ഡാർവിൻ പള്ളിയിൽ കൈക്കാരമാർ ചാർജ് എടുത്തു
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 2025 - 2026 വർഷത്തെ കൈക്കാരന്മാരായി ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചാർജ് എടുത്തു.
വികാരി റവ.ഡോ. ജോൺ പുതുവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ കൈക്കാരന്മാരായ ജോൺ ചാക്കോ, സാൻജോ സേവിയർ, റിൻസി ബിജോ എന്നിവർ പുതിയ കൈക്കാരന്മാർക്ക് ചാർജ് കൈമാറി.
ഓസ്ട്രേലിയൻ മലയാളിയുടെ ഓണപ്പാട്ട് "തുമ്പി തുള്ളൽ' പുറത്തിറങ്ങി
ബ്രിസ്ബെയ്ൻ: ഓണനാളുകളിൽ മലയാളികൾക്ക് വേറിട്ട സംഗീതാനുഭവം നൽകാൻ ഓസ്ട്രേലിയൻ മലയാളിയും നിർമാതാവുമായ ഷിബു പോളിന്റെ "തുമ്പി തുള്ളൽ' എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി.
സന്ധ്യ ഗിരീഷ് പാടി വരികൾ എഴുതിയ ഈ ആൽബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോർഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.
നിഖിൽ റോയ്, ശ്രീജു എന്നിവരാണ് കാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിർവഹിച്ചു. ഡെസിബെൽ ഓഡിയോ ഫാക്ടറി, പെന്റാ സ്പേസ് ഏരവിപേരൂർ, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലായാണ് റിക്കാർഡിംഗ് നടന്നത്.
ഡിസൈനുകൾ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈൻസ് ആണ്. സംഗീതലക്ഷ്മി കോഓർഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്സുമായി പ്രവർത്തിച്ചു. മനോരമ മ്യൂസിക് ആണ് ആൽബം പുറത്തിറക്കിയത്.
ഗാനം യൂട്യൂബിൽ കാണാൻ:
ഓസ്ട്രേലിയയിൽ വെടിവയ്പ്; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.
മെൽബണിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള പോർപങ്കാ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തെരച്ചിൽ നടത്താൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണു വെടിവയ്പുണ്ടായത്.
കുറ്റകൃത്യം നടത്തിയശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
ജിജേഷ് പുത്തൻവീട് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ ദേശീയ പ്രസിഡന്റ്
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ദേശീയ പ്രസിഡന്റായി ജിജേഷ് പുത്തൻവീടിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡന്റ് മനോജ് ഷിയോറൻ അറിയിച്ചു.
ഐഒസിയുടെ മൂല്യങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിക്കുന്നതിനും കോൺഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾക്കും ദർശനങ്ങൾക്കും അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്നതാൻ ജിജേഷിന് കഴിയട്ടെയെന്നും മനോജ് ഷിയോറൻ ആശംസിച്ചു.
അഡ്വ. തോംസൺ കൊട്ടാരത്തറ മെൽബണിൽ അന്തരിച്ചു
മെൽബൺ: തുടങ്ങനാട് കൊട്ടാരത്തറ(കടുകന്മാക്കൽ) പരേതനായ ടി. എ. തോമസിന്റെ മകൻ അഡ്വ. തോംസൺ കൊട്ടാരത്തറ (സണ്ണി-72) മെൽബണിൽ അന്തരിച്ചു. സംസ്കാരം പിന്നീട് മെൽബണിൽ.
അമ്മ പരേതയായ ഏലിക്കുട്ടി. ഭാര്യ അഡ്വ. മെറ്റി ജോസഫ് കൊച്ചിക്കുന്നേൽ കുടുംബാംഗം. മകൾ : അഡ്വ. നിക്കി തോംസൺ (ഓസ്ട്രേലിയ).
സഹോദരങ്ങൾ: ഡോ. വത്സ ഡാനിയേൽ മുളമൂട്ടിൽ, ലൂസി ജോൺ തലച്ചിറ, ജോസ് തോമസ് (സിഎ, കോട്ടയം), ചാൾസ് കെ. തോമസ് തൊടുപുഴ.
സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച
ഒഹായോ: സെന്റ് മേരീസ് സീറോമലബാര് കത്തോലിക്ക മിഷന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ഈ വർഷം പത്താം വാർഷികത്തിലേക്ക് കടക്കുന്നു. മത്സരങ്ങൾ ശനിയാഴ്ച ഡബ്ലിൻ (ഒഹായോ, യുഎസ്എ) എമറാൾഡ് ഫീൽഡിൽ നടക്കും.
മിഷന് പുറത്തുള്ള ടീമുകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുക്കും. ജൂലൈ 19ന് നടന്ന സിഎൻസി ഇന്റേണൽ മത്സരത്തിൽ ബിമൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഡൈനാമൈറ്റ്സ് ടീം വിജയികളായി.
പ്രധാന സ്പോൺസർമാരായി എബ്രഹാം ഈപ്പൻ - റിലേറ്റർ, ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് - റിലേറ്റർ, ബിരിയാണി കോർണർ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.
പങ്കെടുക്കുന്ന ടീമുകൾ:
1 എസ്എം യുണെെറ്റഡ് 1 & എസ്എം യുണെെറ്റഡ് 2 (സെന്റ് മേരീസ് സീറോമലബാര് മിഷൻ, കൊളംബസ്)
2. ഒഎംസിസി (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ)
3. സെന്റ് ചാവറ ടസ്കേഴ്സ് (സിൻസിനാറ്റി)
4. റിവൈവ് ടീം
5. ഡേയ്ടൺ 8എസ് സിസി (ഡേറ്റൻ മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ്പ്)
അവാർഡുകൾ: വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കും. കൂടാതെ പ്ലെയർ ഓഫ് ദ മാച്ച്, പ്ലെയർ ഓഫ് ദ സീരീസ്, മികച്ച ഫീൽഡർ പുരസ്കാരങ്ങളും നൽകും.
മത്സരം: ആറ് ടീമുകൾ തമ്മിൽ റൗണ്ട്-റോബിൻ ലീഗ് രീതിയിൽ മത്സരങ്ങൾ നടക്കും. തുടർന്ന് സെമിഫൈനലുകളും ഫൈനലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: St. Mary’s Syro Malabar Catholic Mission, Columbus, Ohio.
ലിസി ഫിന്നി അന്തരിച്ചു
വടവാത്തൂർ: ശാലേം ബൈബിൾ കോളജ് സെമിനാരി പ്രിൻസിപ്പൾ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ ഭാര്യയും വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ സിസ്റ്റർ ലിസി ഫിന്നി(56) അന്തരിച്ചു.
റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം. മകൾ: അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ: പുത്തൻകുരിശ് ചിറ്റേടത്ത് റോജൻ സി. റോയ്.
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവാത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ.
കാർലോ അക്കുത്തിസിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മാർ റാഫേൽ തട്ടിൽ നിർവഹിച്ചു
മെൽബണ്: സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാർലോ അക്കുത്തിസിനെ കുറിച്ച് റവ. ഡോ. ജോണ് പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ നിർവഹിച്ചു.
ഡോ. ജോ തോമസിന് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. റവ.ഡോ. ജോണ് പുതുവ, ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ സന്നിഹിതരായി.
കാർലോ അക്കൂത്തിസിനെ കുറിച്ചുള്ള റവ.ഡോ. ജോണ് പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിൽ ഭാഷയിൽ ലഭ്യമായിരിക്കുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് വയനാട് സ്വദേശി
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി ജോൺ ജെയിംസ്. ഇന്ത്യക്കെതിരായണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലാണ് ജോൺ ജെയിംസ് ഇടംപിടിച്ചത്. വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോൺ.
ഇവർ വയനാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ്. സിഡ്നി - ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തിവരുന്ന ചിട്ടയായ പരിശീലനമാണ് ടീമിൽ ഇടംനേടാൻ സഹായിച്ചത്.
അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരേ നേടിയ 94, ക്വീൻസ്ലാൻഡിനെതിരേ നേടിയ നാലു വിക്കറ്റ് നേട്ടം തുടങ്ങിയ ഓൾറൗണ്ട് പ്രകടനങ്ങളാണ് താരത്തിന് തുണയായത്.
മക്വാരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ സ്പോർട്സ് സയൻസ് വിദ്യാർഥിയാണ്. ന്യൂസൗത്ത് വെയിൽസ് സംസ്ഥാനത്തെ മികച്ച ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025-26 വർഷത്തെ ബേസിൽ സെല്ലേഴ്സ് സ്കോളർഷിപ് നേടിയിരുന്നു ജോൺ.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
2026 ജനുവരിയിൽ സിംബാബ്വേയിലും നമീബിയയിലും നടക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര. ജോൺ ജെയിംസിനൊപ്പം ഇന്ത്യൻ വംശജരായ മറ്റു രണ്ട് കളിക്കാർ കൂടി ഓസ്ട്രേലിയൻ ടീമിലുണ്ട്.
വിക്ടോറിയയിൽ നിന്നുള്ള ആര്യൻ ശർമയും ന്യൂസൗത്ത് വെയിൽസിൽ നിന്നുള്ള യാഷ് ദേശ്മുഖുമാണ് ടീമിലിടം നേടിയത്. ഓസ്ട്രേലിയൻ സീനിയർ ടീം മുൻ കോച്ച് ടിം നീൽസണാണ് സ്ക്വാഡിന്റെ ഹെഡ് കോച്ച്.
അണ്ടർ 19 ടീമിൽ സ്ഥാനം പിടിക്കുക എന്നതാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. ഇന്ത്യൻ യുവ താരമായ യശ്വസി ജയ്സ്വാളിനെ ആരാധിക്കുന്ന ജോണിന് ഐപിഎൽ കളിക്കുകയെന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
മലയാളി ക്രിക്കറ്റ് ക്ലബായ കൈരളി തണ്ടേഴ്സ് പെന്റിത്തിനു വേണ്ടി കളിച്ചിട്ടുള്ള ജോണിന്റെ വിജയങ്ങൾ മലയാളി സമൂഹത്തിനും ഇന്ത്യൻ വംശജർക്കും അഭിമാനകരമാണ്.
മുൻ എംഎൽഎയും വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സണും കെ.സി. റോസക്കുട്ടിയുടെ അനന്തരവനാണ് ജോൺ ജെയിംസ്.
ആലിസ് സ്പ്രിംഗ്സ് സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
ആലിസ് സ്പ്രിംഗ്സ്: സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വി. തോമശ്ലീഹയുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ഓഗസ്റ്റ് 8,9,10 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മരിച്ചുപോയ വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാനയും ഓപ്പീസും. ശനിയാഴ്ച വൈകുന്നേരം 3.15ന് ഡാർവിൻ രൂപത വികാരി ജനറൽ റവ. ഫാ. പ്രകാശ് മെനെസിസ് എസ്വിഡി കോടിയേറ്റും.
റവ.ഡോ. ജോൺ പുതുവ വി. കുർബാനയർപ്പിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികാഘോഷങ്ങൾ മന്ത്രി ജോഷ്വാ ബെർഗോയിൻ ഉദ്ഘടനം ചെയ്യും. വിവിധ കലാപരിപാടികളോടൊപ്പം ഇടവകാഗം എൽസി ജോൺ രചനയും സംവിധാനവും നിർവഹിച്ച "യൂദായിലെ ദൈവപുരുഷൻ' ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30ന് ഡാർവിൻ കത്തിഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പണ്ടിയപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന്, കോടിയിറക്കൽ എന്നിവ നടക്കും.
ഫാ. ജോൺ പുതുവ, കെ.എസ്. ഷിജു, എബിൻ ജോൺ, മേജിറ്റു ചമ്പക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഓസ്ട്രേലിയന് മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം. മുകുന്ദന് പ്രകാശിപ്പിച്ചു
കാൻബറ: ഓസ്ട്രേലിയ, ന്യൂസിലന്ഡ്, ഓഷ്യാനിയ രാജ്യങ്ങളിലെ മലയാളികള്ക്കായി സിഡ്നി ആസ്ഥാനമായി 15 വര്ഷമായി പ്രസിദ്ധീകരിച്ചു വരുന്ന മലയാളീപത്രം പുതിയ മാനേജ്മെന്റിനു കീഴില് നവീകരിച്ച ഇ-പതിപ്പ് www.malayaleepathrm.com.au പ്രകാശനം ചെയ്തു.
പ്രശസ്ത എഴുത്തുകാരന് എം. മുകുന്ദനാണ് തൃശൂരില് നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ചത്. www.malayaleepathram.com എന്ന യുആര്എല്ലിലും ലഭ്യമാക്കിയിരിക്കുന്ന നവീകരിച്ച പതിപ്പ് പുതിയ രൂപകല്പ്പനയിലും സമൃദ്ധമായ ഉള്ളടക്കത്തിലും സമ്പന്നമാണെന്ന് ചീഫ് എഡിറ്റര് ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികള്ക്ക് താത്പര്യമുള്ള വിഷയങ്ങള്ക്കൊപ്പം വനിത, വാഹനം, യാത്ര, കൃഷി, സര്ഗസൃഷ്ടികള്, ആഹാരം, സിനിമ, വൈവാഹികം തുടങ്ങിയ വിഭാഗങ്ങളും നവീകരിച്ച പതിപ്പിന്റെ ഭാഗമാണെന്ന് ക്രിയേറ്റീവ് എഡിറ്റര് അസ്ലം ബഷീര് അറിയിച്ചു.
ജൂണ് 12ന് കേരള നിയമസഭാ സ്പീക്കര് പ്രതീകാത്മക പ്രകാശനം നിര്വഹിച്ച മലയാളീപത്രത്തിന്റെ പൂര്ണതോതിലുള്ള ഇ-പതിപ്പാണ് ഈ യുആര്എല്ലുകളില് ലഭ്യമാക്കിയിരിക്കുന്നത്.
വൈകാതെ പത്രത്തിന്റെ ഭാഗമായി യുട്യൂബ് ചാനലും തയാറാകുമെന്നും വാര്ത്താക്കുറിപ്പില് അറിയിച്ചു.
കൂടുതൽ വിവരങ്ങള്ക്ക്:
[email protected] മലയാളി നഴ്സ് ന്യൂസിലൻഡിൽ അന്തരിച്ചു
ഓക്ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്ന്ന് ന്യൂസിലൻഡിൽ അന്തരിച്ചു. എറണാകുളം അങ്കമാലി സ്വദേശി സോണി വർഗീസ്(31) ആണ് മരിച്ചത്. മലയാറ്റൂർ പറപ്പിള്ളി കുടുംബാംഗമാണ്.
ഭർത്താവ്: അങ്കമാലി കൊരട്ടി സ്വദേശി റോഷൻ ആന്റണി. മകൻ: ഒന്നര വയസുകാരനായ ആദം റോഷൻ. രണ്ടുവർഷം മുമ്പാണ് ഭർത്താവിനൊപ്പം സോണി ന്യൂസിലൻഡിലെത്തിയത്.
പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ രോഗം തിരിച്ചറിഞ്ഞത്. ഹൃദയം മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു സോണിയും കുടുംബവും.
സോണിയുടെ നിര്യാണത്തിൽ ഓക്ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ന്യൂസിലൻഡിൽ നടക്കും.
ബ്രിസ്ബെണിൽ കരിംങ്കുന്നം സംഗമം അവിസ്മരണീയമായി
ബ്രിസ്ബെൺ: കരിംങ്കുന്നം പ്രദേശത്തു നിന്നും ഓസ്ട്രേലിയയിലെ ബ്രിസ്ബണിലേക്ക് കുടിയേറിയ കരിംങ്കുന്നംകാർ അക്കേഷ്യറിഡ്ജിലെ വെെഎംസിഎ കമ്യൂണിറ്റി സെന്ററിൽവച്ച് നടത്തിയ സംഗമം അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സമാപിച്ചു.
നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചു കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. കോഓർഡിനേറ്റർ സ്റ്റെബി ചെറിയാക്കൽ അധ്യഷത വഹിച്ച യോഗത്തിൽ ജോൺ മാവേലിപുത്തൻപുര, റോണി പച്ചിക്കര, ബിന്ദു കുരിയത്തറ എന്നിവർ സംസാരിച്ചു.
സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം പുതിയ തലമുറയിലേക്ക് നാടിന്റെ നന്മകൾ പകർന്ന് നല്കാനും ഇത്തരം സംഗമത്തിലൂടെ സാധിക്കുമെന്ന് സ്റ്റെബി ചെറിയാക്കൽ അധ്യഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഡിസ്മി ചുക്കുംകല്ലേൽ, അലോഷി ചെറുകര, ബിനിൽ മുളയിങ്കൽ, റോബിൻ കുഴിപ്പറമ്പിൽ,ബിനു ആലപ്പാട്ട്, എബീസൺ മാവേലിപുത്തൻപുര, അജിഷ് അമ്പലക്കുന്നേൽ, പിപ്സ് വേലിക്കെട്ടേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
നൃത്തവും പാട്ടും ഗെയിംസും ഏകോപിപ്പിച്ചത് അനിഷകൊച്ചുപുരക്കൽ, അനു പുത്തൻപുര, കവിത തുളുവനാനിക്കൽ, കൃപ സൈജു നടുപറമ്പിൽ എന്നിവരാണ്. സംഗമത്തിൽ പങ്കെടുത്തവർക്കും പരിപാടികൾക്ക് നേതൃത്വം നല്കിയവർക്കും റോണി പച്ചിക്കര നന്ദി പറഞ്ഞു.
അടുത്ത വർഷത്തേക്കുള്ള കോഓർഡിനേറ്റേഴ്സായി റോണി പച്ചിക്കര, ബിനു ആലപ്പാട്ട്, അലോഷ്യസ് ചെറുകര, റോബിൻ കുഴിപറമ്പിൽ, സോളി ബിനിൽ മുളയിങ്കൽ എന്നിവരെ തെരഞ്ഞെടുത്തു.
