, ബാലസംഘം ഏരിയ കോഓർഡിനേറ്റർ ഗോപി വയനാട്, ജില്ലാ പ്രസിഡന്റ് അമൽ ഗിരീഷ്,
ബാലസംഘം ഏരിയ സെക്രട്ടറി മഹിമ, ഏരിയ പ്രസിഡന്റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്നേഷ്, മരുതുംകുഴി സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയാറാവുക: ഉമർ ഫൈസി
ദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിന്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്.
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്തിലും നന്മയുടെ വെളിച്ചം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
പ്രാരംഭ പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഒവിബിഎസ് സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും സൺഡേ സ്കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി.
ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഒവിബിഎസ് ഡയറക്ടർ റവ. ഫാ. സിബി മാത്യു വർഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ പ്രസംഗിച്ചു.
ഒവിബിഎസ് 2025 സോംഗ് ബുക്കിന്റെ പ്രകാശനം ഇടവക സെക്രട്ടറി ജേക്കബ് റോയിക്ക് നൽകി കൊണ്ട് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
"നടപ്പിൽ നിർമ്മലരായിരിപ്പിൻ' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ 550-ഓളം കുട്ടികളെയും 110 അധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട് എൻഇസികെ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഈ മാസം13ന് സമാപിക്കും.
അന്നേദിവസം കുട്ടികളുടെ വർണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.
വിമാനത്തിൽ പിന്നീട് നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
ദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപിയാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം.
സംസ്കാരം പിന്നീട്. ദുബായിയിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞാഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഞായറാഴ്ച ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം.
ദുബായിയിലേക്കു ഉടൻ മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
ദുബായിയിൽ സ്കൂബാ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
ദുബായി: തൃശൂർ വേലൂർ സ്വദേശി സ്കൂബാ ഡൈവിംഗിനിടെ ദുബായിയിൽ മരിച്ചു. നടുവിലങ്ങാടി ഐസക്(29) ആണ് മരിച്ചത്. ജുമേരാ ബീച്ചിലാണു സംഭവം. ഡൈവിംഗിനിടെ ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്നാണ് വിവരം.
സഹോദരൻ ഐവിൻ, ഐസക്കിന്റെ ഭാര്യ രേഷ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിംഗിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഐവിൻ ചികിത്സയിലാണ്. നടുവിലങ്ങാടി പോൾ - ഷീജ ദന്പതികളുടെ മകനാണ് ഐസക്.
ദുബായിയിലെ കന്പനിയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ രേഷ്മയും എൻജിനിയറാണ്. പെരുന്നാൾ അവധി ആഘോഷത്തിന്റെ ഭാഗമായാണ് ബീച്ചിൽ സ്കൂബാ ഡൈവിംഗിനെത്തിയത്.
ഡൈവിംഗിനു മുന്പ് മൂവർക്കും സ്വിമ്മിംഗ് പൂളിൽ പരിശീലനം നൽകിയിരുന്നതായി പറയുന്നു. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.
ദുബായിയില് ഷോറൂം തുറന്ന് അലന് സോളി
ദുബായി: സ്മാര്ട്ട് കാഷ്വല് ബ്രാന്ഡായ അലന് സോളി തങ്ങളുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായില് പുതിയ ഷോറൂം ആരംഭിച്ചു.
ദുബായി ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയിലാണ് 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം സ്ഥിതിചെയ്യുന്നത്.
ആദിത്യ ബിര്ള ലൈഫ്സ്റ്റൈൽ ബ്രാന്ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ് സില്ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ് സില്ക്സ് ഡയറക്ടര് മഹേഷ് പട്ടാഭിരാമന് എന്നിവര് ചേര്ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
റിയാദ്: ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 18 ലക്ഷം വിശ്വാസികളാണ് അറഫയിൽ സംഗമിച്ചത്.
മിനായിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് അറഫാ മൈതാനം. അറഫയിൽ പ്രാർഥന പൂർത്തിയാക്കി വിശ്വാസികൾ ഇന്നു പുലർച്ചെ മിനായിലെത്തും.
ഇന്ത്യയിൽനിന്ന് 1.22 ലക്ഷം പേരാണ് ഹജ്ജ് കർമത്തിനെത്തിയിരിക്കുന്നത്.
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാർത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാർത്തോമ ഇടവക ഗായകസംഘം സുവർണ ജൂബിലി നിറവിൽ.
ഗായകസംഘത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്ക് ശേഷം മുസ്സഫ ദേവാലയത്തിൽ തുടക്കം കുറിക്കുന്നു.
മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവഹിക്കും. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. ബിജോ എ തോമസ് ആശംസ സന്ദേശം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലിന കർമ്മ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മിഷൻ ഫീൽഡ് സപ്പോർട്ട് എന്നിവയാണ് പ്രധാന പദ്ധതികൾ.
അശരണരേയും ആലംബഹീനരെയും ഹൃദയത്തോട് ചേർത്തു നിർത്തിയ ക്രിസ്തുവിന്റെ കനിവിന്റെ കരങ്ങളാകുവാൻ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കൽ സംഗമം, ഈസ്റ്റർ കരോൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
റവ. ജിജോ സി. ഡാനിയേൽ (പ്രസിഡന്റ്), റവ. ബിജോ എ. തോമസ് (വൈസ് പ്രസിഡന്റ്), റിനോഷ് മാത്യു വർഗീസ് (ജനറൽ കൺവീനർ), റോയ് ജോർജ് (പ്രോജക്ട് ), സുനിൽ തോമസ് (ഫിനാൻസ്), നോയൽ ജി. ഡാനിയൽ (പ്രോഗ്രാം), സിജി ജോർജ് (പബ്ലിസിറ്റി), ഷൈല മനോജ് (റിസപ്ഷൻ),
ജെനി ജോൺ (പ്രയർ സെൽ), ഏബൽ ബിജു മാത്യു (സെക്രട്ടറി), പ്രിൻസി ചാൾസ് (ലേഡീസ് സെക്രട്ടറി), ഫിലിപ് കെ. മാത്യു (ക്വയർ മാസ്റ്റർ), സച്ചിൻ ഇട്ടി കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ), അജിൻ സാം കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ) എന്നിവരെ അടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സിന്.
ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിംഗ്സും ഒപ്പുവച്ചു.
ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.
നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റെെൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജീകരിച്ചിട്ടുണ്ട്.
അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.
ഇതോടൊപ്പം, എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിംഗ്, ഫിസിയോതെറാപ്പി, പുനരധിവാസം, ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു
നിലവിൽ അഡ്നോക്കിന്റെ അൽ ദഫ്റയിലുള്ള അൽ ദന ആശുപത്രി ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ.