NRI
ലണ്ടൻ: കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "അഭിനയ - ദ ആർട്ട് ഓഫ് ത്രൂ ഡാൻസ്' എന്ന പ്രത്യേക നൃത്തപരിശീലന ശിൽപശാലയുടെ ആദ്യ പരിപാടി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നോട്ടിംഗ്ഹാമിൽ നടക്കും.
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താത്പര്യമുള്ളവർക്കും നൃത്തകലയിലെ അഭിനയസങ്കേതങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
യുകെയിലെ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും അഭിനേത്രിയുമായ ജിതാ രാജ് (എംഎ ഭരതനാട്യം) ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
സംസ്കൃതി കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ നേതൃത്വത്തിലുള്ള ജിതാ രാജിന്റെ അനുഭവസമ്പത്തും പ്രായോഗിക പരിശീലനവും ശിൽപശാലയ്ക്ക് നേതൃത്വം നൽകും.
നൃത്തത്തിലൂടെ വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥകൾ എന്നിവ പ്രേക്ഷകരിലേക്ക് മനോഹരമായും അർഥവത്തായും ഫലപ്രദമായും എത്തിക്കുന്നതിനുള്ള വിവിധ അഭിനയസങ്കേതങ്ങളിൽ പരിശീലനം നൽകുകയാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യം.
മുഖഭാവങ്ങൾ, ആംഗിക ചലനങ്ങൾ, നേത്രാഭിനയം, ശരീരഭാഷ തുടങ്ങിയ അഭിനയഘടകങ്ങളുടെ പ്രാധാന്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെയും അവതരണങ്ങളിലൂടെയും പരിചയപ്പെടുത്തും.
നൃത്താവതരണങ്ങളിൽ അഭിനയത്തിനുള്ള പ്രാധാന്യം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും, സ്വന്തം കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ആത്മവിശ്വാസത്തോടെയും മികച്ച അവതരണശേഷിയോടെയും വേദിയിൽ പ്രകടനം കാഴ്ചവയ്ക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് ഈ ശിൽപശാല സവിശേഷമായൊരു പരിശീലനാനുഭവമായിരിക്കും.
പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ
പരിപാടി: ABHINAYA - The Art of Expression Through Dance. തീയതി: നവംബർ 22, ഞായറാഴ്ച. സമയം: ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ. പരിശീലക: ജിതാ രാജ്.
വേദി: St. Timothy’s Church and Community Centre, Daybrook, Nottingham, NG5 6BX.
NRI
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന അഭിഷേകാഗ്നി ബെെബിൾ കൺവൻഷൻ (മലയാളം) ഈ മാസം 28ന് ബ്ലെസഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ബൈബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
NRI
വെയിൽസ്: യുകെയിലെ വെയിൽസിൽ മകളുടെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കളോടൊപ്പം ചെലവഴിക്കാൻ രണ്ടുമാസം മുൻപാണ് ആൻസിയും ഭർത്താവും യുകെയിലെത്തിയത്.
ആൻസിയുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതം നൽകി.
NRI
ഫ്രാങ്ക്ഫര്‍ട്ട്: ലുഫ്താന്‍സ വിമാനത്തില്‍ ജീവനക്കാരന് ആകാശമധ്യേ ജീവന് ഭീഷണിയായ തരത്തില്‍ ഗുരുതര അലര്‍ജി ബാധിച്ചതിനെ തുടര്‍ന്ന് വിമാനം സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ അടിയന്തരമായി നിലത്തിറക്കി.
ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറക്കുകയായിരുന്ന എൽഎച്ച് 687 എന്ന ലുഫ്താന്‍സ എയര്‍ബസ് എ321 വിമാനത്തിലാണ് അടിയന്തര സാഹചര്യം ഉണ്ടായത്.
നാടകീയ നിമിഷങ്ങള്‍
യാത്രയ്ക്കിടെ വിമാനത്തിലെ ക്രൂ അംഗങ്ങളിലൊരാള്‍ അറിയാതെ എള്ള് അടങ്ങിയ ഭക്ഷണം കഴിച്ചതാണ് അപകടത്തിന് കാരണമായത്. ഈ ഭക്ഷണപദാര്ഥത്തോട് ജീവനക്കാരന് അതികഠിനമായ അലര്‍ജി ഉണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് മിനിറ്റുകള്‍ക്കകം ഇയാള്‍ക്ക് ശ്വാസതടസവും കുഴഞ്ഞുവീഴ്ചയും ഉള്‍പ്പെടെയുള്ള ഗുരുതരമായ അലര്‍ജിക് ഷോക്ക് അനുഭവപ്പെട്ടു. അടിയന്തര പ്രതിരോധത്തിനുള്ള എപ്പിപെന്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഈ സമയം വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ഡോക്ടര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി കിറ്റില്‍ നിന്ന് അദ്ദേഹം അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ നല്കി രോഗിയുടെ നില താത്കാലികമായി നിയന്ത്രണത്തിലാക്കി.
അടിയന്തര ലാന്‍ഡിംഗ്
ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്കുന്നതിനിടയില് പൈലറ്റുമാര്‍ വിമാനം സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ലാന്‍ഡ് ചെയ്തു. റണ്‍വേയില്‍ സജ്ജമായിരുന്ന ആംബുലന്‍സ് സംഘം ജീവനക്കാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ ജീവന് രക്ഷിക്കാന്‍ അവസരോചിതമായി ഇടപെട്ട ഡോക്ടര്‍ക്ക് എയര്‍ലൈന്‍സും യാത്രക്കാരും നന്ദി അറിയിച്ചു.
രോഗബാധിതനായ ജീവനക്കാരന് പകരമായി മറ്റൊരു ക്രൂവിനെ ബെല്‍ഗ്രേഡിലേക്ക് എത്തിക്കേണ്ടിവന്നതിനാലും ബെല്‍ഗ്രേഡില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിയാത്തതിനാല്‍ വിയന്നയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കേണ്ടി വന്നതിനാലും മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ലുഫ്താന്‍സ അധികൃതര്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കി.
NRI
വാലെറ്റ: മാൾട്ട സർക്കാരിന്റെ 2027ലെ ബജറ്റ് നിർദേശങ്ങളിൽ ആശങ്കയറിയിച്ച് വിദേശ തൊഴിലാളികളും പ്രവാസി സംഘടനകളും സംഘടിപ്പിക്കുന്ന സമാധാന പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച തലസ്ഥാനമായ വാലെറ്റയിൽ നടക്കും.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തേർഡ് കൺട്രി നാഷണൽസ് (ടിസിഎൻഎസ്) പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സമാധാന കൂട്ടായ്മകളിലൊന്നായി പരിപാടി മാറുമെന്നാണ് വിലയിരുത്തൽ. അക്രമങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ സമാധാനപരമായി ഒത്തുചേർന്ന് തങ്ങളുടെ ആശങ്കകൾ അധികാരികളെ അറിയിക്കുകയാണ് ലക്ഷ്യം.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ ബാധിക്കുന്നതാണ് പുതിയ ബജറ്റ് നിർദേശങ്ങളെന്നാണ് പ്രവാസി സംഘടനകളുടെ ആരോപണം.
ഏകദേശം അഞ്ചര ലക്ഷം ജനസംഖ്യയുള്ള മാൾട്ടയിൽ ഒന്നര ലക്ഷത്തോളം വിദേശ തൊഴിലാളികളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും ടൂറിസം മേഖലയിലും നിർണായക പങ്കുവഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയന്ത്രണങ്ങൾ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ആശങ്ക.
പ്രധാന ആശങ്കകൾ
വർക്ക് പെർമിറ്റ് അപേക്ഷാ ഫീസ് 600 യൂറോയിൽനിന്ന് 800 യൂറോയായി ഉയർത്തിയതാണ് പ്രധാന നിർദേശം. ഇതിനു പുറമെ പുതിയ അപേക്ഷകർക്കും പെർമിറ്റ് പുതുക്കുന്നവർക്കും പ്രതിവർഷം 400 യൂറോ ഇൻഫ്രാസ്ട്രക്ചർ സംഭാവന ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം രാജ്യക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ പൊതുഗതാഗതം, സൗജന്യ ശിശുപരിപാലനം, പ്രത്യേക ജോലി സമയങ്ങളുമായി ബന്ധപ്പെട്ട ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒഴിവാക്കാനുള്ള നിർദേശവും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും വർധിപ്പിക്കുന്നതും പ്രവാസികളെ ബാധിക്കും.
പ്രതിമാസം 83 യൂറോ വരെയുള്ള അധിക ഫീസുകൾ ഏർപ്പെടുത്താനുള്ള നിർദേശവും വിദേശ വിദ്യാർഥികളുടെ റെസിഡൻസ് പെർമിറ്റ് ഫീസ് വർധനവും പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.
നിരവധി മലയാളി കുടുംബങ്ങളും വിദ്യാർഥികളും തൊഴിലാളികളും താമസിക്കുന്ന മാൾട്ടയിൽ പുതിയ നിർദേശങ്ങൾ ജീവിതച്ചെലവ് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നും വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.
നിയമപരമായ മാർഗങ്ങളിലൂടെയും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയമെത്തിച്ചും തങ്ങളുടെ ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
സമാധാനപരമായ ജനകീയ ഇടപെടലിലൂടെ സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാൾട്ടയിലെ പ്രവാസി സമൂഹം.