എയർ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ
വെല്ലിംഗ്ടൺ: എയർ ന്യൂസിലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെ നിയമിച്ചു. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറാണ്. ഗ്രെഗ് ഫോറാന്റെ പിൻഗാമിയായി ഒക്ടോബർ 20ന് നിഖിൽ സ്ഥാനമേറ്റെടുക്കും.
അഞ്ചു വർഷമായി ന്യൂസിലൻഡ് എയർലൈനിൽ സേവനം ചെയ്യുന്ന നിഖിൽ രവിശങ്കർ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ സേവനങ്ങൾ, ലോയൽറ്റി സംവിധാനങ്ങൾ എന്നിവയുടെ ആധുനികവത്കരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയ
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഈവർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും.
നേരത്തേ ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നു. രാജ്യത്തെ ഇ-സുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു യുട്യൂബും നിരോധിക്കാൻ തീരുമാനിച്ചത്.
നിരോധനമേർപ്പെടുത്തിയെങ്കിലും അധ്യാപകർക്ക് ക്ലാസ് റൂമിൽ യുട്യൂബിലെ പഠനസംബന്ധിയായ വീഡിയോകൾ കുട്ടികളെ കാണിക്കാം.
ഓസ്ട്രേലിയയിൽ ഇന്ത്യന് വംശജനെ കുത്തിപ്പരിക്കേൽപ്പിച്ചു
മെല്ബണ്: ഓസ്ട്രേലിയയിൽ ഇന്ത്യന് വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില് തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.
മെല്ബണിലെ അല്റ്റോണ മെഡോസ് സബര്ബിലുള്ള ഒരു ഷോപ്പിംഗ് സെന്ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.
അക്രമികൾ സൗരഭിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില് തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ തിരുനാൾ
ഡാർവിൻ: സെന്റ് അൽഫോൻസാ ഡാർവിൻ സീറോമലബാർ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച കൊടിയേറി.
വൈകുന്നേരം അഞ്ചിന് ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ഫാ. ജോസഫ് പുല്ലനപ്പിള്ളിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവകയിലെ ടീൻസ് മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽക്കും.
ശനിയാഴ്ച രാവിലെ 9.30ന് ഇടവക വികാരി റവ. ഡോ. ജോണ് പുതുവ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മിഷൻ ലീഗ് അംഗങ്ങളും തോമസ് നാമധാരികളും നേതൃത്വം നൽകും.
വൈകുന്നേരം അഞ്ചിന് "എൽഖാനിയ 2025' സണ്ഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി ഉദ്ഘാടനം ചെയ്യും.
മന്ത്രി ജിൻസണ് ചാൾസ് മുഖ്യപ്രഭാഷണം നടത്തും. ഷാഡോ മിനിസ്റ്റർ ചാൻസി പീച്ച് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മതബോധനവിദ്യാർഥികളും ഇടവകാംഗങ്ങളും ഒന്നുചേർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുബാലസഖ്യം, അൽഫോൻസ നാമധാരികളുടെ നേതൃത്വത്തിൽ ദീപകാഴ്ചയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഡാർവിൻ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പാണ്ടിയപ്പിള്ളി സിഎംഐ തിരുനാൾ പാട്ടുകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഡോ. ജോണ് പുതുവ, ജോണ് ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ, ലാൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
മെൽബണ് സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാൾ
മെൽബണ്: സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസമ്മയുടെ തിരുനാൾ ഞായറാഴ്ച ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഈ മാസം 18 മുതൽ ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിന് തിരുനാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സാബു അടിമാക്കിയിൽ വിസി മുഖ്യാകാർമികത്വം വഹിച്ചു.
ശനിയാഴ്ച വൈകുന്നേരം 4.45ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മെൽബണ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് എഴുമയിൽ മുഖ്യകാർമികനാകും. തുടർന്ന് തിരിപ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.45ന് നടക്കുന്ന ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബാനയിൽ മെൽബണ് സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോണ് പനംതോട്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും.
കത്തീഡ്രൽ വികാരി ഫാ. മാതണ്ട അരീപ്ലാക്കൽ സഹകാർമികനാകും. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പകൽ പ്രദക്ഷിണവും ഉണ്ടായിരിക്കും.
പൊൻകുരിശും വെള്ളി കുരിശുകളും മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. സ്നേഹവി ന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.
തിരുനാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മാതണ്ട അരീപ്ലാക്കൽ, കൈക്കാരന്മാരായ ബാബു വർക്കി, ജിമ്മി ജോസഫ്, മാനുവൽ ബെന്നി, പാരീഷ് കൗണ്സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
വിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപികുവാൻ തിരുനാൾ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ വികാരി ഫാ. മാതണ്ട അരീപ്ലാക്കൽ അറിയിച്ചു.
അപൂർവ ഇനം കിവി പക്ഷിയെ ന്യൂസിലൻഡിൽ കണ്ടെത്തി
വെല്ലിംഗ്ടൺ: ദേശീയപക്ഷിയായ കിവിയുടെ അപൂർവ ഇനത്തെ 50 വർഷത്തിനുശേഷം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു ന്യൂസിലൻഡ്. ഏറ്റവും ചെറിയ ഇനമായ പുകുപുകു (ലിറ്റിൽ സ്പോട്ടഡ് കിവി) കിവിയെയാണു കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കൻ ദ്വീപിലെ ആദംസ് വനത്തിൽ ഒരു വേട്ടക്കാരനാണു പക്ഷിയെ കണ്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അപൂർവ ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പെൺ കിവിയെയാണു കണ്ടെത്തിയത്. 1978നുശേഷം ഇതാദ്യമായാണു രാജ്യത്ത് ഈയിനത്തിൽപ്പെട്ട കിവി പക്ഷിയെ കാണുന്നത്. ചിറകുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടവയാണു കിവികൾ.
വളരെ ചെറിയ ചിറകായതിനാലാണ് ഇവയ്ക്കു പറക്കാൻ സാധിക്കാത്തത്. വളരെവേഗം വേട്ടയാടപ്പെടുന്ന പക്ഷികൂടിയാണിവ. പ്രധാനമായും അഞ്ചുതരം കിവി വർഗങ്ങളാണ് ലോകത്തുള്ളത്.
ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന "മാവിന്' 50 വയസ്; പുതിയ നേതൃത്വവുമായി സംഘടന
മെൽബൺ:1976ൽ സ്ഥാപിതമായ ഓസ്ട്രേലിയയിലെ മെൽബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് ഗോൾഡൻ ജൂബിലി.
50-ാം വാർഷികാഘോഷത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും 2025 - 27 വർഷത്തേക്കുള്ള ഭരണത്തിനുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ഞായറാഴ്ച വൈകുന്നേരം മെൽബൺ റോവില്ലെയിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ അറുപത് ശതമാനത്തോളം അംഗങ്ങളും ഹാജരായിരുന്നു.
സംഘടനയിൽ പ്രാഥമിക അംഗത്വം ഉള്ളവരിൽനിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വുമൺസ് ഫോറത്തെയും മീറ്റിംഗിൽ തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മദനൻ ചെല്ലപ്പൻ പ്രസിഡന്റായുള്ള പാനലിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡന്റ്: മദനൻ ചെല്ലപ്പൻ, വൈസ് പ്രെസിഡന്റുമാർ: ജോസഫ് പീറ്റർ, ബിനു വർഗീസ്, ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ, ട്രെഷറർ: ഡോ. പ്രകാശ് നായർ, ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ, അശ്വതി ഉണ്ണികൃഷ്ണൻ, പിആർഒ: പ്രതീഷ് മാർട്ടിൻ ജേക്കബ്,
സ്പോർട്സ് കോഓർഡിനേറ്റർസ്: അരുൺ സത്യൻ, ലിയോ ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ.ടി. രാഗേഷ്, സജു രാജൻ, ജിനേഷ് പോൾ, റോയ്മോൻ തോമസ്, ഗോകുൽ കണ്ണോത്ത്, പ്രിയ അനിൽകുമാർ നായർ, മോഹനൻ കൂട്ടുകൽ, ബിജിത് ബാലകൃഷ്ണൻ, ഗൗതം ശങ്കർ, അമൽ ശശി, കൾചറൽ കോഓർഡിനേറ്ററായി ജോയിന്റ് സെക്രട്ടറി കൂടിയായ അശ്വതി ഉണ്ണികൃഷ്ണനെ യോഗം തെരഞ്ഞെടുത്തു.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മാവിന്റെ സ്ഥിരം ഓണാഘോഷ വേദിയായ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ അതിവിപുലവും വർണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഗോൾഡൻ ജൂബിലി ഓണാഘോഷം ആയതിനാൽ ഇപ്രാവശ്യത്തെ ഓണത്തിനു മെൽബൺ മലയാളികൾ നൽകിയ പേര് "സുവർണ്ണോത്സവം 2025' എന്നാണ്. ഇരൂന്നൂറോളം മലയാളി പെൺകുട്ടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, സിനിമാ താരങ്ങളുടെയും സർക്കാർ ജനപ്രതിനിധികളുടെയും സാന്നിധ്യം, വിവിധ ഡാൻസ് സ്കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പരിപാടികൾ, ഗാനാലാപനങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
മെൽബണിലെ മലയാളികൾ ഒത്തുകൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന മാവ് ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
മെൽബൺ രൂപതയ്ക്ക് അഭിമാനമായി സാന്തോം ഗ്രോവ് ഉദ്ഘാടനം ചെയ്തു
മെല്ബണ്: മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ-സാൻതോം ഗ്രോവ് ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുര്ബാന അർപ്പിച്ചതിനു ശേഷമാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ചടങ്ങിൽ മെല്ബണ് ബിഷപ് മാര് ജോണ് പനന്തോട്ടത്തില് അധ്യക്ഷനായിരുന്നു.
