സിപിഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം കോണ്‍ഗ്രസിൽ ചേർന്നു
Wednesday, October 22, 2025 11:47 PM IST
പത്തനംതിട്ട: സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി.ജെ. ജോണ്സണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നടപടി നേരിട്ട നേതാവാണ് പി.ജെ.ജോണ്സണ്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയെ വിമര്‍ശിച്ച് ജോണ്സണ് പോസ്റ്റിട്ടത്. മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും വീണാ ജോർജിന് യോഗ്യതയില്ല എന്നായിരുന്നു പോസ്റ്റ്.
ഇതിനെ തുടര്‍ന്ന് ജോണ്‍സനെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ അദ്ദേഹം പാർട്ടി വിടുകയായിരുന്നു. കോൺഗ്രസിൽ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി.ജെ.ജോണ്സണ് പറഞ്ഞു.