ആസാമിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി; രണ്ടുപേർ അറസ്റ്റിൽ
Thursday, September 18, 2025 6:12 PM IST
ഗോഹട്ടി: ആസാമിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി. പെൺകുട്ടിയുടെ പരാതിയിന്മേൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോഹട്ടയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള പാനിഖൈതിയിൽ സെപ്റ്റംബർ 13 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയതെന്നും ഉടൻ തന്നെ കേസെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) അമിതാഭ് ബസുമാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിൽ, 13-ാം തീയതി രാത്രി ഒരു പെൺകുട്ടിയും മണിപ്പൂർ സ്വദേശികളായ അഞ്ച് ആൺകുട്ടികളും ഒരു പാർട്ടി നടത്തിയതായി കണ്ടെത്തി. തുടർന്ന് തന്റെ മുറിയിലേക്ക് പോയ ഇവർ മദ്യലഹരിയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ, സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി ഇവർ മനസിലാക്കി.-ബസുമാത്രി പറഞ്ഞു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ അവരെ കാംരൂപ് മെട്രോയിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തുവെന്നും ഡിസിപി പറഞ്ഞു.
അഞ്ച് വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തു. ത്രിപുര സ്വദേശിനിയാണ് പെൺകുട്ടി.