രൂപതയുടെ പ്രഥമ ബിഷപ് മാര് ബോസ്കോ പുത്തൂര്, എംപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പള്ളോട്ടൈൻ കോളജ് ചെയർമാൻ ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു.
വികാരി ജനറാള് മോണ്. ഫ്രാന്സിസ് കോലഞ്ചേരി സ്വാഗതവും ഫിനാൻസ് ഓഫീസർ ഡോ. ജോൺസൺ ജോർജ് നന്ദിയും പറഞ്ഞു. ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോമലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എംപിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.
പാസ്റ്ററൽ സെന്ററിന് പുറമേ മൈഗ്രന്റ് റിസർച്ച് സെന്റർ, ലൈബ്രറി തുടങ്ങിയവ ഈ സെന്ററിൽ പ്രവർത്തിക്കും. രൂപതാ തലത്തിൽ നടക്കുന്ന ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് സാന്തോം ഗ്രോവ് വിഭാവനം ചെയ്തിരിക്കുന്നത്.
മെൽബൺ സിറ്റിയിൽനിന്ന് 60 കിലോമീറ്റർ അകലെ വെസ്ബേണിൽ 200 ഏക്കർ വി സ്തൃതിയുണ്ട് സാന്തോം ഗ്രോവിന്.
സാന്തോം ഗ്രോവിന്റെ വെഞ്ചിരിപ്പ് വെള്ളിയാഴ്ച
മെൽബൺ: സീറോമലബാർ മെൽബൺ രൂപത പാസ്റ്ററൽ ആൻഡ് റിന്യൂവൽ സെന്ററിന്റെ(സാന്തോം ഗ്രോവ്) ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും.
വെഞ്ചിരിപ്പ് കർമങ്ങളിൽ രൂപതയുടെ മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ, രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ റവ. ഡോ. സിജീഷ് പുല്ലൻകുന്നേൽ, പ്രൊക്യൂറേറ്റർ ഡോ. ജോൺസൺ ജോർജ്, രൂപതയിലെ വൈദികർ, വിശ്വാസികൾ, ജനപ്രതിധികൾ തുടങ്ങിയവർ സന്നിഹിതരാകും.
മെൽബൺ സിറ്റിയിൽ നിന്നും 65 കിലോമീറ്റർ അകലെ യാര റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ് ബേൺ എന്ന സ്ഥലത്തുള്ള പളോട്ടിൻ സന്ന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവും 200 ഏക്കർ സ്ഥലത്തുള്ള അനുബന്ധ സംവിധാനങ്ങളുമാണ് പാസ്റ്ററൽ ആൻഡ് കമ്യൂണിറ്റി റിസോഴ്സ് സെന്ററിനായി രൂപത വാങ്ങിയിരിക്കുന്നത്.
പെൻറിത്ത് മലയാളി കൂട്ടായ്മ വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന്
സിഡ്നി: 2025ലെ ഓണാഘോഷങ്ങളുടെ ഭാഗമായി വെസ്റ്റേൺ സിഡ്നിയിലെ പ്രമുഖ മലയാളി സംഘടനയായ പെൻറിത്ത് മലയാളി കൂട്ടായ്മ(പിഎംകെ) സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന് റിഗാറ്റ ഇന്റർനാഷണൽ സെന്ററിൽ നടക്കും.
ഇതിൽ പെൻറിത്തിന്റെ സ്വന്തം ടീമായ മിന്നൽ റേസിംഗ് ടീമും(എംആർടി) മാറ്റുരയ്ക്കും. കഴിഞ്ഞവർഷം രൂപീകൃതമായ എംആർടി സൺഷൈൻ കോസ്റ്റിൽ നടന്ന പ്രഥമ ഓൾ ഓസ്ട്രേലിയൻ നെഹ്റു ട്രോഫി മത്സരത്തിൽ ചാമ്പ്യൻമാരായി മികവ് തെളിയിച്ചവരാണ്.
എംആർടിയുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ചാമ്പ്യൻമാരാവാൻ അരയും തലയും മുറുക്കിയുള്ള അക്ഷീണ പ്രയത്നത്തിലാണിവർ. റിഗാറ്റ സെന്ററിൽ "പെൻ ഡ്രാഗൺ' ക്ലബിന്റെ നേതൃത്വത്തിലാണ് പരിശീലനം.
നാട് വിട്ട് മറുനാട്ടിൽ കുടിയേറിയവരാണെങ്കിലും സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും ഇത്രയേറെ അഭിമാനിക്കുന്ന ഈ മലയാളി സമൂഹം കാണിക്കുന്ന ഈ ഉത്സാഹം തദ്ദേശീയരായ ആൾക്കാരുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
എംആർടിയിലെ അംഗങ്ങൾ കൂടി പങ്കെടുത്ത പെൻ ഡ്രാഗൺ ക്ലബ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ നാഷണൽ ഡ്രാഗൺ ബോട്ട് ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയതും ഈ വർഷമായിരുന്നു.
പിഎംകെ ഓണാഘോഷം 2025 അതിഗംഭീരമാക്കുവാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്. വള്ളംകളി മത്സരത്തോടൊപ്പം തന്നെ ധാരാളം വൈവിധ്യമാർന്ന പരിപാടികൾ കരയിൽ നടത്തപ്പെടുമെന്നും സംഘാടകർ അറിയിച്ചു
വിൽസൺ തോമസ് ഓസ്ട്രേലിയയിൽ അന്തരിച്ചു
കാൻബറ: ചങ്ങനാശേരി പുഴവാത് ചക്കാലവീട്ടിൽ പരേതരായ സി.ടി. തോമസിന്റെയും എം.ടി. ത്രേസ്യാമ്മയുടെയും (ചക്കാല ടീച്ചർ) മകൻ വിൽസൺ തോമസ് (58) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രണ്ടിനു കാൻബറ സെന്റ് തോമസ് ദ അപ്പോസ്തലേറ്റ് പള്ളിയിൽ.
ഭാര്യ പ്രിൻസി വിൽസൺ കൂരോപ്പട വടാന കുടുംബാംഗം. മക്കൾ: ഫ്രാങ്ക്ളിൻ വിൽസൺ (ഓസ്ട്രേലിയ), തെരേസ വിൽസൺ (ഓസ്ട്രേലിയ), അനിസാ വിൽസൺ (ഓസ്ട്രേലിയ). മരുമകൾ: എവിലിൻ ഫ്രാങ്ക്ളിൻ നടുവത്താനി (ഓസ്ട്രേലിയ).
സഹോദരങ്ങൾ: പരേതനായ ടോംസൺ തോമസ്, ജെയിംസൺ തോമസ് (ദുബായി), നെൽസൺ തോമസ്.
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
കാൻബറ: സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇടവക കമ്യൂണിറ്റിയിൽ 12-ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഡാനിയേൽ സജിമോന് ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ സമ്മാനിച്ചു .
ദുക്റാന തിരുനാളിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക കൈകാരന്മാർ, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പാലാ കരിമ്പനി ചേനംചിറ സജിയുടെയും സോഫിയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ഡാനിയേൽ.
മെൽബണ് സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്
മെൽബണ്: സെന്റ് തോമസ് സീറോമലബാർ മെൽബണ് സൗത്ത് ഈസ്റ്റ് ഇടവക പള്ളിയുടെ കൂദാശകർമം ജൂലൈ 12ന് മെൽബണ് സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും.
മെൽബണ് രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ് പനംതോട്ടത്തിൽ, മെൽബണ് രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ് അതിരൂപത സഹായ മെത്രാൻ ആന്റണി ജോണ്, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ് ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും.
ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ് ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാർ രൂപതയായി മെൽബണ് രൂപത പ്രഖ്യാപിച്ചത്. മെൽബണ് സീറോമലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ പള്ളിയാണ്.
മെൽബണ് സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദേവാലയം. മെൽബണ് സീറോമലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ് സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ ദീർഘനാളത്തെ പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശയ്ക്കായി ഒരുങ്ങുന്ന മെൽബണ് സൗത്ത് ഈസ്റ്റ് ഇടവക പള്ളി.
ഡാർവിൻ പള്ളി തിരുനാൾ നോട്ടീസ്: ജിൻസണ് ചാൾസ് പ്രകാശനം ചെയ്തു
ഡാർവിൻ: സെന്റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തോമ്മ ശ്ലീഹയുടെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെയും തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.
നോർത്തേണ് ടെറിറ്ററിയുടെ മന്ത്രിയും മലയാളിയുമായ ജിൻസണ് ചാൾസ് തിരുനാൾ കണ്വീനർ ലാൽജോസിന് നല്കികൊണ്ടാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വികാരി റവ.ഡോ. ജോണ് പുതുവ, ട്രസ്റ്റി ജോണ് ചാക്കോ എന്നിവർ സന്നിഹിതരായി.
ജൂലൈ 25, 26, 27 തീയതികളിലായി നടന്ന തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ് പുതുവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് നവ നേതൃത്വം
മെൽബണ്: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികൾ
ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്റ് സെക്രട്ടറി), ജോണ്സണ് ഉള്ളാട്ട് (ട്രഷറർ).
കമ്മിറ്റി അംഗങ്ങൾ
മെൽവിൻ ഡൊമിനിക്, മാത്സണ് ജോസഫ്, നിത ജോണ്, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ.
2008 മുതൽ കലാസംസ്കാരിക രംഗത്ത് മെൽബണ് മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ എൻഎംസിസിയുടെ ഈ വർഷത്തെ ഓണാഘോഷം "എൻഎംസിസി ചിങ്ങപ്പുലരി' ഓഗസ്റ്റ് 23ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.
മെൽബണിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നതെന്ന് പ്രസിഡന്റ് ഗീരിഷ് അല്ലക്കാട്ട് അറിയിച്ചു.
എൻഎംസിസിയും മലയാളി ഡോക്ടേഴ്സ് വിക്ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർനൈറ്റും ജൂലെെ 19ന് സണ്ബറി മെമ്മോറിയൽ ഹാളിൽ നടക്കും.
ടൗൺസ്വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ
ടൗൺസ് വിൽ: ടൗൺസ്വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി. കിർവാൻ സ്റ്റേറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഷേപ്പേർട്ടൻ ഷെപ്പ് സ്റ്റാർസിനെയാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്.
ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 12 ഓളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരം കാണികളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. സൽജൻ ജോൺ കുന്നംകോട്ട് നയിച്ച ടീമിന് ട്രോഫിയും 5,555 ഡോളറും സമ്മനമായി ലഭിച്ചു.
രാഹുൽ ജോസഫ് തോമസ്, നോബിൾ ബാബു, ഡിജോ സെബാസ്റ്റ്യൻ, ജോയിസ് കുര്യൻ ജേക്കബ്, സ്റ്റീഫൻ തമ്പി, നവീൻ സജി, ആന്റണി ജേക്കബ്, ബ്ലെസി ഷിജോ എന്നിവർ അടങ്ങിയ ടീമിന്റെ കോച്ച് അജിമോൻ ഐസക്ക് അയിരുന്നു.
വിജയികൾക്ക് ജനെല്ലേ പൂലേ എംപി സമ്മാനദാനം നിർവഹിച്ചു.
ബേബിച്ചൻ വർഗീസിന്റെ സംസ്കാരം ബുധനാഴ്ച
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറിയാൻ ജോർജിന്റെ(വർക്കിച്ചൻ) മകൻ ബേബിച്ചൻ വർഗീസിന്റെ(51) സംസ്കാരം ബുധനാഴ്ച നടക്കും.
പെർത്ത് ഓറഞ്ച് ഗ്രോവ് സെന്റ് ജോസഫ് സീറോമലബാർ പള്ളിയിൽ ഇടവക വികാരി ഫാ. അജിത് ചേലക്കരയുടെ മുഖ്യകാർമികത്വത്തിലാണ് സംസ്കാരം നടക്കും. രാവിലെ 9.30 മുതൽ പൊതുദർശനം 10.30ന് കുർബാനയോടെ സംസ്കാരകർമങ്ങൾ ആരംഭിച്ച് ഫ്രീമാന്റിൽ സെമിത്തേരിയിൽ 1.15ന് സംസ്കാരം നടക്കും.
അർമഡേൽ ഹോസ്പിറ്റൽ എൻഡോസ്കോപ്പി സിഎസ്എസ്ഡിയിൽ ജോലിചെയുന്നതിനൊപ്പം ബിൽഡിംഗ് കൺട്രക്ഷൻ രംഗത്തും വർക്ക് ചെയ്തിരുന്നു. പെർത്ത് സെന്റ് ജോസഫ് സീറോമലബാർ ഇടവക പാരിഷ് കൗൺസിൽ അംഗം, കാത്തലിക് കോൺഗ്രസ് എക്സിക്യൂട്ടീവ് എന്നീനിലയിലും സ്വാർഗം സിനിമയുടെ നിർമാണത്തിലും പങ്കാളിയായിരുന്നു.
പെർത്തിലെ പൊതുപ്രവർത്തന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവ പ്രവർത്തകൻ ആയിരുന്നു. എരുമേലി ഏന്തയാർ വളക്കമറ്റത്തിൽ റോസമ്മ ജോർജിന്റെയും പരേതനായ ചെറിയാൻ ജോർജിന്റെയും(വർക്കിച്ചൻ) അഞ്ചുമക്കളിൽ മുന്നാമനാണ് ബേബിച്ചൻ.
ഭാര്യ ജെസി ഇടുക്കി എല്ലക്കൽ അറക്കൽ കുടുംബാംഗമാണ്. എബെൽ, അനബെൽ എന്നിവർ മക്കളാണ്. റോഷ്നി ഷാജി (തീക്കോയി ) ഷാന്റി ജോണി (കാഞ്ഞിരമറ്റം ), ജെയ്സമ്മ ടോമി (ചെങ്ങളം ) സാബു വർഗീസ്, (ഏന്തയാർ) എന്നിവർ സഹോദരങ്ങളാണ്.
2009ൽ യുകെയിലെ വെയിൽസിനിന്നും പെർത്തിലേക്ക് കുടിയേറിയതാണ് ബേബിച്ചനും കുടുംബവും.
പീറ്റർ ട്ടോ റോട്ട് ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോട്ടിനെ ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഓഷ്യാന ഭൂഖണ്ഡത്തിലെ പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഇതോടെ പീറ്റർ ട്ടോ റോട്ട് മാറും.
പീറ്റർ ട്ടോ റോട്ട് പാപ്പുവ ന്യൂഗിനിയിലെ റകുണൈ ഗ്രാമത്തിൽ 1912ൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പുരോഹിതരെ ജയിലിലടച്ചപ്പോൾ, ഫാ. ലോഫറിന്റെ നിർദേശാനുസരണം അദ്ദേഹം റകുണൈയുടെ ആത്മീയ ഉത്തരവാദിത്തം ഏറ്റെടുത്തു.
ബഹുഭാര്യാത്വം നിയമപരമാക്കാനുള്ള ജപ്പാന്റെ ശ്രമത്തെ എതിർത്തതിനെ തുടർന്ന് തടവിലാക്കപ്പെട്ട അദ്ദേഹം 1945ൽ രക്തസാക്ഷിയായി. റാബൌൾ അതിരൂപതയുടെ ആർച്ച് ബിഷപ് റോക്കൂസ് തത്താമൈ വിശുദ്ധ പദവി പ്രഖ്യാപനം വരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നുള്ള മാർ സിബി മാത്യു പീടികയിലും ഈ സന്തോഷത്തിൽ പങ്കുചേർന്നു. പീറ്ററിന്റെ മാതാപിതാക്കളായ ആഞ്ചലോ ട്ടോ പുയയും മരിയ ലാ തുമുലും പാപ്പുവ ന്യൂ ഗിനിയിലെ ആദ്യകാല കത്തോലിക്കാ വിശ്വാസികളിൽപ്പെടുന്നു.
ഫാ. വിക്ടർ വിൻസെന്റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ. വിക്ടർ വിൻസെന്റിന് കാംഡൻ പ്രാദേശിക സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് അംഗീകാരം. ഓസ്ട്രേലിയൻ പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ കാംഡൻ എംപി സാറാ ക്വിനലാണ് ഫാ. വിക്ടർ വിൻസെന്റിനെ ആദരിച്ചത്.
കാംഡൻ സമൂഹത്തിൽ ഫാ. വിക്ടർ വിൻസെന്റ് ചെലുത്തിയ വലിയ സ്വാധീനത്തെയും അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെയും സാറാ ക്വിനൽ പ്രത്യേകം അഭിനന്ദിച്ചു. എലവത്തുങ്കൽ വിൻസെന്റ് റീത്ത ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ ആളാണ് ഫാ. വിക്ടർ.
2017 നവംബർ 21 നു വൂളൻഗോംഗ് കത്തീഡ്രലില് വച്ച് പൗരോഹിത്യം സ്വീകരിച്ചു. കേരളത്തിൽനിന്നുള്ള ഒരു മലയാളി വൈദികന് ഓസ്ട്രേലിയയിൽ ലഭിക്കുന്ന ഈ വലിയ അംഗീകാരം മലയാളികൾക്ക് ഏറെ അഭിമാനകരമാണ്.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
ഡാര്വിന്: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അനുസ്മരണത്തിൽ പാരിഷ് സേഫ്ഗാർഡിംഗ് ഓഫീസർ ലൈസാ ബേബി, ഏഴാം ക്ലാസ് മതബോധന വിദ്യാർഥികൾക്ക് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു.
കാർലോ അക്യുട്ടിസ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇടവകയിലെ കുട്ടികൾക്ക് വേദപാഠം പഠിപ്പിച്ചതിന്റെ ഓർമ പുതുക്കാനാണ് ഏഴാം ക്ലാസുകാർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തതെന്ന് ഗ്രന്ഥകാരനും ഇടവക വികാരിയുമായ ഡോ. ജോൺ പുതുവ പറഞ്ഞു.
2014 മുതൽ ഇറ്റലിയിലെ അസീസിയിലുള്ള കാർലോയുടെ കബറിടം സന്ദർശിക്കുകയും 2017ൽ വിശുദ്ധന്റെ ഭവനം സന്ദർശിക്കുകയും ചെയ്തതിന്റെ ആത്മീയ വെളിച്ചത്തിലാണ് ഇന്ത്യൻ ഭാഷയിൽ ആദ്യമായി മലയാളത്തിലും പിന്നീട് ഇംഗ്ലിഷിലും ഹിന്ദിയിലുമായി വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്.
2024 നവംബറിൽ വീണ്ടും അസ്സീസിയിലും മിലാനിലും സന്ദർശനം നടത്തി വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പേജിലും ബഹുവർണ ചിത്രങ്ങളോടുകൂടി പ്രധാനമായും കുട്ടികൾക്കായി ഇംഗ്ലിഷിൽ നാലാമത്തെ പുസ്തകം തയാറാക്കിയതെന്ന് റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
എറണാകുളത്തെ മാർ ലൂയിസ് പബ്ലിക്കേഷൻസ് ആണ് പുസ്തകം വിതരണം ചെയ്യുന്നത്. പുസ്തകത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർക്ക് നേരിട്ട് വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫാ. ജെയിംസ് തിരുത്തനത്തിന്റെ പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷം ഗംഭീരമായി
കാൻബറ: ഓസ്ട്രേലിയയിൽ കഴിഞ്ഞ 16 വർഷമായി സേവനം ചെയ്യുന്ന ഫാ. ജെയിംസ് തിരുത്തനത്തിന്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷം കാൻബറ മലയാളി സമൂഹം വിപുലമായി ആഘോഷിച്ചു.
കാൻബറ നരബദ്ധ ലേബർ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ വിവിധ ഇടവകയിൽനിന്നും കമ്യൂണിറ്റിയിൽ നിന്നുമുള്ള നിരവധി വൈദികരും വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളും പങ്കെടുത്തു.
യോഗത്തിൽ ഷാജി മാത്യു സ്വാഗതവും ജോസ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി. കാൻബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ബെനഡിക്ട് ചെറിയാൻ, തോംസൺ ഫിലിപ്പ് എന്നിവർ അച്ചനെ പൊന്നാട അണിയിച്ചു.
തിരുത്താനതിയിൽ ആന്റണി മേരി ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് ഫാ. ജെയിംസ്. വാതക്കാട് ഭാരതരാണി ചർച്ചിൽ വച്ച് 2000 ഡിസംബർ 30ന് മാർ ഗ്രേഷ്യസ് മുണ്ടാടൻ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
ജൂബിലി ആഘോഷങ്ങൾക്കു ബെനഡിക്ട് ചെറിയാൻ, ജോയി പാലിയേക്കര, തോംസൺ ഫിലിപ്പ്, ഷാജി മാത്യു, ജോബി ജോർജ്, കോശി തോമസ്, ജോസ് എബ്രഹാം, അനീഷ് കാവാലം, സിജോ ജോസഫ്, അമ്മു ഹരി, ബിറ്റ്സി സാജു എന്നിവർ നേതൃത്വം നൽകി.
പോലീസ് മർദനം: ഇന്ത്യൻ വംശജൻ ഓസ്ട്രേലിയയിൽ അത്യാസന്ന നിലയിൽ
മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ പോലീസ് മർദനത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ. തലച്ചോറിനു ക്ഷതമേറ്റെന്നും സംശയമുണ്ട്. അഡലെയ്ഡിലെ പേയ്നെഹാം റോഡിൽ കഴിഞ്ഞയാഴ്ച ആയിരുന്നു സംഭവം.
ഗാർഹിക പീഡനത്തിൽ ഉൾപ്പെട്ടുവെന്ന സംശയത്തെത്തുടർന്ന് ഗൗരവ് കുന്തി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യാനെത്തുകയായിരുന്നു. ഗൗരവ് നിരപരാധിയാണെന്നു ഭാര്യയായ അമൃത്പാൽ കൗർ വിളിച്ചു പറയുന്ന വീഡിയോ ഒരു വാർത്താ പോർട്ടൽ പുറത്തുവിട്ടിട്ടുണ്ട്.
ഭാര്യയാണ് വീഡിയോ പകർത്തിയത്. പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഭർത്താവിന്റെ കഴുത്തിൽ കാൽമുട്ടു കൊണ്ട് കുത്തിയെന്നും ഭയന്നുപോയ താൻ വീഡിയോ ചിത്രീകരണം നിർത്തിയെന്നും കൗർ പറയുന്നു. റോയൽ അഡലെയ്ഡ് ആശുപത്രിയിൽ കഴിയുന്ന ഗൗരവിന്റെ മസ്തിഷ്കത്തിനും കഴുത്തിലെ നാഡികൾക്കും പരിക്കേറ്റിട്ടുണ്ടെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഭാര്യയുമായി തർക്കത്തിലേർപ്പെട്ടിരുന്ന ഗൗരവ് അവരെ മർദിക്കുകയാണെന്നു തെറ്റിദ്ധരിച്ചാവാം അതുവഴി കടന്നു പോയ പട്രോൾ ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതെന്നാണു നിഗമനം. എന്നാൽ, ഉദ്യോഗസ്ഥർക്ക് ലഭിച്ച പരിശീലനമനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്തതെന്നു സൗത്ത് ഓസ്ട്രേലിയൻ പോലീസ് കമ്മീഷണർ ഗ്രാന്റ് സ്റ്റീവൻസ് പ്രതികരിച്ചു.
വിശുദ്ധ അന്തോണീസിന്റെ തിരുനാള് വെള്ളിയാഴ്ച
മെല്ബണ്: മില്പാര്ക്ക് സെന്റ് ഫ്രാന്സിസ് അസീസി ദേവാലയത്തില് അത്ഭുതപ്രവര്ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള് വെള്ളിയാഴ്ച ആഘോഷിക്കുന്നു.
തിരുനാള് ദിനത്തില് പാദുവായില് നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വൈകുന്നേരം ആറ് മുതല് ജപമാലയും തുടര്ന്ന് വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും.
ഏഴിന് ഫ്രാന്സിസ്ക്കന് വൈദികരുടെ കാര്മികത്വത്തില് ആഘോഷമായ തിരുനാൾ പാട്ടുകുര്ബാനയും തുടര്ന്ന് വര്ണശബളമായ മുത്തുക്കുടകളും ഏറ്റികൊണ്ട് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിക്കൊണ്ട് മെഴുകുതിരി പ്രദക്ഷിണവും നടക്കും.
വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏര്പ്പെടുത്തിയിട്ടുണ്ട്. പാരീഷ്ഹാളില് നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങള് സമാപിക്കും.
മെല്ബണിലെ വിവിധ ക്രൈസ്തവസമൂഹങ്ങളിലെ വിശ്വാസികള് ഒരുമിച്ചാണ് വിശുദ്ധ അന്തോണീസിന്റെ തിരുനാളാഘോഷങ്ങള്ക്ക് നേതൃത്വം നല്കുന്നത്.
അഡ്രസ്: സെന്റ് ഫ്രാന്സീസ് ഓഫ് അസീസി ചര്ച്ച്, 290 ചൈല്ഡ്സ് റോഡ്, മില്പാര്ക്ക്.
സിസ്റ്റർ ഡെയ്സി എബ്രഹാം ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: സിസ്റ്റർ ഡെയ്സി എബ്രഹാം(46) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. കാൻബറ പെന്തക്കോസ്റ്റൽ ചർച്ച് സഭയിലെ അംഗമാണ്.
തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ഡെയ്സി എബ്രഹാം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു
ഏക മകൻ ഓസ്ട്രേലിയയിലാണ്. സംസ്കാരം പിന്നീട് സിഡ്നി പെന്തക്കോസ്റ്റൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തും.
ഓസ്ട്രേലിയയിലെ മലയാളി മന്ത്രിക്ക് ഗോൾഡ് കോസ്റ്റിൽ സ്വീകരണമൊരുക്കി മലയാളി സമൂഹം
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിൽ മന്ത്രിയായി സ്ഥാനമേറ്റ ആദ്യ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്ട്രേലിയൻ മലയാളികൾ. ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങ് സംവിധായകൻ വൈശാഖ് ഉദ്ഘാടനം ചെയ്തു.
കുടിയേറി എത്തി 13 വർഷം കൊണ്ട് അത്യപൂർവ നേട്ടം സമ്പാദിച്ച ജിൻസൺ മലയാളി യൗവനങ്ങളുടെ യഥാർഥ പ്രചോദനമാണെന്ന് വൈശാഖ് പറഞ്ഞു. മലയാളികളുടെ സ്നേഹോപഹാരം വൈശാഖും ക്യുൻസ്ലാൻഡ് ചീഫ് വിപ് മാർക്ക് ബൂത്ത്മാനും ചേർന്ന് ജിൻസണ് കൈമാറി.
തുടർന്ന് ഓസ്ട്രേലിയയിൽ കുടിയേറിയ മലയാളികളുടെ മാതാപിതാക്കളെ ജിൻസൺ ആദരിച്ചു. മാതാപിതാക്കളെ അവരുടെ അടുത്തെത്തി പൂക്കൾ സമ്മാനിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.
ഓസ്ട്രേലിയയിലെ പ്രശസ്തമായ മലയാളി മ്യൂസിക് ബാൻഡ് മൾബരീസിന്റെ മ്യൂസിക് ഷോ ചടങ്ങിന് മാറ്റുകൂട്ടി. രുചിയുടെ ലോകത്തെ അതികായരായ കൈപ്പുണ്യം ടീമും നാടൻ ഭക്ഷണങ്ങളുമായി വിസ്മയം തീർത്തു.
ക്യുൻസ്ലാൻഡ് പാർലമന്റ് ചീഫ് വിപ് മാർക്ക് ബൂത്ത്മാൻ, ബിനോയ് തോമസ്, ഫ്ലൈ വേൾഡ് സിഇഒ റോണി ജോസഫ്, ഫാ. ഷിനു ചെറിയാൻ, കൺവീനർ ഓമന സിബു തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
ജിംജിത് ജോസഫും തോമസ് ലിസ്മോറും ആയിരുന്നു പരിപാടിയുടെ കോഓർഡിനേറ്റർമാർ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗോൾഡ് കോസ്റ്റിൽ നിന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച മലയാളികളെയും ചടങ്ങിൽ ആദരിച്ചു.
മെൻ ഇൻ ഗോൾഡ് കോസ്റ്റ് ആയിരുന്നു പരിപാടിയുടെ സംഘടകർ.
പ്രഫ. ഡോ. ടി.സി. ജോര്ജ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: വിദ്യാഭ്യാസ രംഗത്ത് ആഗോള ശ്രദ്ധ നേടിയിട്ടുള്ള ആലപ്പുഴ കരിക്കംപള്ളിൽ പ്രഫ. ഡോ. ടി.സി. ജോര്ജ് (ജോര്ജുകുട്ടി - 94) സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച(മേയ് 16) ഇന്ത്യൻ സമയം വൈകുന്നേരം നാലിന് സിഡ്നി സെന്റ് പോൾസ് കാത്തലിക് പള്ളിയിൽ.
ആലപ്പുഴ എടത്വ കരിക്കംപള്ളില് തൊള്ളായിരത്തില് കുടുംബാംഗം. സെന്റ് അലോഷ്യസ് ഹൈസ്കൂള് ഹെഡ്മാസ്റ്ററായിരുന്ന ടി.വി. ചാക്കോ (ചാക്കോച്ചി) - ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ എൽസമ്മ പാലാ ചെട്ടിപ്പറമ്പില് കുടുംബാംഗം. മക്കള്: തെരേസ, ആനിമേരി, എലിസബത്ത്, കരോളിന്.
ഗോപിനാഥ് മുതുകാടിന് സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിൽ ആദരം
അഡലെയ്ഡ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകനുമായ പത്മശ്രീ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിൽ ആദരിച്ചു. അഡലെയ്ഡ് പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയന് ലെജിസ്ലേറ്റീവ് കൗണ്സില് അംഗവും മുന് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്കി.
ഇന്ത്യൻ രീതിയിൽ പൊന്നാടയണിയിച്ചാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനത്തെ ജിംഗ് ലീ പ്രത്യേകം അഭിനന്ദിച്ചു. മാജിക്കിലൂടെ വ്യക്തികളെയും സമൂഹത്തെയും പ്രചോദിപ്പിക്കുന്ന മുതുകാടിന്റെ അതുല്യ പ്രവര്ത്തനത്തിന് യൂണിസെഫിന്റെ അവാർഡ് ലഭിച്ചത് അവർ ചുണ്ടിക്കാട്ടി.
തിരുവനന്തപുരം കേന്ദ്രമാക്കി മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളെയും ഓസ്ട്രേലിയയിലെ മാനസിക വൈകല്യമുള്ള കുട്ടികളെയും ഒരുമിപ്പിച്ചു കൊണ്ടുള്ള പരിപാടി ഓസ്ട്രലിയിൽ സംഘടിപ്പിക്കാൻ ഗവൺമെന്റ് തലത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുൻ ഡെപ്യൂട്ടി പ്രീമിയർ കൂടിയായ ജിംഗ് ലീ പറഞ്ഞു.
ഡിഫറന്റ് ആർട്ട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന എം ക്യൂബ് മെഗാ ഷോ യുമായി ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു മുതുകാട്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ പാര്ലമെന്റ് ഹൗസിലേക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് പാര്ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ജിംഗ് ലീ വിശദീകരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണ് ഈ ബഹുമതിയെന്ന് മറുപടി പ്രസംഗത്തിൽ മുതുകാട് പറഞ്ഞു.
ഗായകരായ അതുല് നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്ക്കൊപ്പം ഭരതരാജന്, നാസര്, പ്രീതി, ജെയിംസ് കാഞ്ഞിരത്തിങ്കൽ, പോളി പാറക്കാടൻ, റോയി കാഞ്ഞിരത്താനം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആറ് ഓസ്ട്രേലിയൻ നഗരങ്ങളിൽ ഗോപിനാഥ് മുതുകാടിന് സ്വീകരണവും സ്റ്റേജ്ഷോയും സഘടിപ്പിച്ചിട്ടുണ്ടെന്നു സംഘാടകരായ റോയി കാഞ്ഞിരത്താനം, പോളി പാറക്കാടൻ എന്നിവർ പറഞ്ഞു.
റവ. സജിൻ ബേബിക്ക് ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി
മെൽബൺ: മെൽബൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ നാല് വർഷത്തെ സ്തുത്യർഹമായ വൈദീക ശുശ്രൂഷയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ. സജിൻ ബേബിക്ക് ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി.
ഹാംപ്ടൺ പാർക്ക് ആർതർ വാരെൻ ഹാളിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യാത്രയയപ്പ് സമ്മളനത്തിൽ റവ. സജിൻ ബേബി മറുപടി പ്രസംഗം നടത്തി.
ലുബി ലൂക്കോസ്, ജോഷ് ബി. സജിൻ, അധ്യക്ഷൻ ജേക്കബ് ചാക്കോ, ജുവാൻ ബി. സജിൻ എന്നിവർ പങ്കെടുത്തു.
ഡാർവിനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൺസ സീറോമലബാർ പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി.
വികാരി റവ. ഡോ. ജോൺ പുതുവ കുർബാന അർപ്പിച്ചു കൊണ്ട് അനുസ്മരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
കുർബാനയ്ക്ക് ശേഷം മാർപാപ്പയുടെ ചിത്രത്തിൽ ഇടവക ജനങ്ങൾ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർഥിച്ചു.
ഓസ്ട്രേലിയയിൽ വോട്ടിംഗ് ആരംഭിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്നലെ വോട്ടിംഗ് ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.
പല കാരണങ്ങളാൽ മേയ് മൂന്നിന് വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി പോളിംഗ് സ്റ്റേഷനുകൾ തുറന്നുകൊടുത്തിട്ടുണ്ട്. പകുതിയോളം പേർ മേയ് മൂന്നിനു മുന്പ് വോട്ട് ചെയ്യുമെന്നാണു വിലയിരുത്തൽ.
മാർപാപ്പയോടുള്ള ബഹുമാനസൂചകമായി പ്രധാനമന്ത്രി ആന്റണി ആൽബനീസും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണും പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പാപ്പായ്ക്കു വേണ്ടി സെന്റ്പാട്രിക്സ് കത്തീഡ്രലിൽ നടത്തിയ വിശുദ്ധ കുർബാനയിൽ ആൽബനീസ് പങ്കെടുത്തു.
പൊതുമണ്ഡലങ്ങളിൽ മതവിശ്വാസത്തെക്കുറിച്ചു സംസാരിക്കാറില്ലെങ്കിലും കത്തോലിക്കാ വിശ്വാസം തന്റെ അസ്തിത്വത്തിന്റെ ഭാഗമാണെന്നു സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ പാപ്പായ്ക്കുവേണ്ടി നടത്തിയ വിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം ഡട്ടണും പ്രതികരിച്ചു.
മാർപാപ്പയോടുള്ള ആദരവിന്റെ പ്രതീകമായി രാജ്യത്തുടനീളമുള്ള സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു. 2021ലെ സെൻസസ് പ്രകാരം ഓസ്ട്രേലിയയിൽ 20 ശതമാനം കത്തോലിക്കരുണ്ട്.
ഡാര്വിന് സെന്റ് അല്ഫോന്സാ പള്ളിയില് പുത്തന് പാന വായനവാരം
ഡാര്വിന്: ഓസ്ട്രേലിയയിലെ ഡാര്വിന് സെന്റ് അല്ഫോന്സാ സീറോ മലബാര് പള്ളിയില് നോമ്പുകാലത്തോടനുബന്ധിച്ച് പുത്തന് പാന വായനവാരം ആചരിച്ചു. എല്ലാ ദിവസവും വൈകിട്ട് കുര്ബാനക്കു ശേഷം ഇടവക ജനങ്ങള് ഒത്തുകൂടി പുത്തന്പാന വായിച്ചു.
പുത്തന് പാനയെകുറിച്ചുള്ള പഠനത്തോടൊപ്പമുള്ള വായനക്ക് വികാരി റവ. ഡോ. ജോണ് പുതുവ നേതൃത്വം നൽകി.

ജര്മന്കാരനായ അര്ണോസ് പാതിരി രചിച്ച പുത്തന് പാന നോമ്പുകാലത്ത് ക്രിസ്ത്യാനികള് ഭവനങ്ങളിലും ദേവാലയങ്ങളിലും ഒത്തുകൂടി വായിക്കുന്ന പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ പുത്തന് പാന വായനവാരമെന്ന് റവ. ഡോ. പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിൽ അക്രമം
കാൻബർ: മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരേ ആക്രമണം. കോൺസുലേറ്റിന്റെ പ്രവേശന കവാടത്തിൽ ചുവപ്പ് പെയിന്റ് ഒഴിച്ചും ചുവരെഴുത്തുകൾ നടത്തിയും വികൃതമാക്കി.
സംഭവത്തിൽ ഓസ്ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു.
ഓസ്ട്രേലിയയിൽ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ നിലവിൽ വന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ(എംഎസ്ഡബ്ല്യുഎ) നിലവിൽ വന്നു. ഓസ്ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതരമേഖലയിൽ ജോലി ചെയ്യുന്ന 215 സാമൂഹിക പ്രവർത്തക പ്രഫഷണൽമാരാണ് കൂട്ടായ്മയിലുള്ളത്.
മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാർഹിക പീഡനം, ഡ്രഗ് & ആൽക്കഹോൾ, ഡിസെബിലിറ്റി, അക്കാഡമിക്ക് - ഗവേഷണം, ഫോറൻസിക്ക്, സ്കൂൾ സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഫഷണൽ സാമൂഹിക പ്രവർത്തകരാണ് കൂട്ടായ്മയിൽ അണിചേർന്നത്.
ഈ മാസം 30ന് ഓസ്ട്രേലിയൻ സമയം വൈകുന്നേരം ഏഴിന് ചേർന്ന സോഷ്യൽ വർക്ക് കൂട്ടായ്മയുടെ ആദ്യ ഓൺലൈൻമീറ്റ് ആഗോള സോഷ്യൽ വർക്ക് ദിനാചാരണം 2025 കൂടിയായി ആഘോഷിച്ചു ഓൺലൈൻ മീറ്റിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമുള്ള അക്കാഡമിക്ക് വിദഗ്ദർ പങ്കെടുത്തു.
ഡോ. അമാന്റ നിക്സൺ (ഗവേഷക, എഎസ്ഡബ്ല്യു സൂപ്പർ വൈസർ), ഡോ. ഐപ്പ് വർഗീസ് (സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് - ബിസിഎം കോളജ്, കോട്ടയം, സെക്രട്ടറി ജനറൽ ഇന്ത്യ നെറ്റവർക്ക് ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), പ്രഫ. ഗാന്ധി ദോസ് (പ്രസിഡന്റ്- ഇന്ത്യ നെറ്റ്വർക്ക് ഓഫ് പ്രഫഷണൽ സോഷ്യൽ അസോസിയേഷൻ) എന്നിവർ മുഖ്യ അതിഥികളായിരുന്നു.
മലയാളികളായ പ്രഫഷണൽ സാമൂഹിക പ്രവർത്തകർക്കും സാമൂഹിക പ്രവർത്തക മേഖലയിലേക്ക് കടന്നു വരുന്നവർക്കും പ്രയോജനപ്പെടും വിധമുള്ള പരിശീലനങ്ങൾ, മെന്ററിംഗ്, സൂപ്പർ വിഷൻ എന്നിങ്ങനെയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ. ജോസി തോമസ്, കിറ്റി ലൂക്കോസ്, ജോണി മറ്റം എന്നിവർ സംസാരിച്ചു. കൂട്ടായ്മയെ ബന്ധപ്പെടുന്നതിന് ഇമെയിൽ അയയ്ക്കുക:
[email protected].
പൂമ കപ്പ് ഏപ്രിൽ 12ന്
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 12ന് സ്പാനിഷ് ക്ലബ് ഓഫ് ഡബ്ല്യുഎ, 48 ബേക്കർ കോർട്ട്, ഫാരിംഗ്ടൺ റോഡ്, നോർത്ത് ലേക്ക് ഡബ്ല്യുഎ 6064ൽ വച്ച് നടക്കും
പെർത്തിലെ മലയാളികൾകിടയിൽ നടക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് ഇത്. 35 ടീമുകൾ ആറ് വിവിധ വിഭാഗങ്ങളിലായി ഏറ്റുമുട്ടും. ഒറ്റദിവസം നടക്കുന്ന 51 മത്സരങ്ങൾക്കായി 350 അധികം കളിക്കാർ വിവിധ ക്ലബുകൾക്കു കീഴിൽ നിരന്തര പരിശീലനത്തിലാണ്.
പെർത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും മത്സരങ്ങൾ കാണാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മെല്ബണില് അലുമ്നി ചാപ്റ്ററുമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
ബംഗളൂരു: ഓസ്ട്രേലിയയിലെ മെല്ബണില് അലുമ്നി ഫൗണ്ടേഷന് ചാപ്റ്റര് ആരംഭിക്കാന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. ഏപ്രില് 12നാണ് ചാപ്റ്ററിന്റെ ഉദ്ഘാടനം. ആഗോളതലത്തില് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രവര്ത്തനവും പ്രാധാന്യവും കൂടുതല് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അലുമ്നി ശൃംഖല കൂടുതല് വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് രജിസ്ട്രാര് ഡോ. ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സിഡ്നി, അഡ്ലയ്ഡ്, കാന്ബെറ, ബ്രിസ്ബേന്, പെര്ത്ത് എന്നിവയുള്പ്പെടെ ഓസ്ട്രേലിയയില് ഉടനീളമുള്ള ക്രൈസ്റ്റിന്റെ പൂര്വവിദ്യാര്ഥികള് തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കാന് മെല്ബണ് ചാപ്റ്റര് വഴിതെളിക്കും.
ഇന്ത്യയിലും അന്തര്ദേശീയ തലത്തിലും ചാപ്റ്ററുകള് ആരംഭിച്ച് ആഗോളതലത്തില് അലുമ്നി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2024 നവംബര് ഒന്പതിന് ന്യൂയോര്ക്കില് നോര്ത്ത് അമേരിക്ക അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ദുബായില് മിഡില് ഈസ്റ്റ് അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ആരംഭിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പൂര്വവിദ്യാര്ഥികള്ക്കിടയില് തുടര് പഠനത്തിനും തൊഴില് വികസനത്തിനും കൂടുതല് പരസ്പര സഹകരണങ്ങള്ക്കുമുള്ള വേദി സൃഷ്ടിക്കുകയാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
കൂടുതല് വിവരങ്ങള്ക്ക്: alumni.australia@ christuniversity.in
കനത്ത ചൂട്; ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ കടുത്ത ചൂടിനെത്തുടർന്ന് പാക് വംശജനായ ക്രിക്കറ്റര് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഡ്ലെയ്ഡിലെ കോണ്കോര്ഡിയ കോളജിൽ പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. ജുനൈദ് സഫര് ഖാന് ആണ് മരിച്ചത്.
പ്രിന്സ് ആല്ഫ്രഡ് ഓള്ഡ് കോളജിയന്സും ഓള്ഡ് കോണ്കോര്ഡിയന്സും തമ്മിലുള്ള മത്സരത്തിൽ ജുനൈദ് 40 ഓവര് ഫീല്ഡ് ചെയ്യുകയും ഏഴ് ഓവര് ബാറ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് താരം പിച്ചില് കുഴഞ്ഞുവീണത്. 41.7 ഡിഗ്രി സെല്ഷ്യസ് ആയിരുന്നു പ്രദേശത്തെ താപനില.
2013-ല് പാക്കിസ്ഥാനിൽ നിന്നു കുടിയേറിയ ജുനൈദ്, ഓസ്ട്രേലിയയില് ഐടി രംഗത്ത് ജോലിചെയ്തുവരികയായിരുന്നു.
ജീനു ചാക്കോ ക്യൂൻസ്ലൻഡിൽ അന്തരിച്ചു
ക്യൂൻസ്ലൻഡ്: കോട്ടയം പാറത്തോട് വടക്കേടത്ത് പ്രഫ. മോഹൻ വി. ജേക്കബിന്റെ ഭാര്യ ജീനു ചാക്കോ (53) ഓസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഓസ്ട്രേലിയയിൽ.
പരേത മീനടം ചക്കാലക്കുഴിയിൽ കുടുംബാംഗം. മക്കൾ: ഡോ. ജുലിയ, എലൈസ.